'മഹാനടന്‍മാര്‍ക്കൊപ്പം ക്യാപ്റ്റനും'; മമ്മൂട്ടിക്കും ലാലിനും കമലിനുമൊപ്പമുള്ള പിണറായിയുടെ ചിത്രം വൈറല്‍
തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ച കേരളീയം 2023 ന് തിരുവനന്തപുരത്ത് തിരിതെളിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഭദ്രദീപം കൊളുത്തിയാണ് കേരളീയം 2023 ന് ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്. സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങള്‍ക്കൊപ്പം അഭിനേതാക്കളായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, എംഎ യൂസഫലി, രവി പിള്ള, ടി പദ്മനാഭന്‍, ശ്രീകുമാരന്‍ തമ്പി എന്നിവര്‍ വേദിയില്‍ പിണറായിയ്‌ക്കൊപ്പമുണ്ടായിരുന്നു.
കൂടാതെ യുഎഇ, ദക്ഷിണ കൊറിയ, നോര്‍വേ, ക്യൂബ എന്നീ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. കവടിയാര്‍ മുതല്‍ കിഴക്കേക്കോട്ട വരെ 42 വേദികളിലായി ഒരാള്ച നീളുന്ന പരിപാടികളാണ് കേരളയീത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. സെമിനാറുകള്‍, കേരളത്തിന്റെ വിവിധ മേഖലകളെ ദൃശ്യവല്‍ക്കരിക്കുന്ന 25 പ്രദര്‍ശനങ്ങള്‍ 30 വേദികളിലായി 4100 കലാകാരന്മാര്‍ പങ്കെടുക്കുന്ന 300 കലാപരിപാടികള്‍ എന്നിവ ഈ ദിവസങ്ങളിലെ ആകര്‍ഷണമാണ്.

Image Credit: Facebook
വിശിഷ്ട വ്യക്തികളെയെല്ലാം മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടാണ് വേദിയിലേക്ക് ക്ഷണിച്ചത്. ഉദ്ഘാടനത്തിന് മുന്‍പ് തന്നെ വേദിയില്‍ കേരളഗാനത്തിന്റെ നൃത്താവിഷ്‌കാരവും ഉണ്ടായിരുന്നു. ഇതിനായി മുഖ്യമന്ത്രിയും അതിഥികളും സദസിലായിരുന്നു ഇരുന്നത്. ഇതിനിടെ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പമിരുന്ന് പരിപാടി വീക്ഷിക്കുന്ന പിണറായി വിജയന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്‍മാര്‍ ഒരേ ഫ്രെയിമില്‍ വന്നതും അവര്‍ക്കൊപ്പം പിണറായി കൂടി വന്നതുമാണ് ചിത്രത്തെ ആകര്‍ഷകമാക്കുന്നത്. സോഷ്യല്‍ മീഡിയയിലെ ഇടത് പ്രൊഫൈലുകളെല്ലാം ചിത്രം ആഘോഷിക്കുന്നുണ്ട്. കേരളപ്പിറവി ദിനത്തില്‍ തനത് മലയാളി സ്റ്റൈലിലുള്ള വേഷം ധരിച്ചാണ് മൂന്ന് സൂപ്പര്‍താരങ്ങളും എത്തിയത്. അതിനാല്‍ തന്നെ ഈ കേരളപ്പിറവി ദിനത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്ന് എന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്.

Image Credit: Facebook
ഇത് കൂടാതെ വേദിയില്‍ വെച്ച് മോഹന്‍ലാല്‍ പകര്‍ത്തിയ സെല്‍ഫിയും വൈറലാകുന്നുണ്ട്. പിണറായി വിജയന്‍, മമ്മൂട്ടി, ശോഭന, എഎന്‍ ഷംസീര്‍, കെ രാജന്‍, വി ശിവന്‍കുട്ടി, കമല്‍ഹാസന്‍ എന്നിവരാണ് മോഹന്‍ലാല്‍ പകര്‍ത്തിയ സെല്‍ഫിയിലുള്ളത്. ഈ ചിത്രം നടി ശോഭന തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പങ്ക് വെച്ചിട്ടുമുണ്ട്. അതേസമയം പതിവ് തിരക്കുകളെല്ലാം മാറ്റി വെച്ചാണ് കമല്‍ഹാസനും മോഹന്‍ലാലും മമ്മൂട്ടിയും ശോഭനയും എത്തിയിരിക്കുന്നത് എന്നും അവരോട് കൃതജ്ഞത അറിയിക്കുന്നതായും പിണറായി വിജയന്‍ ഉദ്ഘാടന പ്രസംഗത്തിനിടെ പറഞ്ഞു.












Click it and Unblock the Notifications