ചെമ്പൈ സംഗീത കോളേജിലെ ആ പഴയ 2ാം റാങ്കുകാരൻ; മനോജ് ഇനി തെരുവിലല്ല, സിനിമയിൽ പാടും
22 വർഷം മുമ്പ് ചെമ്പൈ സംഗീത കോളേജിൽ നിന്ന് രണ്ടാം റാങ്കോടെ പഠിച്ചിറങ്ങിയതാണ് മനോജ്, സംഗീതത്തിൽ ഉയരങ്ങൾ കീഴടക്കുെമന്ന് എല്ലാവരും കരുതി, എന്നാൽ വിധി മറ്റൊന്നായിരുന്നു.. തെരുവിൽ അലഞ്ഞ് പാടാനായിരുന്നു ആനായിക്കൽ സ്വദേശി മനോജിന്റെ വിധി. ജീവിതം താളം തെറ്റിയപ്പോഴും സംഗീതം മാത്രം തെളിനീര് പോലെ തെളിഞ്ഞുനിന്നു.
കൂടെ പഠിച്ചവരൊക്കെ പല നിലകളിൽ എത്തി, എല്ലാവരുടേയും വിവരങ്ങൾ അറിയുമ്പോഴും മനോജിനെക്കുറിച്ച് മാത്രം ഒരു വിവരവും ഉണ്ടായിരുന്നില്ല, അങ്ങനെയാണ് സഹപാഠികൾ മനോജിനെ തിരക്കിയിറങ്ങുന്നത്. തെരുവിൽ അലഞ്ഞുതിരിയുകയായിരുന്നു മനോജ്. തൃശൂർ കുന്നംകുളത്ത് വെച്ചാണ് മനോജിനെ കണ്ടത്.

കോളേജിൽ നിന്ന് ഇറങ്ങിയ ശേഷം ഗാനമേളകളിലൊക്കെ പാടിയിരുന്നു മനോജ്, കുറച്ച് കാലം സംഗീത അധ്യാപകനായി ജോലി ചെയ്തിരുന്നു, എന്നാൽ ഇടയ്ക്കെപ്പോഴോ താളം തെറ്റി. മാനസിക അസ്വസ്ഥയുണ്ടായി. അതോടെയാണ് എല്ലാം കീഴ്മേൽ മറിഞ്ഞത്. അച്ഛനും അമ്മയും മരിച്ചതോടെ തനിച്ചായി. പിന്നീട് തെരുവികളിലായി ജീവിതം. രാവിലെ മുതൽ തെരുവിൽ അലഞ്ഞുതിരിയും. ആരെങ്കിലും എന്തെങ്കിലും കൊടുത്താൽ ആയി. അത് വെച്ച് എന്തെങ്കിലും വാങ്ങിക്കഴിക്കും.
എല്ലാം തലകീഴ് മറിഞ്ഞപ്പോഴും സ്വരശുദ്ധി പോയില്ല, ആരും കേട്ടുനിന്നുപോകുന്ന ശബ്ദം.. ഹരിമുരളീരവവും ഹരിവരാസനവും പ്രയാസമില്ലാതെ പാടും. സംഗീതത്തിൽ എന്തെങ്കിലുമൊക്കെ ആകുമായിരുന്നു ഒരുപക്ഷേ മനോജ്. ഒപ്പം പഠിച്ചവരൊക്കെ ഗായകരായി പാടുമ്പോൾ മനോജ് പാടിയത് തെരുവിൽ നിന്നായിരുന്നു.
എന്നാൽ നഷ്ടപ്പെട്ട സ്വപ്നങ്ങൾ അയാൾക്ക് തിരിച്ച് ലഭിക്കുകയാണ്. മനോജിനെക്കുറിച്ചുള്ള വാർത്ത വൈറൽ ആയതിന് പിന്നാലെ ഇദ്ദേഹത്തെ തേടി വലിയൊരു അവസരം വന്നിരിക്കുകയാണ്. മനോജിന് സിനിമയിൽ പാടാൻ അവസരം ലഭിച്ചിരിക്കുകയാണ്.
ശശീന്ദ്ര സംവിധാനം നിർവഹിക്കുന്ന ഓറ എന്ന സിനിമയിൽ ഗാനം ആലപിക്കാനാണ് മനോജിന് അവസരം ലഭിച്ചിരിക്കുന്നത്. മനോജിന്റെ സുഹൃത്തും ഗായകനുമായ പേരാമ്പ്ര സ്വദേശി ശ്രീജിത്ത് കൃഷ്ണയാണ് മനോജിന് സിനിമയിൽ പാടാൻ അവസരം ലഭിച്ച കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത.
മനോജിന് ഇങ്ങനെയൊരു അവസരം കിട്ടിയതിൽ ഒരുപാട് സന്തോഷം ഉണ്ടെന്നും പിന്തുണച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. നഷ്ടപ്പെട്ട സ്വപ്നങ്ങളും ജീവിതവുമൊക്കെ മനോജിന് തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സുഹൃത്തുക്കൾ ആ സ്വരം സിനിമയിലൂടെ കേൾക്കാനും.












Click it and Unblock the Notifications