'പോരുന്നോ എന്റെ കൂടെ'; 52 കാരി ചന്ദ്രിക കല്ല്യാണപ്പെണ്ണായത് ഇങ്ങനെ;വൈറൽ വീഡിയോയെ കുറിച്ച് ബ്യൂട്ടീഷൻ പറയുന്നു
കണ്ണൂർ: ആലക്കാട് സ്വദേശിയായ 52 കാരി ചന്ദ്രികയുടെ ബ്രൈഡൽ മേക്കോവർ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുകയാണ്. വീഡിയോ കണ്ടവർ എല്ലാവരും തന്നെ ചന്ദ്രികയുടെ മാറ്റത്തിൽ ഒരേ സ്വരത്തിൽ അമ്പരപ്പ് പ്രകടിപ്പിക്കുന്നുണ്ട്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ ഉയരുന്നത്. ചന്ദ്രികയെ ഒരുക്കിയ ആലക്കോടുള്ള 'മിയ ബെല്ല ബ്യൂട്ടി കെയർ' ഉടമയും ബ്യൂട്ടീഷനുമായ ജിൻസി രഞ്ജിത്തിനാണ് ചന്ദ്രികയുടെ പുതിയ ലുക്കിനുള്ള ക്രെഡിറ്റ് ആളുകൾ നൽകുന്നത്. .
എന്നാൽ വീഡിയോ ഇത്രയും വൈറലായതിന് ഒരേയൊരു കാരണം ചന്ദ്രികയാണെന്നാണ് ജിൻസിയുടെ പ്രതികരണം. ചന്ദ്രിക ചേച്ചിയുടെ താത്പര്യം മാത്രമാണ് ബ്രൈഡൽ ലുക്ക് പരീക്ഷിക്കാനും വീഡിയോ എടുക്കാനുമെല്ലാം കാരണമായതെന്നും ജിൻസി 'വൺ ഇന്ത്യ മലയാളത്തോട്'പറഞ്ഞു. വൈറൽ വീഡിയോ സംഭവിച്ചതിനെ കുറിച്ചും ജിൻസി സംസാരിച്ചു

'എന്റെ വീട്ടിൽ വർഷങ്ങളായി ജോലി ചെയ്യുന്നയാളാണ് ചന്ദ്രിക ചേച്ചി. ശരിക്കും ഞങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ തന്നെ. ബ്യൂട്ടിപാർലറിൽ ഇടക്ക് ക്ലീനിങ് ജോലിക്കായും അവർ വരാറുണ്ട്. വരുമ്പോഴെല്ലാം ഞാൻ ജോലി ചെയ്യുന്നത് അവർ സസൂക്ഷ്മം നോക്കും. എനിക്കും ഇതുപോലെ മെയ്ക്കപ്പ് ചെയ്ത് തരുമോയെന്ന് ചോദിക്കും. അതിനെന്തായെന്ന് എപ്പോഴും ഞാൻ പറയാറുമുണ്ട്. ഒരു ഞായറാഴ്ച ഞാൻ ബ്യൂട്ടിപാർലറിലേക്ക് ഇറങ്ങുമ്പോൾ വെറുതേ ഒന്ന് ചോദിച്ചു, 'പോരുന്നോ എന്റെ കൂടെയെന്ന്', ശരിക്കും അങ്ങനെ തന്നെയായിരുന്നു ചോദ്യം. കേട്ടപാതി കേൾക്കാത്ത പാതി ചന്ദ്രിക ചേച്ചി തയ്യാറായി കൂടെ പോരുകയായിരുന്നു.
പാർലറിൽ എത്തിയപ്പോൾ എന്നാൽ ബ്രൈഡൽ മേക്കപ്പ് തന്നെയാകട്ടെയെന്ന് തീരുമാനിച്ചു. പിന്നെ അധികം വൈകിയില്ല. ചന്ദ്രിക ചേച്ചിയുടേത് ഡ്രൈ സ്കിൻ ആയിരുന്നു. ആദ്യം ത്രെഡിങ്ങും പെഡിക്യൂറും ഫേഷ്യലുമെല്ലാം ചെയ്തു. സുഹൃത്തിന്റെ സാരിയാണ് ഉടുപ്പിച്ചത്. സ്ഥാപനത്തിൽ നിന്നും വിവാഹത്തിനായി ആഭരണങ്ങൾ വാടകയ്ക്ക് നൽകാറുണ്ട്. അതായിരുന്നു ഉപയോഗിച്ചത്. ഏകദേശം നാല് മണിക്കൂറെടുത്തായിരുന്നു മേയ്ക്കപ്പ് പൂർത്തിയാക്കിയത്.
ഒരുങ്ങി കഴിഞ്ഞിറങ്ങിയപ്പോൾ എല്ലാവർക്കും അമ്പരപ്പായിരുന്നു. ചേച്ചിയും വളരെ സന്തോഷത്തിലായിരുന്നു. പിന്നെ വീഡിയോ എടുക്കാൻ തീരുമാനിച്ചു. എന്നാൽ ആദ്യമായി വീഡിയോ എടുക്കുന്നതിന്റെ യാതൊരു സങ്കോചവും ചേച്ചിയിൽ ഉണ്ടായിരുന്നില്ല. ഫോട്ടോകൾക്ക് എങ്ങനെ പോസ് ചെയ്യണമെന്ന് പോലും ഞങ്ങൾ പറഞ്ഞ് കൊടുത്തിരുന്നില്ല. എല്ലാം ചേച്ചി തന്നെയാണ് കൈയ്യിൽ നിന്നും ഇട്ടത്.
വീഡിയോ വൈറലായതോടെ നിരവധി പേർ എന്നെ ബന്ധപ്പെട്ടു. രണ്ട് വർഷം മാത്രമേ ആയുള്ളൂ ഈ സ്ഥാപനം തുടങ്ങിയിട്ട്. രണ്ട് ദിവസം കൊണ്ട് ഇൻസ്റ്റഗ്രാം പേജിന്റെ റീച്ച് 10 കെ ആയി', ജിൻസി പറഞ്ഞു.
അതേസമയം താൻ ഒരു 'സെലിബ്രിറ്റി' ആയത് ചേച്ചിക്ക് മനസിലായിട്ടില്ലെന്നും ജിൻസി പറയുന്നു. 'ചന്ദ്രിക ചേച്ചിക്ക് സോഷ്യൽ മീഡിയയിൽ അക്കൗണ്ട് പോയിട്ട് ഒരു ഫോൺ പോലും കൈയ്യിൽ ഇല്ല. ഒരുങ്ങാൻ ചേച്ചിക്ക് വളരെ ഇഷ്ടമാണ്. ചന്ദ്രിക ചേച്ചിയുടെ കുടുംബവും വളരെ അധികം പിന്തുണച്ചിരുന്നു. 'സുന്ദരീ' എന്ന് വിളിച്ചാണ് ഭർത്താവ് ഓടി വന്നതെന്നാണ് ചന്ദ്രിക ചേച്ചി പറഞ്ഞത്. അവരുടെ മൂന്ന് പെൺമക്കളും വളരെ സന്തോഷത്തിലാണ്', ജിൻസി പറഞ്ഞു.
ഇനിയും ചന്ദ്രിക ചേച്ചി പുത്തൻ മേക്കോവർ വേണമെന്ന് ആവശ്യപ്പെട്ടാൽ ചെയ്ത് കൊടുക്കുമോയെന്ന ചോദ്യത്തിന് ജിൻസിയുടെ മറുപടി ഇങ്ങനെ-'തീർച്ചയായും. ഒരിക്കലും വൈറൽ ആകണമെന്നോ ഇത് ചർച്ചയാകുമെന്നോ കരുതിയല്ല വീഡിയോ ചെയ്തത്. ചേച്ചിയുടെ സന്തോഷത്തിന് വേണ്ടിയാണ് ചെയ്തത്. ഇനി പുത്തൻ മേക്കവർ വേണമെന്ന് ആവശ്യപ്പെട്ടാൽ ചേച്ചിക്ക് വേണ്ടി അതും ചെയ്യാനും എനിക്ക് യാതൊരു മടിയുമില്ല', ജിൻസി പറഞ്ഞു.












Click it and Unblock the Notifications