കടം വാങ്ങിയ പണവുമായി ബന്ധപ്പെട്ട് തർക്കം; ഒരുകോടിയുടെ ലംബോർഗിനി നടുറോഡിലിട്ട് കത്തിച്ചു
ആരാണ് ഒരു ലംബോർഗിനിയൊക്കെ വാങ്ങണം എന്ന് ആഗ്രഹിക്കാത്തത്. കാർ പ്രേമികളുടെ സ്വപ്നം തന്നെയാണ് ഈ ലംബോർഗിനി. എന്നാൽ ലംബോർഗിനിയൊക്കെ സ്വന്തമാക്കുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല. അത്രയും വില വരുന്നുണ്ട് ഈ ആഡംബര കാറിന്. അപ്പോൾ ലംബോർഗിനി കൺമുന്നിൽ കത്തിപ്പോകുന്നത് കണ്ടാൽ എന്തായിരിക്കും അവസ്ഥ.
സാമ്പത്തിക തർക്കത്തെ തുടർന്നാണ് ഹൈദരാബാദിൽ ഒരു കോടി വില വരുന്ന ലംബോർഗിനി സ്പോർട്സ് കാർ കത്തിച്ചത്. പി ടി ഐ റിപ്പോർട്ട് പ്രകാരം പഴയ കാറുകളുടെ വിൽക്കലും വാങ്ങലുമൊക്കെ നടത്തുന്ന ഒരാൾ കാറിന്റെ ഉടമ തനിക്ക് പണം നൽകാനുണ്ടെന്ന് പറഞ്ഞ് ഒരു സംഘം ആളുകൾക്കൊപ്പം എത്തി ആഡംബര സ്‌പോർട്‌സ് കാർ കത്തിക്കുകയായിരുന്നു. 2009 മോഡൽ മഞ്ഞ നിറത്തിലുള്ള കാറാണ് കത്തിച്ചത്.

ഹൈദരാബാദിയെ പഹാഡി ഷെരീഫ് ഏരിയയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. . ഉടമയുടെ പരിചയത്തിൽ ഉള്ളവർ തന്നെയാണ് കാർത്തിച്ചതെന്ന് പോലീസ് പറയുന്നു. ലംബോർഗിനിയുടെ ഉടമ കാർ വിൽക്കാൻ തീരുമാനിച്ചതോടെയാണ് കാർ കത്തിക്കുന്നതിലേക്ക് നയിച്ച സംഭവങ്ങൾ ആരംഭിക്കുന്നത്. ഒരു കോടി രൂപയ്ക്ക് താൻ വാങ്ങിയ 2009 മോഡലായ ലംബോർഗിനി വാങ്ങിക്കാൻ ആളുകളെ അന്വേഷിക്കാൻ ഉടമ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
കാർ വാങ്ങാൻ എന്ന ഭാവത്തിൽ ആണ് കാർ കൊണ്ടുവരാൻ ആവശ്യപ്പെട്ടത്. ഇതിന് ശേഷം റോഡിൽ വെച്ച് പെട്രോൾ ഒഴിച്ച് കാർ കത്തിക്കുകയായിരുന്നു. കാറിന്റെ ഉടമസ്ഥൻ കടം വാങ്ങിയ പണം തിരികെ നൽകാൻ ഉണ്ടെന്നാണ് പ്രതി പറയുന്നത്. ഇതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് കാർ കത്തിച്ചത് എന്നാണ് വിവരം.
ശനിയാഴ്ച ആണ് സംഭവം. റോഡിൽ വെച്ച് കാറിന് തീപിടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.
അഗ്നി ശമന സേന എത്തിയാണ് തീയണച്ചത്. അഗ്നി ശമന സേന സ്ഥലത്ത് എത്തുന്നതിന് മുൻപ് കാർ പൂർണമായും കത്തിനശിച്ചതായി റിപ്പോർട്ടുണ്ട്.
കാറിന്റെ ഉടമസ്ഥനായ വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 435 ഐ പി സി (തീയിട്ടോ സ്‌ഫോടക വസ്തുക്കളോ ഉപയോഗിച്ച് കേടുപാടുകൾ വരുത്താനുള്ള ഉദ്ദേശ്യത്തോടെയുള്ള അതിക്രമം) പ്രകാരം കേസെടുത്തു. വിശദമായ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്നും പോലീസ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications