ചികിത്സയ്ക്കായി എത്തിയ രോഗി ഫീസായി നല്‍കിയത് കള്ളനോട്ട്; ഡോക്ടറുടെ പ്രതികരണം ഇങ്ങനെ
ന്യൂഡല്‍ഹി: നോട്ടില്‍ പണികിട്ടുക എന്ന് കേട്ടിട്ടുണ്ടോ? എങ്കിലിതാ ഒന്നൊന്നര പണികിട്ടിയിരിക്കുകയാണ് ഒരു ഡോക്ടര്‍ക്ക്. ചികിത്സിക്കാന്‍ വന്ന രോഗി കൊടുത്തതാണ് ഈ പണി. ഫീസായി നല്‍കിയത് കള്ളനോട്ടാണ്. സാധാരണ കള്ളനോട്ട് കിട്ടിയാല്‍ നമ്മള്‍ പോലീസിനെ അറിയിക്കുകയാണ് ചെയ്യാറുള്ളത്. പക്ഷേ ഈ ഡോക്ടര്‍ അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഇതോടെ സംഭവം ആകെ വൈറലായിരിക്കുകയാണ്.
തനിക്ക് കള്ളനോട്ട് കിട്ടിയ കാര്യം മനന്‍ വോറയെന്ന ഡോക്ടര്‍ ത്രെഡ്‌സ് ആപ്പിലൂടെയാണ് അറിയിച്ചിരിക്കുന്നത്. അഞ്ഞൂറ് രൂപയുടെ നോട്ടാണ് ഫീസായി ചികിത്സയ്‌ക്കെത്തിയ ആള്‍ നല്‍കിയത്. അതേസമയം ദേഷ്യത്തോടെ പ്രതികരിക്കുന്നതിന് പകരം വളരെ രസകരമായിട്ടാണ് ഇക്കാര്യത്തില്‍ ഡോക്ടര്‍ പ്രതികരിച്ചത്. വളരെ തമാശ നിറഞ്ഞ ഈ കുറിപ്പാണ് വൈറലായിരിക്കുന്നത്. തനിക്ക് ലഭിച്ച 500 രൂപ നോട്ടിന്റെ ചിത്രം അദ്ദേഹം പങ്കുവെക്കുകയും ചെയ്തു.

സ്‌കൂള്‍ പ്രൊജക്ടിന് മാത്രമായി ഈ നോട്ട് ഉപയോഗിക്കാമെന്ന് തമാശ രൂപേണ അദ്ദേഹം കുറിക്കുകയും ചെയ്തു. തുടര്‍ന്നാണ് എന്ത് സംഭവിച്ചുവെന്ന് വോറ വ്യക്തമാക്കി. അടുത്തിടെ ഒരു രോഗി തന്നെ കാണാന്‍ വന്നിരുന്നു. കണ്‍സള്‍ട്ടേഷന്‍ ഫീസ് തന്റെ റിസപ്ഷനിസ്റ്റിനെ ഏല്‍പ്പിക്കുകയും ചെയ്തു. റിസപ്ഷനിസ്റ്റ് ആ നോട്ട് പരിശോധിച്ചില്ല. സത്യസന്ധമായി പറയുകയാണെങ്കില്‍, കള്ള നോട്ട് തരുമെന്ന് ആരും വിചാരിക്കില്ലെന്നും ഡോക്ടര്‍ പറഞ്ഞു.
തമാശ രൂപത്തില്‍ വഞ്ചിക്കപ്പെട്ടതിലുള്ള രോഷം ഡോക്ടര്‍ വോറ അറിയിക്കുകയും ചെയ്തു. താന്‍ പ്രതീക്ഷിക്കാത്ത കാര്യമാണ് നടന്നത്. ആളുകള്‍ ഏതറ്റം വരെയും പോകുമെന്ന് ഈയൊരു സംഭവത്തിലൂടെ മനസ്സിലായി. ഡോക്ടറെ പോലും തട്ടിപ്പിന് ഇരയാക്കുന്നത് ഇവര്‍ക്ക് പ്രശ്‌നമല്ലെന്നും വോറ പറഞ്ഞു. ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നത് ആ നോട്ട് തന്നയാള്‍ക്ക് ഇത് കള്ളനോട്ടാണെന്ന് അറിയുന്നുണ്ടാവില്ലെന്നാണ്. അറിയാതെ തനിക്ക് തന്നുപോയതാവാമെന്നും ഡോക്ടര്‍ വോറ പറഞ്ഞു.
എന്തായാലും ഈ സംഭവം തനിക്ക് ഒരുപാട് ചിരിക്കാനുള്ള അവസരമുണ്ടാക്കി. ഈ നോട്ട് ഞാന്‍ സൂക്ഷിച്ച് വെക്കുകയാണ്. കാരണം ചിരിക്കാനുള്ള ഓര്‍മയാണിത്. എന്നിരുന്നാലും 500 രൂപ എന്റെ കൈയ്യില്‍ നിന്ന് കൊള്ളയടിച്ചത് പോലെയാണെന്നും ഡോക്ടര്‍ കുറിച്ചു.നിരവധി പേരാണ് ഈ പോസ്റ്റിന് കമന്റുമായി എ ത്തിയത്. ഡോക്ടറെ ഇത്തരത്തില്‍ വഞ്ചിക്കുന്നത് രോഗിയുടെ ഭാഗത്ത് നിന്നുള്ള വലിയ വീഴ്ച്ചയാണെന്നും നിരവധി പേര്‍ കുറിച്ചിട്ടുണ്ട്.
വ്യാജ നോട്ട് തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്ന് ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഞങ്ങള്‍ ഇതിന് ചിരിക്കണോ അതോ നിങ്ങളോട് കരുണ കാണിക്കണോ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ചിലര്‍ നോട്ടുനിരോധന കാലത്ത് ആളുകള്‍ ഇതുപോലെ ക്ലിനിക്കില്‍ പണം നല്‍കിയ കാര്യങ്ങളും തമാശയായി ഓര്‍മിപ്പിച്ചു. എല്ലാവരും ജാഗ്രതയോടെ ഇരിക്കുന്നതാണ് നല്ലതെന്നും ചിലര്‍ കമന്റില്‍ ഓര്‍മിപ്പിച്ചു.












Click it and Unblock the Notifications