തത്തയെ കാണാനില്ല, കണ്ടെത്തുന്നവര്‍ക്ക് 10000 രൂപ, മധ്യപ്രദേശിലെ കുടുംബത്തിന്റെ പരസ്യം വൈറല്‍
ഭോപ്പാല്‍: ഒരു തത്തയെ കാണാനില്ല. ഇതിലെന്ത് പറയാനിരിക്കുന്നു എന്ന ചോദ്യം ആര്‍ക്കായാലും ഉണ്ടാവാം. എന്നാല്‍ ഒരു കുടുംബം അതിന്റെ പേരില്‍ നടത്തിയ പോരാട്ടമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പ്രിയപ്പെട്ട തത്തയെക കാണാതായതോടെ മധ്യപ്രദേശിലെ ഒരു കുടുംബം സാധ്യമായ എല്ലാ വഴിയിലും അതിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
അത് മാത്രമല്ല, തത്തയെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം വരെ പ്രഖ്യാപിച്ചിരിക്കുകയാണ്. നിരവധി പേരാണ് ഇങ്ങനെ ഒരു പ്രഖ്യാപനത്തില്‍ അമ്പരന്നിരിക്കുന്നത്. പതിനായിരം രൂപയാണ് പാരിതോഷികമായി നല്‍കുമെന്ന് ഈ കുടുംബം അറിയിച്ചിരിക്കുന്നത്.ദാമോ ജില്ലയില്‍ നിന്നുള്ള കുടുംബമാണ് അവര്‍ പ്രിയപ്പെട്ട തത്തയായ മിട്ടുവിന് വേണ്ടി തിരച്ചില്‍ നടത്തുന്നത്. എന്നാല്‍ തത്ത എവിടെയാണ് ഉള്ളതെന്ന് ചൊവ്വാഴ്ച്ച വരെ വിവരം ലഭിച്ചിട്ടില്ലെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

മിട്ടുവിനെ എല്ലായിടത്തും തിരഞ്ഞിട്ടും കണ്ടെത്താത്തതിന്റെ നിരാശയിലാണ് കുടുംബം പാരിതോഷികം വാഗ്ദാനം ചെയ്തിരിക്കുന്നത്. ദീപക് സോണി എന്നയാളുടെ തത്തയാണ് കാണാതായത്. കഴിഞ്ഞ രണ്ട് വര്‍ഷമായി സോണി കുടുംബത്തിന്റെ ഭാഗമാണ് മിട്ടു. അതുകൊണ്ട് തന്നെ കുടുബാംഗങ്ങള്‍ക്കെല്ലാം മിട്ടുവിന്റെ സാന്നിധ്യം പ്രിയപ്പെട്ടതായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെ ഒരംഗത്തിനൊപ്പം പുറത്തുപോയപ്പോഴാണ് മിട്ടുവിനെ കാണാതായത്.
തെരുവുനായ്ക്കള്‍ കുരച്ച് ചാടിയപ്പോള്‍ ഭയന്ന തത്ത പറന്നുപോവുകയായിരുന്നു. പിന്നീട ഇവ തിരിച്ചുവന്നിട്ടില്ല. ഒരു മരത്തില്‍ ഈ തത്ത ഇരിക്കുന്നതാണ് അവസാനമായി കണ്ടത്. അതിന് ശേഷം തത്ത എവിടെയാണെന്ന് ആരും കണ്ടിട്ടില്ല. എല്ലാ ചൊവ്വാഴ്ച്ചയും പിതാവിനൊപ്പം തത്ത പുറത്തുപോവാറുള്ളത്. അതൊരു ദിനചര്യയായി ചെയ്യാറുള്ള കാര്യമായിരുന്നു. രാത്രിയിലായിരുന്നു സംഭവം. എന്നാല്‍ അന്ന് നായ്ക്കളുടെ കുര കേട്ട മിട്ടു ഭയന്ന് പറന്ന് പോവുകയായിരുന്നുവെന്ന് ദീപക് സോണി പറഞ്ഞു.
മരത്തിന് മുകളിലേക്ക് പറന്ന് പോയി ഇരിക്കുന്നതാണ് അവസാനമായി ഞങ്ങളെല്ലാവരും കണ്ടത്. എന്നാല്‍ അതിന് ശേഷം മിട്ടുവിനെ ആരും കണ്ടിട്ടില്ലെന്നും ദീപക് സോണി പറഞ്ഞു.അതേസമയം മിട്ടുവിനെ കണ്ടെത്താന്‍ പല മാര്‍ഗങ്ങളാണ് സോണിയുടെ കുടുംബം നടത്തുന്നത്. പതിനായിരം രൂപ ലഭിച്ചാല്‍ തത്തയെ കാണുന്നവര്‍ തിരിച്ച് കൊണ്ടുവരാന്‍ സാധ്യത കൂടുതലാണെന്ന് കുടുംബം വിശ്വസിക്കുന്നു. അത് മാത്രമല്ല മിട്ടുവിനെ കാണ്‍മാനില്ല എന്ന് കാണിച്ച് കൊണ്ടുള്ള പോസ്റ്ററുകളും ഇവര്‍ പലയിടത്തും പതിപ്പിച്ചിട്ടുണ്ട്.
ഒരു ഓട്ടോ റിക്ഷ വാടകയ്‌ക്കെടുത്ത് അതില്‍ ഈ പോസ്റ്ററുകള്‍ പതിച്ച് എല്ലായിടത്തേക്കും ഇക്കാര്യങ്ങള്‍ എത്തിക്കാനും അവര്‍ ശ്രമിക്കുന്നുണ്ട്. ഓട്ടോറിക്ഷയില്‍ ലൗഡ് സ്പീക്കര്‍ വഴി തത്തയെ കാണാതായ വിവരങ്ങള്‍ വിളിച്ച് പറയുന്നുണ്ട്. കുടുംബത്തിന്റെ വിവരങ്ങളും, പാരിതോഷികങ്ങളെ കുറിച്ചും അനൗണ്‍സ്‌മെന്റിലൂടെ അറിയിക്കുന്നുണ്ട്.












Click it and Unblock the Notifications