മഴയത്തും നബിദിന ജാഥയെ കാത്തുനിന്ന് ഷീന; നോട്ട് മാലയ്ക്കൊപ്പം ചേർത്ത് പിടിച്ചൊരു മുത്തവും; വീഡിയോ
ഇന്നലെയായിരുന്നു നബിദിനം. ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നെങ്കിലും നബിദിന ജാഥകൾ ഗംഭീരമായി തന്നെ നടന്നിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത് കോഡൂരിൽ നിന്നുള്ള നബിദിന ജാഥയിൽ നിന്നുള്ള വീഡിയോ ആണ്. കോഡൂർ വലിയാട്ടിലെ തദ്രിസുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളുടെ നബിദിന ജാഥക്കിടെയാണ് ഹൃദയസ്പർശിയായ സംഭവം നടന്നത്.
ചാറ്റൽ മഴയിൽ നബിദിന ജാഥ വരുന്നതും കാത്ത് നിൽക്കുകയായിരുന്നു ഷീന. ജാഥ ക്യാപ്റ്റന് ഹരാർപ്പണം നടത്താനായിരുന്നു ഷീന കാത്തുനിന്നത്. താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മുന്നിൽ കാത്തുനിന്ന ഷീനയ്ക്കൊപ്പം ഇളയ മകളും ഉണ്ടായിരുന്നു.

Pc: Social Media
ജാഥ എത്തിയപ്പോൾ കയ്യിൽ കരുതിയ നോട്ട് മാല അണിയിച്ച ഷീന ജാഥ ക്യാപ്റ്റനായ കുട്ടിക്ക് സ്നേഹച്ചുംബനവും നൽകി. ഈ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. കോഡൂർ വലിയാട് സ്വദേശി ആണ് കരുവാന്തൊടി ഷീന വിനോദ് വലിയാട് അങ്ങാടിയിൽ പ്രവർത്തിക്കുന്ന ബിൽഡെക്‌സ് എന്ന സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയാണ്.
സോഷ്യൽമീഡിയയിൽ വീഡിയോ വൈറൽ ആയെങ്കിലും ഷീനയെ ഇതൊന്നും ബാധിച്ചിട്ടില്ല. പ്രത്യേകമായ ഒരു കാര്യമായി ഷീന സംഭവത്തെ കാണുന്നില്ല. നബിദിന റാലി കാണാൻ പോകുന്നതൊന്നും ഷീനയ്ക്ക് ആദ്യത്തെ സംഭവം അല്ല, അങ്ങനെയാണ് തങ്ങൾ ജീവിച്ച് വളർന്നത് എന്നാണ് ഷീന പറയുന്നത്.
നോട്ട് മാല ഇടണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു മാല ഇട്ടപ്പോഴാണ് അയൽവാസിയായ കുട്ടിയാണ് ക്യാപ്റ്റൻ എന്ന് അറിഞ്ഞത്. അപ്പോഴാണ് ചുബംനം നൽകിയത്. നമ്മളെ കുട്ടികളല്ലേ, തങ്ങൾക്ക് ഇതൊരു വാർത്തയല്ലെന്നും അങ്ങനെയാണ് വളർന്നതെന്നും ഷീന പറയുന്നു.
'ആരും പറഞ്ഞിട്ടല്ല മാല കൊടുത്തത് എന്റെ ഇഷ്ടത്തിനാണ്. നമ്മൾ അങ്ങനെ ജീവിച്ച് വളർന്നവരല്ലേ'; ഷീന മീഡിയവണ്ണിനോട് പറഞ്ഞു. അതേസമയം നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്.
വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications