30 വർഷം മുമ്പത്തെ 500 രൂപയുടെ ഓഹരി സർട്ടിഫിക്കറ്റ്; ഡോക്ടർക്ക് ലഭിച്ചത് 750 മടങ്ങ് നേട്ടം
എപ്പോഴാണ് എങ്ങനെയാണ് ജീവിതത്തിലേക്ക് ഭാഗ്യം വരുന്നത് എന്ന് പറയാൻ സാധിക്കില്ല. ലോട്ടറിയിലൂടെ ഭാഗ്യം തേടിയെത്തിയ ഒരുപാട് പേരെ പറ്റി നമ്മൾ കേട്ടുകാണും എന്നാൽ ഷെയർ സർട്ടിഫിക്കറ്റിലൂടെ ഭാഗ്യം തുണച്ച ആളെക്കുറിച്ച് കേട്ടിട്ടുണ്ടോ? 30 വർഷങ്ങൾക്ക് മുൻപ് മുത്തച്ഛൻ വാങ്ങിയ എസ് ബി ഐ ബാങ്കിന്റെ ഷെയർ സർട്ടിഫിക്കറ്റിലൂടെയാണ് ചണ്ഡീഗഡ് സ്വദേശിയായ ഡോക്ടർക്ക് ലക്ഷങ്ങൾ നേടാനായത്.
500 രൂപ മുടക്കിയാണ് ഇദ്ദേഹത്തിന്റെ മുത്തച്ഛൻ എസ് ബി ഐ ബാങ്കിന്റെ ഷെയർ സർട്ടിഫിക്കറ്റ് വാങ്ങിച്ചത്. എന്നാൽ എവിടെയാണ് ഷെയർ സർട്ടിഫിക്കറ്റ് വെച്ചതെന്ന് മുത്തച്ഛൻ മറന്നുപോയിക്കാണും എന്നാണ് ഡോക്ടർ പറയുന്നത്. എക്സിലാണ് ഈ സംഭവം തൻമയ് മോത്തിവാല സംഭവത്തെക്കുറിച്ച് പറഞ്ഞത്. ഇതിന്റെ ഇപ്പോഴത്തെ മൂല്യത്തെക്കുറിച്ചും ഡോക്ടർ പറഞ്ഞു. ഇപ്പോൾ എസ് ബി ഐ ഓഹരികൾക്ക് 3.75 ലക്ഷം രൂപ മൂല്യം വരും എന്നാണ് ഡോക്ടർ പറയുന്നത്.

ഇക്വിറ്റി കൈവശം വെയ്ക്കുന്നതിന്റെ ശക്തി എന്ന തലക്കെട്ടോടെയാണ് ട്വീറ്റ്. എന്റെ മുത്തച്ഛൻ 1994 ൽ 500 രൂപ മൂല്യമുള്ള എസ് ബി ഐ ഓഹരികൾ വാങ്ങിയിരുന്നു. അത് മറന്നുപോയി. വാസ്തവത്തിൽ അവർ എന്തിനാണ് ഇത് വാങ്ങിയതെന്നും അവരുടെ കൈവശം ഉണ്ടോ എന്നും അവർക്ക് അറിയില്ലായിരുന്നു. കുടുംബത്തിന്റെ ആസ്തി പരിശോധിക്കുന്നതിനിടെയാണ് ഇത് കണ്ടുപിടിച്ചതെന്നാണ് പറയുന്നത് ഡീമാറ്റ് ചെയ്യുന്നതിന് ഷെയർ സർട്ടിഫിക്കറ്റ് ഇതിനോടകം തന്നെ അയച്ച് കൊടുത്തു, തൻമയ് മോത്തിവാല പറയുന്നു.
അന്ന് വാങ്ങിച്ച ആ ഷെയറുകളുടെ നിലവിലെ മൂല്യം എന്താണ് എന്ന് നിരവധി പേർ ചോദിച്ചു. ഇതിന് പിന്നാലെയാണ് അക്കാര്യം അവർ പറഞ്ഞത്. മറ്റൊരു പോസ്റ്റിലൂടെ മൂല്യത്തെക്കുറിച്ച് പറഞ്ഞു. ഡിവിഡന്റ് ഒഴികെ ഇത് ഏകദേശം 3.75 ലക്ഷം വരും. പലർക്കും ഇത് വലിയ വർദ്ധനവ് ആയി തോന്നില്ല.
എന്നാൽ 30 വർഷത്തിനുള്ളിൽ 750 മടങ്ങ് വർദ്ധനവ് ആണ്. അങ്ങനെ നോക്കിയാൽ തീർച്ചയായും വലിയ തുക തന്നെയാണ് എന്നാണ് ഡോക്ടർ പറഞ്ഞത്. ഫിസിക്കൽ ഷെയർ സർട്ടിഫിക്കറ്റുകൾ ഡീമാറ്റ് അക്കൗണ്ടിലേക്ക് മാറ്റുന്നതിനുള്ള ദൈർഘ്യമേറിയ പ്രക്രിയയെക്കുറിച്ചും ഡോക്ടർ പറഞ്ഞു. എന്തായാലും 500 മുടക്കി ലക്ഷങ്ങൾ തന്നെ ലഭിച്ചല്ലോ എന്നാണ് എല്ലാവരും പറയുന്നത്.












Click it and Unblock the Notifications