'ബന്ധുക്കളെ മിസ് ചെയ്ത് കിളിപോയി നില്‍ക്കുമ്പോഴാണ് ഇങ്ങനൊരു ഇടി'; വൈറല്‍ വീഡിയോയിലെ വധു പറയുന്നു
പാലക്കാട്: സോഷ്യല്‍ മീഡിയയില്‍ വൈറല്‍ വീഡിയോകള്‍ക്ക് പഞ്ഞമില്ലാത്ത കാലമാണ് ഇത്. പല സ്ഥലങ്ങളിലേയും കാഴ്ചകള്‍ ആളുകളിലേക്കെത്താന്‍ ഇന്ന് നിമിഷനേരം പോലും വേണ്ട. ഇത്തരത്തില്‍ ഇന്‍സ്റ്റഗ്രാം റീലുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ വിവാദമായ ഒരു വീഡിയോയായിരുന്നു പാലക്കാട്ടേ ഒരു വിവാഹ ചടങ്ങിന്റേത്. വരനും വധുവും വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് കയറാനിരിക്കുമ്പോള്‍ രണ്ട് പേരുടേയും തല കൂട്ടിയിടിപ്പിക്കുന്ന ചടങ്ങാണ് വിമര്‍ശനം വരുത്തി വെച്ചത്.
പാലക്കാട് പല്ലശ്ശനയില്‍ നടന്ന ഒരു വിവാഹമാണ് വിവാദത്തിന് വഴിവെച്ചത്. പല്ലശ്ശന സ്വദേശിയായ സച്ചിനും കോഴിക്കോട് മുക്കം സ്വദേശിയായ സജ്‌ലയും തമ്മിലുള്ള വിവാഹത്തിന്റെ വീഡിയോയാണ് വൈറലായതും പിന്നീട് വിവാദത്തിലായതും. വരന്റെ വീട്ടിലേക്ക് വലതുകാല്‍ വച്ച് കയറാനെത്തിയ വധുവിന്റെ തല പ്രാദേശിക ആചാരത്തിന്റെ പേര് പറഞ്ഞ് വരന്റെ തലയുമായി കൂട്ടിയിടിപ്പിക്കുകയായിരുന്നു.

അപ്രതീക്ഷിതമായ ഇടിയില്‍ സജ്‌ല ഞെട്ടുന്നതും സങ്കടവും ദേഷ്യവും കാരണം കരഞ്ഞ് കൊണ്ട് വീട്ടിലേക്ക് കയറിപ്പോകുന്നതും കാണാം. 'അതാണ് തലമുട്ടല്, കൊഴപ്പോല്ല കൊഴപ്പോല്ല' എന്നാണ് സമീപത്തുള്ളവര്‍ ഈ സമയത്ത് പറയുന്നത്. എന്നാല്‍ ഇടിയുടെ ആഘാതത്തില്‍ തന്റെ തലക്കേറ്റ വേദനയും നീരും ഇനിയും മാറിയിട്ടില്ലെന്നും സജ്‌ല പറയുന്നു, ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സജ്‌ലയുടെ പ്രതികരണം.
സജ്‌ലയുടെ വാക്കുകള്‍
'ഏട്ടന്റെ (ഭര്‍ത്താവിന്റെ) അനിയത്തി പറയുന്നുണ്ട് ചേച്ചിക്ക് ഇതൊന്നും ഇഷ്ടമല്ല എന്ന്. ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും. നേരത്തെ പറഞ്ഞത് കൊണ്ട് ഇനി ഉറപ്പായിട്ടും ഇടിയില്ല എന്ന് കരുതിയിരിക്കുകയായിരുന്നു. വീട്ടുകാരെ മിസ് ചെയ്ത് കിളി പോയി ആകെ ടെന്‍ഷനില്‍ ആണ് നില്‍ക്കുന്നത്. ആ സമയത്ത് എനിക്ക് സത്യം പറഞ്ഞാല്‍ ഇടിക്കും എന്ന് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കുന്നില്ല.
ഏട്ടന്റെ തല ഒരു വശത്ത് നിന്ന് തട്ടുമ്പോള്‍ തന്നെ മറുവശം ഭിത്തിയിലും തട്ടുന്നുണ്ട്. അത്രയും ഫീല്‍ ആയത് കൊണ്ടാണ് കരഞ്ഞത് ഞാന്‍ ആരുടെ മുന്നിലും കരയാത്തൊരാളാണ്. ഇടി കിട്ടിയപ്പോള്‍ എവിടെയാണെന്ന് പോലും എനിക്ക് മനസിലാകുന്നില്ല. അല്ലെങ്കില്‍ ഞാന്‍ തന്നെ അങ്ങേരുടെ അടുത്ത് ചീത്ത പറഞ്ഞിട്ടുണ്ടാകും. നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്.
ഞാന്‍ ഇത്രയും കഷ്ടപ്പെട്ട് കാട്ടിക്കൂട്ടി വന്നതേ സന്തോഷത്തോടെ വീട്ടിലേക്ക് കയറാനാണ്. എന്റെ അനുഭവം ഇനി വേറൊരു പെണ്‍കുട്ടിക്കും ആ നാട്ടില്‍ ഉണ്ടാകരുത്. കാരണ് അത്രത്തോളം വേദനയുണ്ട് അതിന്,' സജ്‌ല പറയുന്നു. അതേസമയം വീടിന് അടുത്തുള്ളയാളാണ് ഈ പ്രവൃത്തി കാണിച്ചത് എന്ന് സച്ചിന്‍ പറയുന്നു. പല്ലശ്ശന ഭാഗത്ത് ഇങ്ങനെ ഒരു ആചാരം ഉണ്ട് എന്നാണ് പറയുന്നതെന്നും പക്ഷെ താനത് ഇതുവരെ കണ്ടിട്ടില്ലെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications