വിശന്ന് കരഞ്ഞ് അതിഥിതാെഴിലാളിയുടെ കുഞ്ഞ്; നെഞ്ചോട് ചേർത്ത് മുലയൂട്ടി വനിതാ പോലീസ് ആര്യ..
കൊച്ചി: അമ്മമാരുടെ മനസ്സിന് പ്രത്യേക ആർദ്രതയുണ്ടെന്ന് പറഞ്ഞുകേൾക്കാറില്ലെ. അതിൽ കാര്യമുണ്ടെന്ന് തെളിയിക്കുന്ന എത്രയോ സംഭവങ്ങൾ നമ്മൾ തന്നെ കേട്ടിട്ടുമുണ്ടാകും. ഇപ്പോൾ കാക്കിക്കുള്ളിലെ ഒരു അമ്മ മനസ്സിന്റെ കരുതലാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.
കൊച്ചി സിറ്റി വനിതാ പോലീസ് സി പി ഒ എം എ ആര്യയുടെ മനസ്സിനാണ് സോഷ്യൽ മീഡിയ കയ്യടിക്കുന്നത്. നാല് മാസം പ്രായമുള്ള കുഞ്ഞ് മുന്നിൽ വിശന്ന് കരയുന്നത് കണ്ടപ്പോൾ ആര്യ മറ്റാെന്നും ഓർത്തില്ല, തന്റെ കുഞ്ഞിനെ പോലെ തന്നെ കണ്ട് ആ കുഞ്ഞിനെ ചേർത്ത് പിടിച്ച് മുലപ്പാൽ പകർന്നുനൽകി.

വിശപ്പ് അടങ്ങിയ കുഞ്ഞ് ആര്യയുടെ ചൂട് പറ്റി അങ്ങനെ ഒട്ടുച്ചേർന്നുനിന്നു. ഇത് കണ്ടുനിന്ന മറ്റ് അമ്മമാർക്കും ആശ്വസമായി.ഇന്നലെയാണ് അതിഥി തൊഴിലാളികളുടെ മകളായ നാല് മാസം പ്രായമുള്ള കുഞ്ഞ് അപ്രതീക്ഷിതമായ സാഹചര്യത്തിൽ പോലീസ് സ്റ്റേഷനിലേക്ക് എത്തിയത്.
ഹൃദ്രോഗിയായ മാതാവിനെ ശ്വാസം മുട്ടലിനെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലെ ഐ സി യു വിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് നാല് മാസം പ്രായമുള്ള കുഞ്ഞിന്റെയും 3 കുട്ടികളുടേയും താത്ക്കാലിക സംരക്ഷണച്ചുമതല വനിത പോലീസുകാർ ഏറ്റെടുത്തത്. കുഞ്ഞുങ്ങളുടെ അച്ഛൻ ജയിലിലാണ്.
ആശുപത്രി അധികൃതർ പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചതിന് പിന്നാലെയാണ് എസ് ഐ ആനി ശിവയുടെ നേതൃത്വത്തിലുള്ള സംഘം ഇവിടേക്കെത്തി കുട്ടികളെ ഏറ്റെടുത്തത്. കുട്ടികളെ പിന്നീട് ശിശുഭവനിലേക്ക് മാറ്റി. വൈക്കം സ്വദേശിനിയായ ആര്യ പ്രസവാവധി കഴിഞ്ഞ് 3 മാസം മുൻപാണ് തിരികെ ജോലിയിൽ പ്രവേശിപ്പിച്ചത്. ആര്യയുടെ കുട്ടിക്ക് 9 മാസമാണ് പ്രായം.












Click it and Unblock the Notifications