ബെറ്റ്! വി കെ ശ്രീകണ്ഠൻ ജയിച്ചാൽ ഓരോ വോട്ടിനും ഒരോ രൂപ വീതം; 75,283 രൂപ ആര്യയ്ക്ക് നൽകി റഫീഖ്
പാലക്കാട്: ലോക് സഭാ തിരഞ്ഞെടുപ്പിൽ കേരളം യു ഡി എഫ് തൂത്തുവാരി. ഒരു സീറ്റ് മാത്രമാണ് എൽ ഡി എഫിന് ലഭിച്ചത്. ബി ജെ പി ആദ്യമായി അക്കൗണ്ട് തുറക്കുകയും ചെയ്തു. വോട്ടെണ്ണൽ ദിവസം സുഹൃത്തുക്കൾക്കിടയിൽ ബെറ്റ് വെയ്ക്കുന്നത് സാധാരണമാണ്. അങ്ങനെയാണ് തിരുവേഗപ്പുറ സ്വദേശി റഫീഖ് ആര്യയുമായി ബെറ്റ് വെച്ചത്.
ലോക് സഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി വി കെ ശ്രീകണ്ഠൻ ജയിച്ചാൽ ഓരോ വോട്ടിനും ഒരോ രൂപ വീതം നൽകാം എന്നായിരുന്നു ബെറ്റ്. വി കെ ശ്രീകണ്ഠൻ 75,283 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആണ് വിജയിച്ചത്. റഫീഖ് എന്തായാലും പറഞ്ഞ വാക്ക് പാലിച്ചു.

75,283 രൂപ വിളത്തൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ആര്യയ്ക്ക് നൽകി. ആര്യ ജോലി ജോലി ചെയ്യുന്ന ഫർണീച്ചർ സ്ഥാപനത്തിൽ സാധനങ്ങൾ എടുക്കാൻ വന്നപ്പോഴുണ്ടായ രാഷ്ട്രീയ ചർച്ചകൾക്കൊടുവിലാണ് ഇരുവരും ബെറ്റ് വെച്ചത്. റഫീഖ് പ്രദേശത്ത് സി പി എം പ്രവർത്തകൻ ആണ്.
ആര്യയുടെ ഭർത്താവ് സുജീഷ് കോൺഗ്രസ് ബൂത്ത് പ്രസിഡന്റാണ്. കടയിൽ കൂടെയുണ്ടായവരെ സാക്ഷി നിർത്തിയായിരുന്നു പന്തയം. പന്തയ തുക നൽകുമ്പോഴും സാക്ഷികൾ ഉണ്ടായിരുന്നു. പണം കൈമാറുന്ന ചിത്രങ്ങളും വീഡിയോയകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
4,21,169 വോട്ടുകളാണ് ശ്രീകണ്ഠന് ലഭിച്ചത്. കഴിഞ്ഞ തവണ 11,637 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു അദ്ദേഹം ജയിച്ചതെങ്കിൽ ഇത്തവണ എൽ ഡി എഫ് സ്ഥാനാർത്ഥി എ വിജയ രാഘവനെക്കാൾ 75,283 വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിനാണ് ശ്രീകണ്ഠൻ ജയിച്ചത്.
2019 ലെ തിരഞ്ഞെടുപ്പിൽ നഷ്ടമായ എൽ ഡി എഫിന്റെ ശ്രമം ഫലം കണ്ടില്ല. 3,45,886 വോട്ടുകൾ എ. വിജയരാഘവനും 2,51,778 വോട്ടുകൾ സി. കൃഷ്ണകുമാറിനും ലഭിച്ചു.












Click it and Unblock the Notifications