മകൻ കട്ടയ്ക്കൊപ്പം നിന്നു; 72 കാരൻ രവീന്ദ്രൻ പാെന്നമ്മയെ താലിചാർത്തി; വൈറലായി വീഡിയോ
ജീവിത പങ്കാളി മരണപ്പെട്ട് പോയാൽ ശേഷിക്കുന്ന വ്യക്തി അനുഭവിക്കേണ്ടി വരുന്ന ആ ഒരു ഏകാന്തതയും ശ്യൂനതയും ആർക്കും പറഞ്ഞാൽ മനസ്സിലാവില്ല. ഉള്ളുതുറന്ന് സംസാരിക്കാൻ ഒരാളില്ലാതെ വിങ്ങിനീറുന്ന അവസ്ഥ. പ്രായമായ ആളുകളെയാണ് ഇത് കൂടുതൽ ബാധിക്കുക. ചുറ്റിലും ഉള്ള ആളുകൾ എന്ത് പറയുമെന്നോർത്ത് ജീവിതത്തിലേക്ക് മറ്റൊരാളെ ക്ഷണിക്കാൻ പോലും പറ്റാത്ത ഒരു അവസ്ഥയായിരിക്കും.
എന്നാൽ കട്ടയ്ക്ക് നിൽക്കുന്ന മക്കൾ ഉണ്ടെങ്കിൽ ജീവിതം തന്നെ മാറിമറിയും. 72 വയസ്സുകാരനായ രവീന്ദ്രൻ ചേട്ടന്റെ ജീവിതം മാറിയത് പോലെ. ഏഴ് വർഷം മുമ്പാണ് രവീന്ദ്രന്റെ ഭാര്യ മരിക്കുന്നത്.. ഇപ്പോൾ 63 കാരിയായ പൊന്നമ്മ ഇദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വന്നിരിക്കുകയാണ്. അങ്ങനെ അഞ്ചുതൈയ്ക്കൽ എൻ കെ രവീന്ദ്രനും, കഞ്ഞിക്കുഴി കരിക്കാട്ടിൽ പൊന്നമ്മയും പൂഞ്ഞിലിക്കാവ് കാവുങ്കൽ ദേവിക്ഷേത്രത്തിൽ വച്ച് വിവാഹിതരായി.

പൊന്നമ്മയുടെ ഭർത്താവ് ഒരു വർഷം മുമ്പാണ് മരിക്കുന്നത്. പങ്കാളി നഷ്ടപ്പെട്ടുപോയ വേദനയിൽ കഴിഞ്ഞ രണ്ട് മനുഷ്യർക്ക് പുതിയ ജീവിതം ലഭിച്ചിരിക്കുകയാണ്. 'എനിക്ക് സന്തോഷമാണ്.എനിക്ക് ആരും ഇല്ലാത്തതാണ്' എന്നാണ് വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ പൊന്നമ്മ പറഞ്ഞത്.
തന്റെ ഭാര്യ മരിച്ച ശേഷം ചെറിയ ബിസിനസുമായി മുന്നോട്ടു പോവുകയായിരുന്നു രവീന്ദ്രൻ. രവീന്ദ്രന്റെ മകൻ രാജേഷ് പ്ലമ്പിംഗ് പണിക്കായി പൊന്നമ്മയുടെ വീട്ടിൽ എത്തിയതാണ് ഇവരുടെ ജീവിതത്തിൽ വഴിത്തിരിവായത്.
പൊന്നമ്മയുടെ ഒറ്റപ്പെട്ട ജീവിതം കണ്ട രാജേഷ് അച്ഛന് കൂട്ടായി പൊന്നമ്മയെ ആലോചിക്കുകയായിരുന്നു. അച്ഛൻ മുമ്പ് അമ്മയെ നോക്കിയത് പോലെ നോക്കാൻ ഒരാള് വേണ്ടെ എന്നാണ് രവീന്ദ്രനോട് മകൻ ചോദിച്ചത്. അങ്ങനെ മകന്റെയും മരുമകളുടെയും സുഹൃത്തുക്കളുടെയും മുന്നിൽ വെച്ച് പൊന്നമ്മയെ ജീവിതത്തിലേക്ക് കൊണ്ടുവന്നു.
ഒരു മകൻ പെൺകുട്ടിയെ വിളിച്ചുകൊണ്ട് വരുമ്പോൾ അച്ഛൻമാർ സ്വീകരിക്കുന്നില്ലേ, അതുപോലെ ഞാനും സ്വീകരിക്കുന്നു. എന്നാണ് രവീന്ദ്രന്റെ മകൻ രാജേഷിന് പറയാനുള്ളത്.
വൈകിയുള്ള വിവാഹത്തെക്കുറിച്ച് ചോദിക്കുമ്പോൾ 72 എന്നുള്ളത് ഒരു പ്രായമാണോ എന്നാണ് രവീന്ദ്രൻ ചോദിക്കുന്നത്. ഹണിമൂൺ എവിടെയാണ് എന്ന ചോദ്യത്തിന് അതൊക്കെ ഇവിടെ തന്നെ ഇതെല്ലാം കഴിഞ്ഞ് ഞങ്ങളങ്ങ് പോവും എന്നും രവീന്ദ്രൻ പറയുന്നു. ഭൂമിയിൽ ആണ് സ്വർഗം എന്നും ആ രീതിയിൽ തന്നെ ജീവിക്കണം എന്നാണ് ആഗ്രഹം എന്നും രവീന്ദ്രൻ പറയുന്നു.












Click it and Unblock the Notifications