ആദ്യം പ്രവാസികള്‍ ഒന്ന് അമ്പരക്കും.. നമ്മുടെ കോടിയേരി അല്ലേ അത്: സഖാവിന് സൗദിയില്‍ നിന്ന് ഒരു അപരന്‍
ഒരാളെപ്പോലെ ഒമ്പത് പേർ ഉണ്ടാകും എന്നാണ് പറയാറുള്ളത്. അത്തരത്തില്‍ പ്രമുഖരും അപ്രമുഖരുമായ നിരവധി പേരുടെ അപരന്മാരെ നമുക്ക് ചുറ്റും ഇതിനോടകം കണ്ടിട്ടുണ്ടാകും. എന്നാല്‍ ഇവിടെ ഇതാ.. സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവും സംസ്ഥാന ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ രൂപ സാദൃശ്യമുള്ള ഒരു വിദേശിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം താരമായിരിക്കുന്നത്.
കോടിയേരിയുടെ അതേ പുഞ്ചിരിയും മുഖഭാവങ്ങളും മാറി മറിയുന്ന ആ മുഖത്തിന്റെ ഉടമ അൽഹസ സ്വദേശിയായ ഫരീദ് മുഹമ്മദ് അൽ ബുഷ്തിർ എന്ന സൗദി പൗരനാണ്. ഷിബി അമ്പലപ്പുഴ എന്ന വ്ളോഗറുടെ ക്യാമറയ്ക്ക് മുമ്പില്‍ എത്തിയതോടെയാണ് ഇദ്ദേഹം മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായി മാറിയിരിക്കുന്നത്.

തന്നെ വന്ന് കാണുന്ന മലയാളികള്‍ കോടിയേരിയുടെ ചിത്രങ്ങള്‍ കാണിച്ച് കൊടുക്കുമ്പോള്‍ ഫരീദ് മുഹമ്മദ് അൽ ബുഷ്തിറിനും അമ്പരപ്പ് മാറുന്നില്ല. ഇത് കേരളം ഭരിക്കുന്ന പാർട്ടിയുടെ ഉന്നത നേതാവും കേരളത്തിന്‍റെ ആഭ്യന്തരമന്ത്രിയുമായിരുന്നുവെന്നും പറഞ്ഞാണ് പരിചയപ്പെടുത്തല്‍. ഇടയ്ക്ക് കൗതുകവും വിസ്മയവും മാറാതെ തന്റെയും കോടിയേരിയുടേയും ചിത്രങ്ങളിലേക്ക് മാറി മാറി നോക്കുകയും ചെയ്യും.
ഇദ്ദേഹത്തെ കണ്ടാല്‍ ശരിക്കും എൻ്റെ സഹോദരനാണെന്നേ പറയൂ എന്നാണ് ഫരീദിന് പറയാനുള്ളത്. തന്നെ പരിപയപ്പെടുത്തുന്ന വീഡിയോ അദ്ദേഹം വ്ളോഗർമാർ വഴി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. സംഭവം വൈറലായി മാറിയതോടെ ഫരീദും സ്നാപ്ചാറ്റിലടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ തന്റെയും കോടിയേരിയുടേയും ചിത്രങ്ങളും ഷിബിമോഹനൻ ചെയ്ത റീല്‍സുമൊക്കെ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
വീഡിയോ മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടതോടെ ധാരണം സുഹൃത്തുക്കള്‍ തന്നെ വിളിച്ചതായും ഫരീദ് പറയുന്നു. പലരും കോടിയേരിയുടേയും പടങ്ങളും വീഡിയോകളും അയച്ച് കൊടുക്കുന്നുണ്ട്. സ്വകാര്യ ആതുരസേവന സ്ഥാപനത്തിൽ ജീവനക്കാരന്‍ കൂടിയാണ് ഇദ്ദേഹം. അതേസമയം, നേരത്തെ മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി രൂപസാദൃശമുള്ളയാളും വൈറലായിരുന്നു. ഇദ്ദേഹവും സൗദി പൗരനായിരുന്നു എന്നതാണ് ശ്രദ്ധേയം.












Click it and Unblock the Notifications