ഛായ മാറ്റട്ടെ? 55 കാരൻ കേശവേട്ടൻ 30 കാരൻ ചുള്ളൻ ചെക്കൻ; മേക്കോവർ വീഡിയോ വൻ വൈറൽ
പാലക്കാട്: കഴിഞ്ഞ ദിവസമായിരുന്നു കണ്ണൂർ സ്വദേശിയായ 52 കാരി ചന്ദ്രിക എന്ന വീട്ടമ്മയുടെ മേക്ക് ഓവർ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. മണിക്കൂറുകൾ കൊണ്ട് 52 കാരി 25 കാരിയായ കല്ല്യാണപ്പെണ്ണായി മാറുകയായിരുന്നു. വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ആ വീഡിയോ ഏറ്റെടുക്കുകയും ചെയ്തു.
ഇപ്പോഴിതാ അത്തരത്തിലുള്ള മറ്റൊരു മേക്ക് ഓവർ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ട്രെന്റാകുന്നത്. 55 കാരനായ ചെർപ്ലശ്ശേരി പുലാപ്പറ്റ സ്വദേശി കേശവൻ ആണ് കിടിലൻ ലുക്കിൽ തരംഗം തീർക്കുന്നത്.

ഒരുകൂട്ടം യുവാക്കൾ നടത്തുന്ന മോക്കാ മെൻസ് എന്ന സ്ഥാപനമാണ് മേക്കോവർ എന്ന ആശയവുമായി കേശവനെ സമീപിക്കുന്നത്. എന്നാൽ തയ്യാറല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒടുവിൽ കുട്ടികളുടെ അഭ്യർത്ഥനയ്ക്ക് മുന്നിൽ കേശവൻ വഴങ്ങി.
പിന്നെ മുടിയും താടിയും ഡൈ അടിച്ച് വെട്ടിയൊതുക്കി കിടിലൻ കോട്ടും സ്യൂട്ടും ഒരു കൂളിംഗ് ഗ്ലാസ് കൂടി വെച്ചതോടെ 55 കാരൻ കേശവേട്ടൻ ഒരു 30 കാരൻ ചുള്ളൻ ചെക്കനായി, വിവിധ ഭാവത്തിൽ ഫോട്ടോകൾക്ക് കൂടി അദ്ദേഹം പോസ് ചെയ്തതോടെ വീഡിയോയും കേശവേട്ടനും സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായി.
ഒരിക്കൽ പോലും വൈറലാകുമെന്ന് കരുതിയല്ല ഇത്തരമൊരു മേക്കോവർ വീഡിയോ ചെയ്തതെന്ന് പറയുകയാണ് മോക്കാ മെൻസിലെ യുവാക്കൾ. ചെർപ്ലശേരിക്കാൻ സ്വീകരിക്കുമെന്ന് കരുതിയിരുന്നു. എന്നാൽ വീഡിയോക്ക് വളരെ വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്ന് മോക്കാ മെൻസ് പറയുന്നു.












Click it and Unblock the Notifications