മങ്കി ഫൈറ്റ്! വാഴപ്പഴത്തിനായി കുരങ്ങന്മാർ തമ്മിൽ പൊരിഞ്ഞ അടി; ഒടുവിൽ ട്രെയിൻ വരെ പിടിച്ചിട്ടു, സംഭവിച്ചത്
കുരങ്ങനും കുരങ്ങനും അടികൂടി എന്ന കുട്ടിപ്പാട്ടൊക്കെ നമ്മൾ കേട്ടുകാണും. എന്നാൽ കുരങ്ങന്മാർ തമ്മിലുള്ള പൊരിഞ്ഞ അടി കണ്ടിട്ടുണ്ടോ! അതും ഒരു വാഴ പഴത്തിന്റെ പേരിൽ. അടി എന്ന് പറഞ്ഞാൽ അടിയോടടി. കുരങ്ങന്മാരുടെ അടി കാരണം തീവണ്ടി ഗതാഗതം വരെ തടസ്സപ്പെട്ടു. ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്. ശനിയാഴ്ച ഉച്ച കഴിഞ്ഞ് നാലാമത്തെ പ്ലാറ്റ് ഫോമിലാണ് കുരങ്ങന്മാരുടെ വഴക്ക് നടന്നത്. ബീഹാറിലെ സമസ്തിപൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
പഴത്തിന്റെ പേരിൽ തുടങ്ങിയ വഴക്ക് പിന്നെ പൂര അടിയായി. വഴക്കിനിടെ ദേഷ്യം കയറിയ കുരങ്ങുകളിൽ ഒന്ന് കയ്യിൽ കിട്ടിയ ഏതോ ഒരു വസ്തുവെടുത്ത് മറ്റേ കുരങ്ങന് നേരെ എറിഞ്ഞു. എന്നാൽ ഈ സാധനം നേരെ ചെന്ന് വീണത് ഓവർഹെഡ് വയറിലാണ്. ഇതോടെ ഷോർട്ട് സർക്യൂട്ടായി. വയർ പൊട്ടി ട്രെയിനിന്റെ ബോഗിയിൽ വീണു. ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

" അടിക്കിടെ പെട്ടെന്ന് കുരങ്ങന്മാരിൽ ഒരാൾ മറ്റൊരാളുടെ നേരെ ഒരു വസ്തു എറിഞ്ഞു. ആ വസ്തു ഓവർ ഹെഡ് വയറിൽ തട്ടി. ഇലക്ട്രിക്കൽ ലൈനിൽ ഇടിച്ചു. സംഭവം ട്രെയിൻ ഗതാഗതത്തെ കുറച്ച് നേരം തടപ്പെടുത്തി " ഈസ്റ്റ് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക്ക് റിലേഷൻസ് ഓഫീസർ ശർസ്വതി ചന്ദ്ര വാർത്താ ഏജൻസിയോട് പറഞ്ഞു.
വൈദ്യുതി മുടങ്ങിയത് കാരണം ട്രെയിനുകൾ താത്ക്കാലികമായി നിർത്തിയതോടെ നിരവധി യാത്രക്കാരെ ഇത് ബാധിച്ചു. അതേ സമയം കുരങ്ങൻമാരുടെ അടിക്കിടെ യാത്രക്കാർ പരിക്ക് പറ്റിയിട്ടില്ലെന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ തടസ്സം മാറ്റിയെന്നും അധികൃതർ അറിയിച്ചു.
റെയിൽ വേ സ്റ്റേഷനിലെ ഇലക്ട്രിക്കൽ വിഭാഗം വയറിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചതായും സർവീസുകൾ പുനരാരംഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. " അത് ഉടൻ റെയിൽ വേ ഉദ്യോഗസ്ഥർ ശരിയാക്കി. ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചു, " അദ്ദേഹം പറഞ്ഞു.
ഇത്രയും കോലാഹലം ഉണ്ടാക്കി , ട്രെയിൻ ഗതാഗതം വരെ തടസ്സപ്പെടുത്തിയ വിരുതന്മാരുടെ പൊടിപോലും പിന്നീട് കണ്ടില്ല. നിമഷങ്ങൾ കൊണ്ടാണ് കുരങ്ങന്മാർ സ്ഥലം വിട്ടത്. ഇത് ആദ്യമായൊന്നുമല്ല ഇവിടെ കുരങ്ങൻമാർ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. നേരത്തെ കുരങ്ങന്മാരുടെ ആക്രമണത്തിൽ യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.












Click it and Unblock the Notifications