ഒരു കോടി പുഷ്പം പോലെ സ്വന്തമാക്കി 14 വയസ്സുകാരൻ; 'ബുദ്ധിരാക്ഷസ'ന് മുന്നിൽ ബച്ചൻ പോലും ഞെട്ടി..
ജനപ്രിയ ക്വിസ് ഷോയായ കോൻ ബനേഗ ക്രോർപതിയിൽ ഒരു കോടി രൂപ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായി 14 വയസ്സുള്ള മായങ്ക് ചരിത്രം സൃഷ്ടിച്ചു. ഹരിയാനയിലെ മഹേന്ദ്രഗഡിൽ നിന്നുള്ള എട്ടാം ക്ലാസ് വിദ്യാർത്ഥി ആയ മായങ്ക്, അമിതാഭ് ബച്ചൻ അവതാരകനായി എത്തുന്ന ഷോയുടെ 15-ാം പതിപ്പിൽ ഒരു കോടി രൂപയ്ക്കുള്ള 16-ാമത്തെ ചോദ്യത്തിനാണ് കൃത്യമായി ഉത്തരം നൽകി നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
ഷോയുടെ നിർമ്മാതാക്കൾ എക്‌സിൽ പോസ്‌റ്റ് ചെയ്‌ത ഒരു പ്രൊമോയിൽ മായങ്ക് മെഗാ സമ്മാനം നേടിയതായി കാണിക്കുന്നു. "നിങ്ങളുടെ അറിവ് മാത്രമാണ് പ്രധാനം," യുവ മത്സരാർത്ഥി വീഡിയോയിൽ പറയുന്നത് കേൾക്കാം.

PC: X
ബച്ചൻ മായങ്കിന്റെ മാതാപിതാക്കളോട് അവന്റെ അസാധാരണ പ്രകടനത്തെക്കുറിച്ച് ചോദിക്കുന്നതും പ്രമോയിൽ കാണിക്കുന്നു. "അവൻ തന്റെ സ്കൂൾ അധ്യാപകരെയും സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. ക്ലാസ് മുറിയിൽ അവൻ അവരെക്കാൾ രണ്ടടി മുന്നിലാണ്," അവന്റെ അച്ഛൻ തമാശയായി പറഞ്ഞു.
ഭീമമായ സമ്മാനം നേടാനുള്ള പോക്കിൽ, ലൈഫ്‌ലൈനുകളൊന്നും ഉപയോഗിക്കാതെ ₹ 3.2 ലക്ഷം നേടിയ മിടുക്കൻ 12.5 ലക്ഷം രൂപയുടെ ചോദ്യത്തിനായിരുന്നു തന്റെ ആദ്യ ലൈഫ്‌ലൈൻ ഉപയോഗിച്ചത്. മായങ്ക് മികച്ച ഗെയിംപ്ലേ ആയിരുന്നു കാഴ്ച വെച്ചത്.
15 ചോദ്യങ്ങൾക്ക് വിയർക്കാതെ ഉത്തരം നൽകി മായങ്ക് "ഒരു കോടി രൂപ" എന്ന വലിയ ചോദ്യത്തിലെത്തി. "പുതിയതായി കണ്ടെത്തിയ ഭൂഖണ്ഡത്തിന് അമേരിക്ക എന്ന് പേരിട്ടിരിക്കുന്ന ഭൂപടം സൃഷ്ടിച്ചതിന്റെ ബഹുമതി ഏത് യൂറോപ്യൻ കാർട്ടോഗ്രാഫറാണ്?" എന്നാണ് മായങ്കിനോട് ചോദിച്ചത്.
നാല് ഓപ്ഷനുകൾ ഇവയായിരുന്നു: എബ്രഹാം ഒർട്ടേലിയസ്, ജെറാഡസ് മെർകാറ്റർ, ജിയോവാനി ബാറ്റിസ്റ്റ ആഗ്നീസ്, മാർട്ടിൻ വാൾഡ്സീമുള്ളർ. എന്നിങ്ങനെ നാല് പേരുകളായിരുന്നു.
സംശയം ഒന്നുമില്ലാതെ മായങ്ക് മാർട്ടിൻ വാൾഡ്സീമുള്ളറിന്റെ പേര് പറഞ്ഞു. ഈ ഉത്തരത്തോടെ ഒരു കോടി രൂപ മായങ്ക് സ്വന്തമാക്കി. ഏഴ് കോടി രൂപയ്ക്കുള്ള ചോദ്യത്തിന് ശ്രമിച്ചെങ്കിൽ അത് ഉപേക്ഷിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ മായങ്കിനെ അഭിനന്ദിച്ചു. മതാപിതാക്കൾക്കും അഭിതാഭ് ബച്ചനും മായങ്ക് നന്ദി അറിയിച്ചു.












Click it and Unblock the Notifications