പാകിസ്താനി വധുവിന് വിസ നിഷേധിച്ച് ഇന്ത്യ, വിവാഹം നടത്താന്‍ വരനും കുടുംബവും ചെയ്തത്...
ന്യൂഡല്‍ഹി: ഇന്ത്യയിലും പാകിസ്താനിലും ഒരുപോലെ അതിര്‍ത്തി കടന്നുള്ള വിവാഹങ്ങള്‍ വൈറലാവുകയാണ്. സീമ ഹൈദര്‍-സച്ചിന്‍, അഞ്ജു-നസ്രുള്ള പ്രണയങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പേ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതാണ്. എന്നാല്‍ അത്തരത്തില്‍ മറ്റൊരു റിപ്പോര്‍ട്ട് കൂടി ഇപ്പോള്‍ വൈറലായിരിക്കുകയാണ്. രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നുള്ള അര്‍ബാസ് എന്ന യുവാവും, പാകിസ്താനില്‍ നിന്നുള്ള അമീനയും തമ്മിലുള്ള വിവാഹം ഇന്ത്യയില്‍ വെച്ച് നടക്കേണ്ടതായിരുന്നു. എന്നാല്‍ ഇന്ത്യന്‍ അധികൃതര്‍ യുവതിക്ക് വിസ നിഷേധിക്കുകയായിരുന്നു.
ഇതോടെ വിവാഹം മുടങ്ങുമെന്ന അവസ്ഥ വന്നു. എന്നാല്‍ വിവാഹം നടത്താന്‍ അര്‍ബാസും കുടുംബവും നടത്തിയ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്.യുവാവ് വിര്‍ച്വലി ഈ യുവതിയെ വിവാഹം ചെയ്തിരിക്കുകയാണ്. അതായത് വിവാഹവും, അതുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകളും എല്ലാം ഓണ്‍ലൈനായിട്ടാണ് നടന്നത്. ബുധനാഴ്ച്ച രാത്രിയായിരുന്നു വിവാഹം. എല്ലാ ചടങ്ങുകളും സാധാരണ രീതിയില്‍ തന്നെയാണ് നടന്നത്.

നിക്കാഹ് ഇന്ത്യയില്‍ നിന്നും പാകിസ്താനില്‍ നിന്നുമുള്ള ഖാസിമാരാണ് ഔദ്യോഗികമായി അംഗീകരിച്ചത്. കുടുംബാംഗങ്ങളും, ബന്ധുക്കളും ഇരുവരുടെയും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ജോധ്പൂരില്‍ ചടങ്ങ് വലിയ ആഘോഷമായിരുന്നു ഇവിടെ വമ്പന്‍ എല്‍ഇഡി സ്‌ക്രീനുകള്‍ സ്ഥാപിച്ചിരുന്നു വരന്റെ കുടുംബം. അതിലൂടെ ബന്ധുക്കള്‍ക്ക് വിവാഹം കാണാന്‍ സാധിക്കുകയും ചെയ്തു.
ജോധ്പൂരിലെ കരാറുകാരനായ മുഹമ്മദ് അഫ്‌സല്‍ എന്നയാളുടെ ഇളയ മകനാണ് അര്‍ബാസ്. വിവാഹം കഴിഞ്ഞതോടെ ഭാര്യക്കുള്ള വിസ ശരിയാക്കാനാണ് അര്‍ബാസ് ശ്രമിക്കുന്നത്. ഇന്ത്യയിലേക്ക് അവരെ കൊണ്ടുവരാനാണ് ശ്രമം. ഞങ്ങളുടെ ബന്ധുക്കള്‍ പാകിസ്താനിലുണ്ട്. ഇത് ബന്ധുക്കള്‍ മുഖേന പറഞ്ഞുറപ്പിച്ച വിവാഹമാണ്. എന്നാല്‍ ഇന്ത്യ-പാകിസ്താന്‍ ബന്ധം മോശമായതിലൂടെ വിവാഹം ഓണ്‍ലൈനായി നടത്തേണ്ടി വന്നിരിക്കുകയാണ്.
ഭാര്യക്ക് വിസ ലഭ്യമാക്കാന്‍ കുറച്ച് സമയം എടുക്കുമെന്നും അര്‍ബാസ് പറഞ്ഞു. അതേസമയം പാകിസ്താനില്‍ വെച്ചായിരുന്നു വിവാഹം നടന്നതെങ്കില്‍ അത് ഇന്ത്യയില്‍ അംഗീകരിക്കുമായിരുന്നില്ലെന്നും അര്‍ബാസ് വ്യക്തമാക്കി. അതേസമയം പാകിസ്താനില്‍ വെച്ച് വിവാഹം നടന്നാല്‍, യുവാവ് തിരിച്ച് ഇന്ത്യയിലെത്തി ഒരിക്കല്‍ കൂടി വിവാഹം കഴിക്കേണ്ടി വരും. യുവതി ഇന്ത്യയിലെ വിവാഹം ചൂണ്ടിക്കാണിച്ചായിരുന്നു വിസയ്ക്ക് അപേക്ഷിച്ചത്. എന്നാല്‍ അത് അധികൃതര്‍ തള്ളിക്കളയുകയായിരുന്നു.
ഇനി ഭര്‍ത്താവിന്റെ ഇന്ത്യന്‍ പൗരത്വം ചൂണ്ടിക്കാണിച്ച് ഇവര്‍ക്ക് ഇന്ത്യയിലേക്ക് വരാനാവും. മരുമകളുടെ വരവിനായി കാത്തിരിക്കുകയാണെന്ന് അര്‍ബാസിന്റെ പിതാവും പറഞ്ഞു. ഇവര്‍ക്കായി സ്വീകരണവും കുടുംബം ഒരുക്കുന്നുണ്ട്. സാധാരണ കുടുംബങ്ങള്‍ക്ക് വിവാഹം ഓണ്‍ലൈന്‍ വഴി നടത്തുന്നത് നല്ലതാണ്. അവര്‍ക്ക് ചെലവുകള്‍ കുറയ്ക്കാന്‍ സാധിക്കും. ഈ വിവാഹത്തിന് തനിക്ക് വലിയ തുക ചെലവായിട്ടില്ല. വധുവിന്റെ കുടുംബം ലളിതമായി ജീവിക്കുന്നവരായിരുന്നുവെന്നും അര്‍ബാസ് പറഞ്ഞു.












Click it and Unblock the Notifications