63 വർഷം കാത്തിരുന്നു; സ്കൂൾ ക്രഷിനോട് പ്രണയം തുറന്നപറഞ്ഞത് 78ാം വയസ്സിൽ! ഇനി വിവാഹം
പ്രേമത്തിന് കണ്ണും മൂക്കുമൊന്നും ഇല്ലെന്ന് പറയാറില്ലേ..ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും പ്രണയം തോന്നാം. ആദ്യ കാഴ്ചയിൽ തോന്നാം, ഒരുപാട് കാലം സുഹൃത്തുക്കളായിരുന്ന ശേഷം പ്രണയത്തിലേക്ക് വീഴാം. ഒരു നിർവചനത്തിനുള്ളിൽ ഒതുക്കാനാവാത്ത വികാരമാണ് പ്രണയം.
നിങ്ങൾ നിങ്ങളുടെ പ്രണയം സഫലമാകാൻ എത്ര കാലം കാത്തിരിക്കും? അത് ഓരോ വ്യക്തിക്ക് അനുസരിച്ചിരിക്കുമല്ലേ... ജീവിതം കാലം മുഴുവൻ നഷ്ടപ്രണയത്തിന്റെ പേരിൽ സങ്കടപ്പെട്ട് ജീവിക്കുന്ന മനുഷ്യരുണ്ട്.. ഇനി പറയാൻ പോകുന്നത് 63 വർഷങ്ങൾക്ക് ശേഷം തന്റെ പ്രണയം പറഞ്ഞ 78കാരനെക്കുറിച്ചാണ്.

സ്‌കൂളിൽ വെച്ചായിരുന്നു അദ്ദേഹത്തിന് പ്രണയം തോന്നിയത്. ആ പ്രണയം തുറന്നുപറയാൻ ഇദ്ദേഹം കാത്തിരുന്നത് 63 വർഷമായിരുന്നു.
തോമസ് മക്മീകിൻ ആണ് തന്റെ സ്‌കൂൾ ക്രഷ് ആയിരുന്ന നാൻസി ഗാംബെല്ലിനോട് പ്രണയം തുറന്നുപറയുകയും വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തത്. ഇവരുടെ പ്രണയാഭ്യർത്ഥനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
ടാമ്പ ഇന്റർനാഷണൽ എയർപോർട്ടിൽ വെച്ചാണ് മനോഹരമായ സംഭവം നടന്നത്. തോമസ് അക്ഷമനായി നാൻസിയെ കാത്തുനിൽക്കുകയാണ്. ഒടുവിൽ വിമാനം ഇറങ്ങി നാൻസി വരികയാണ്. തോമസിന്റെ മുഖത്ത് സന്തോഷം നിറഞ്ഞുനിൽക്കുന്നു. നാൻസിയെ സ്വീകരിച്ച ശേഷം ഇവർ പരസ്പരം ചുംബിക്കുന്നു.
പിന്നീട് അവർ ഒരുമിച്ച് മുന്നോട്ടുനടന്നുപോവുകയാണ്. അതിന് ശേഷം തോമസ് നാൻസിയെ ഒരിടത്ത് സമാധാനമായി ഇരുത്തുന്നു. പിന്നീടാണ് തന്റെ മനസ്സ് തുറക്കുന്നത്.
മുട്ടിലിരുന്ന ശേഷമാണ് പ്രണയം പറഞ്ഞ് നാൻസിയെ തോമസ് പ്രൊപ്പോസ് ചെയ്യുന്നത്. 63 വർഷമായി മനസ്സിൽ കൊണ്ടുനടന്ന ആ പ്രണയം അയാൾ തന്റെ പ്രണയിനിയോട് തുറന്നുപറഞ്ഞപ്പോൾ അവർക്ക് ചുറ്റിലും ഉണ്ടായിരുന്ന യാത്രക്കാർക്കും ഏറെ സന്തോഷമായി.
തോമസിൻറെ പ്രണയം നാൻസി മനസിലാക്കുക തന്നെ ചെയ്തു. ഇതോടെ മതിമറന്ന് തോമസ് പൊട്ടിച്ചിരിക്കുകയാണ്. ഇതോടെ മറ്റ് യാത്രക്കാർ ഇവരെ അഭിനന്ദിച്ചു. സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇപ്പോൾ വൈറൽ ആണ്. നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്.
മുൻകൂട്ടി വിവാഹാശംസകൾ നേർന്നവർ വിവാഹത്തിന് ക്ഷണിക്കുമോ എന്നും ചോദിക്കുന്നു. എങ്ങനെയാണ് ഇത്രയും കാലം പ്രണയം ഉള്ളിൽ വെച്ച് നിങ്ങൾ കഴിഞ്ഞതെന്നാണ് തോമസിനോട് ആളുകൾ ചോദിക്കുന്നത്.
ഇപ്പോൾ നിങ്ങൾ എത്രമാത്രം സന്തോഷിക്കുന്നുണ്ടാവും എന്ന് ഊഹിക്കാൻ പോലും കഴിയുന്നില്ലെന്നാണ് മറ്റ് ചിലർ പറയുന്നത്. 63 വർഷം നിങ്ങൾ അവരോട് പറയാതെ പ്രണയിച്ചു, ഇനി ഒരുമിച്ച് പ്രണയിച്ചു ജീവിക്കു എന്നാണ് മറ്റൊരാളുടെ കമന്റ്.
വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications