നിങ്ങള്‍ക്ക് കണ്ണില്‍ ചോരയില്ലേ? പുതിയ ജോലിക്കാരെ തേടി ഓഷ്യന്‍ഗേറ്റ്, കമ്പനിക്കെതിരെ വിമര്‍ശനം
വാഷിംഗ്ടണ്‍: ടൈറ്റന്‍ അന്തര്‍വാഹിനിയിലെ ദുരന്തം നടന്നിട്ട് 48 മണിക്കൂറുകള്‍ മാത്രമാണ് പിന്നിട്ടിരിക്കുന്നത്. എന്നാല്‍ അതിനുള്ളില്‍ ഓഷ്യന്‍ഗേറ്റിനെതിരെ വിമര്‍ശനമുയര്‍ന്നിരിക്കുകയാണ്. ടൈറ്റന്‍ അന്തര്‍വാഹിനി ഓഷ്യന്‍ഗേറ്റിന്റേതാണ്. പുതിയ ജോലിക്ക് അപേക്ഷകള്‍ ക്ഷണിച്ചതാണ് സോഷ്യല്‍ മീഡിയയെ മൊത്തത്തില്‍ ഞെട്ടിച്ചിരിക്കുന്നത്.
അന്തര്‍വാഹിനി ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ ഒഴിവിലേക്കാണ് പുതിയ ആളുകളെ ക്ഷണിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് കണ്ണില്‍ ചോരയില്ലേ തുടങ്ങിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ദുരന്തത്തില്‍ എല്ലാം നഷ്ടമായവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്ന കമ്പനിയുടെ വാക്കുകള്‍ ആത്മാര്‍ത്ഥതയില്ലാത്തതാണെന്നും ഇവര്‍ ആരോപിക്കുന്നു.

സബ് പൈലറ്റ് പോസ്റ്റിലേക്കാണ് ഓഷ്യന്‍ഗേറ്റ് പുതിയ ജോലിക്കാരെ തിരയുന്നത്. ഇതിന്റെ പരസ്യവും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു. നേരത്തെ ടൈറ്റാനിക് കാണാന്‍ പോയ ഈ അന്തര്‍വാഹിനിയിലെ അഞ്ച് യാത്രക്കാരും മരിച്ചിരുന്നു. അന്തര്‍വാഹിനി പൊട്ടിത്തെറിച്ചുവെന്നാണ് കണ്ടെത്തല്‍.
സബ് പൈലറ്റ് മരിച്ചതോടെ കമ്പനിയില്‍ ഒഴിവ് വന്നിരുന്നു. എന്നാല്‍ ഒന്ന് അനുശോചിക്കാന്‍ പോലും സമയം നല്‍കാതെയുള്ള കമ്പനിയുടെ സമീപനമാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. അതേസമയം വിമര്‍ശനത്തെ തുടര്‍ന്ന് കമ്പനി വിവാദമായ ജോബ് ഓഫര്‍ പിന്‍വലിച്ചിരിക്കുകയാണ്. അതേസമയം ഇപ്പോഴും വിമര്‍ശനം അവസാനിച്ചിട്ടില്ല.
കമ്പനിയിലേക്ക് സബ് പൈലറ്റോ, മറീന്‍ ടെക്‌നീഷ്യനോ ആയി അപേക്ഷിക്കാമെന്നാണ് ഓഷ്യന്‍ഗേറ്റ് പരസ്യത്തില്‍ അറിയിച്ചിരിക്കുന്നത്. ഓഷ്യന്‍ഗേറ്റിന്റെ അന്തര്‍വാഹിനികളും, ബോട്ടുകളും, ഓപ്പറേറ്റ് ചെയ്യാന്‍ അറിയുന്നവരെയാണ് തേടുന്നതെന്ന് പരസ്യത്തില്‍ പറയുന്നുണ്ട്.
മെക്കാനിക്കല്‍-ഇന്റര്‍പേഴ്‌സണല്‍ സ്‌കില്‍സും വേണമെന്നാണ് ഇവരുടെ ആവശ്യം. കഠിനാധ്വാനം ചെയ്യുന്ന, എന്നാല്‍ വളരെ തന്ത്രപ്രധാനമായ അന്തര്‍വാഹിനി മെയിന്റനന്‍സ്, സങ്കീര്‍ണമായ മെക്കാനിക്കല്‍ കാര്യങ്ങള്‍, എന്നിവ അറിയാവുന്നവരായിരിക്കണം അപേക്ഷിക്കേണ്ടതെന്നും ഓഷ്യന്‍ഗേറ്റ് പരസ്യത്തില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ തീര്‍ത്തും അനവസരത്തിലുള്ളതായി പോയി ഈ പരസ്യം എന്നാണ് വിമര്‍ശനം.
അതേസമയം തിരച്ചില്‍ ദൗത്യം ഇവരെ കണ്ടെത്താനായില്ലെന്ന് പറഞ്ഞ സമയത്താണ് ഈ പരസ്യം ഓഷ്യന്‍ഗേറ്റ് പുറത്തുവിട്ടതെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്. കോടീശ്വരനായ ഒരു സിഇഒയ്ക്ക് വേണ്ടിയാണ് നിങ്ങള്‍ ജോലിയെടുക്കുന്നതെങ്കില്‍, എല്ലാം തീര്‍ന്നു. നിങ്ങള്‍ മരിച്ച് കഴിഞ്ഞാല്‍, യാതൊരു കരുണയുമില്ലാതെ അന്ന് തന്നെ പുതിയൊരാളെ കമ്പനി നിയമിക്കുമെന്ന് ഒരു യൂസര്‍ വിമര്‍ശിച്ചു. ജോലിക്ക് വേണ്ടി സ്വന്തം ജീവന്‍ പോലും അപകടത്തിലാക്കുന്ന കാര്യം ചെയ്യരുതെന്നാണ് എല്ലാവരോടും പറയാനുള്ളതെന്നായിരുന്നു ആദം സ്‌കോട്ട് എന്നയാള്‍ കുറിച്ചത്. ഒരു കമ്പനിക്കും നിങ്ങള്‍ അത്ര പ്രധാനപ്പെട്ടയാളല്ലെന്നും സ്‌കോട്ട് പറഞ്ഞു.












Click it and Unblock the Notifications