പക്ഷികൾക്കിടയിലും വിവാഹമോചനം! കാരണം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും
തമ്മിൽ പൊരുത്തപ്പെട്ട് പോകില്ലെന്ന് ഉറപ്പായാൽ പരസ്പര സമ്മതത്തോടെ ബന്ധം വേർപിരിയുന്ന ദമ്പതികൾ ഇപ്പോൾ കൂടുതലാണ്. ഒരുമിച്ചുള്ള ജീവിതം നല്ല രീതിയിൽ പോവില്ലെന്ന് പൂർണമായും ഉറപ്പായാൽ ആരും കഷ്ടപ്പെട്ട് വിവാഹ ബന്ധത്തിൽ ഇപ്പോൾ തൂങ്ങിനിൽക്കാറില്ല.
അതുകൊണ്ട് താരതമ്യേന വിവാഹമോചനങ്ങളുടെ എണ്ണവും കൂടുതലാണ്. എന്നാൽ മനുഷ്യന്മാർക്കിടയിൽ മാത്രമാണോ ഈ വിവാഹ മോചനങ്ങൾ ഉണ്ടാവുന്നത്? പക്ഷികൾ വിവാഹം മോചിതരാവാറുണ്ടോ?

ഉണ്ട് എന്ന് പറഞ്ഞാൽ തെറ്റ് പറയാൻ പറ്റില്ല. എല്ലാ ജീവികൾക്കിടയിലും ഇണകൾക്കിടയിൽ വേർപിരിയൽ നടക്കാറുണ്ടെന്നാണ് പറയുന്നത്. പക്ഷികൾക്കിടയിൽ ഈ വേർപിരിയലിന്റെ എണ്ണം വർദ്ധിക്കുന്നതായാണ് ഗവേഷകർ പറയുന്നത്. ഇതിനുള്ള കാരണവും ഇവർ വ്യക്തമാക്കുന്നുണ്ട്.
പക്ഷികളുടെ വിവാഹം മോചനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു ബ്രീഡിംഗ് ജോഡിയിലെ രണ്ട് പക്ഷികളും അടുത്ത ബ്രീഡിംഗ് സീസൺ വരെ ജീവിച്ചിരിക്കുകയും എന്നാൽ ഇവ ഒരുമിച്ച് ജീവിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്.
ഈ സമയത്ത് തന്നെ മറ്റ് പങ്കാളികളെ കണ്ടെത്തുകയും ചെയ്യുന്നു. ചുരുക്കി പറഞ്ഞാൽ പ്രജനന കാലം കഴിയുന്നതോടെ പക്ഷികൾ പങ്കാളികളെ മാറ്റുന്നു. റോയൽ സാസൈറ്റി ബി ജേണലിലാണ് അസാധാരണമായ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 232 പക്ഷികളിലാണ് പഠനം നടത്തിയത്.
സാധാരണ ഭൂരിഭാഗം പക്ഷി ഇനങ്ങളും അവയുടെ ഇണയ്‌ക്കൊപ്പം ജീവിതകാലം മുഴുവൻ ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ പല കാരണങ്ങളാൽ ഇവർ പകുതിയിൽ വെച്ച് ബന്ധം വേർപിരിയുന്നു.
പക്ഷികളിൽ ഇത്തരം വേർപിരിയലുകൾക്ക് പിന്നിൽ പല കാരണങ്ങളാണ്. ഇണപ്പക്ഷികളിലൊന്ന് കൂട് വിട്ട് ദൂരെയുള്ള പ്രദേശങ്ങളിലേക്ക് പോകുമ്പോൾ പക്ഷികൾ മറ്റൊരു ഇണയെ തിരഞ്ഞെടുക്കും. അതുപോലെ തന്നെ ഇണപ്പക്ഷികളിൽ ഒന്ന് ചത്തുപോകുമ്പോഴാണ് മറ്റൊരു ഇണയെ കണ്ടെത്തുന്നത്.
ചില പക്ഷികൾ പ്രത്യുല്പാദനത്തിന് വേണ്ടി മറ്റൊരു ഇണയെ തേടിപ്പോകുന്നു. അതായത് ആൺപക്ഷികൾ ഒന്നിലധികം പെൺപക്ഷികളുമായി ബന്ധമുണ്ടാക്കും. ഒന്നിലധികം പെൺപക്ഷികളുമായി ഇണചേരുന്നതിലൂടെ പുരുഷ പക്ഷിക്ക് തന്റെ ശാരീരികക്ഷമത വർദ്ധിപ്പിക്കാൻ കഴിയും.
അതുപോലെ തന്നെ ദേശാടനത്തിന് പോയ പക്ഷികൾ പ്രജനന കാലം എത്തുമ്പോൾ കൂട്ടിലേക്കു തിരിച്ചുവരും. അങ്ങനെ വരുമ്പോൾ ആദ്യം എത്തുന്ന പക്ഷി ആദ്യത്തെ ഇണയെ കാത്തുനിൽക്കാതെ മറ്റ് പക്ഷിയുമായി ഇണചേരുന്നുതും വേർപിരിയാൻ കാരണമാകുന്നു.












Click it and Unblock the Notifications