റോഡ് അപകടം കുറയ്ക്കാൻ പുതിയ ടെക്നിക്കുമായി ചൈന; ഹൈവേയിൽ 'ലേസർ ഷോ'; വീഡിയോ വൈറൽ
റോഡ് അപകട വാർത്തകൾ കേൾക്കാത്ത ദിവസങ്ങൾ കുറവായിരിക്കും. എന്നും ഓരോ വാർത്തകൾ നമ്മൾ കേൾക്കാറുണ്ട്. അപകടങ്ങൾക്ക് കാരണങ്ങൾ പലതാണ്. റോഡ് നിയമം പാലിക്കാത്തതും, അമിത വേഗതയും ഡ്രൈവിംഗിനിടെ ഉറക്കവും ഒക്കെ ഇതിൽ പെടുന്നു. ഒരുപാട് ദൂരമൊക്കെ യാത്ര ചെയ്യുമ്പോൾ ക്ഷീണം കൊണ്ട് ഡ്രൈവർമാർ അറിയാതെ ഉറങ്ങിപ്പോകും.
ഉറങ്ങുകയാണ് എന്ന് മനസ്സിലാക്കുന്നതിന് മുമ്പായിരിക്കും അപകടം സംഭവിക്കുക. രാത്രി യാത്രയിലാണ് പ്രധാനമായും ഈ പ്രശ്നം ഉണ്ടാവുന്നത്. എന്താണ് ഈ ഉറക്കത്തിന് പരിഹാരം. ചൈനയിൽ ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. സംഭവം എന്താണെന്ന് അറിഞ്ഞാലോ.

PC: X
റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനുമുള്ള ശ്രമമായി, ഡ്രൈവർമാർ വാഹനത്തിൽ ഉറങ്ങുന്നത് തടയാൻ ചൈനീസ് അധികൃതർ ഒരു വഴി കണ്ടെത്തി. ഹൈവേകളിൽ ലേസർ സ്ഥാപിക്കുക. സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആളുകൾ അവരുടെ കാറുകൾ ഓടിക്കുന്ന സമയത്ത് ഹൈവേകളിൽ തിളങ്ങുന്ന ലൈറ്റുകൾ കാണിക്കുന്നു.
എക്‌സ് യൂസർ സയൻസ് ഗേൾ ആണ് ഇതിന്റെ വീഡിയോ ഷെയർ ചെയ്തത്. "ഒരു ചൈനീസ് ഹൈവേയിൽ ഡ്രൈവർമാർ ഉറങ്ങുന്നത് തടയാൻ ലേസർ ഉപയോഗിക്കുന്നു" എന്ന അടിക്കുറിപ്പോടെയാണ് അവർ വീഡിയോ പങ്കുവെച്ചത്.
ക്വിംഗ്‌ദാവോ-യിഞ്ചുവാൻ എക്‌സ്‌പ്രസ്‌വേയിൽ വെച്ചാണ് വീഡിയോ എടുത്തതെന്നും ഡ്രൈവറുടെ ക്ഷീണത്തെ ചെറുക്കാനാണ് ലൈറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും മറ്റൊരു പോസ്റ്റിൽ അവർ കൂട്ടിച്ചേർത്തു.
"Qingdao-Yinchuan എക്‌സ്‌പ്രസ്‌വേയിൽ പകർത്തിയ ഒരു വീഡിയോ, വാഹനങ്ങൾക്ക് മുകളിൽ ഊർജസ്വലമായ ലേസർ ലൈറ്റുകൾ പ്രദർശിപ്പിച്ചിരിക്കുന്നു. ക്ഷീണത്തെ ചെറുക്കാനായി രൂപകൽപ്പന ചെയ്‌ത ഈ ലേസർ ലൈറ്റുകൾ വാഹനം ഓടിക്കുന്ന ആളെ വേഗത്തിൽ പുനരുജ്ജീവിപ്പിക്കുകയും നീണ്ട രാത്രിയിൽ അവരുടെ ക്ഷീണം കുറയ്ക്കുകയും ചെയ്‌തതായി ക്യാമറയുടെ പിന്നിലുള്ള വ്യക്തി ലി പറഞ്ഞതായി യുവതി പോസ്റ്റിൽ പറയുന്നു.
പങ്കിട്ടതിന് ശേഷം, വീഡിയോ 63 ദശലക്ഷത്തിലധികം വ്യൂസും 23,000 റീപോസ്റ്റുകളും നേടി. നിരവധിപേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.
"നല്ല ലേസർ ഷോ. നൈറ്റ് ഹൈവേ വിനോദം," ഒരു ഉപയോക്താവ് പറഞ്ഞു. എന്നാൽ, ഇത് യഥാർത്ഥത്തിൽ നല്ല ആശയമല്ലെന്ന് ചില ഉപയോക്താക്കൾ പറഞ്ഞു. പെട്ടെന്ന് ഇത്തരം ലൈറ്റ് കണ്ണിലേക്ക് അടിക്കുമ്പോൾ അപകടത്തിന് കാരണം ആവില്ലെയെന്നാണ് മറ്റുചിലർ ചോദിക്കുന്നത്. ഇത് ശരിക്കും ഉള്ളതാണോ അല്ലെങ്കിൽ മറ്റ് വല്ലതും ആണോ എന്നും ചിലർ ചോദിക്കുന്നു.
വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications