18 കോടി രൂപ വിലമതിക്കുന്ന 25 കിലോ സ്വര്‍ണം ധരിച്ച് കുടുംബത്തിന്റെ ക്ഷേത്രസന്ദര്‍ശനം; വീഡിയോ വൈറല്‍
ഹൈദരാബാദ്: 25 കിലോ സ്വര്‍ണം ധരിച്ച് തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പൂനെയില്‍ നിന്നുള്ള കുടുംബം. ആന്ധ്രാപ്രദേശിലെ പ്രശസ്തമായ ക്ഷേത്രമാണ് തിരുമല വെങ്കിടേശ്വര ക്ഷേത്രം. രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയും ഒരു കുട്ടിയുമടങ്ങുന്ന നാലംഗ കുടുംബമാണ് 18 കോടി രൂപ വിലമതിക്കുന്ന 25 കിലോ സ്വര്‍ണം ധരിച്ച് തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്.
നിരവധി സ്വര്‍ണ്ണ ചെയിനുകള്‍, സ്വര്‍ണ്ണ സണ്‍ഗ്ലാസുകള്‍, വളകള്‍, മാലകള്‍ എന്നിവ അടക്കം നിരവധി ആഭരണങ്ങള്‍ എന്നിവ ധരിച്ചാണ് ഇവര്‍ ക്ഷേത്രം സന്ദര്‍ശിച്ചത്. നേവി ബ്ലൂ കാക്കി സ്യൂട്ട് ധരിച്ച രണ്ട് പേരും ഒരു പൊലീസുകാരനും ഇവര്‍ക്ക് സുരക്ഷയൊരുക്കാനായി കൂടെയുണ്ടായിരുന്നു. പിടിഐ ആണ് ഇവരുടെ ക്ഷേത്ര സന്ദര്‍ശനത്തിന്റെ വീഡിയോ പുറത്തുവിട്ടത്. എന്നാല്‍ എന്ത് കാരണത്താലാണ് ഇവര്‍ ഇത്തരത്തില്‍ ക്ഷേത്രത്തില്‍ എത്തിയത് എന്ന് വ്യക്തമല്ല.

നാലംഗ കുടുംബം കൂപ്പുകൈകളുമായി നില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. കഴുത്തില്‍ കട്ടിയുള്ള ചങ്ങലയുമായി വെള്ള വസ്ത്രവും ധോത്തിയും ധരിച്ച രണ്ട് പുരുഷന്മാരും സ്വര്‍ണ്ണ നിറത്തിലുള്ള സാരി ധരിച്ച ഒരു സ്ത്രീയും ആഭരണങ്ങളാല്‍ പൊതിഞ്ഞാണ് ക്ഷേത്രത്തിലെത്തിയത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇവര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വലിയ വിമര്‍ശനവും ഉയരുന്നുണ്ട്.
എന്തിനാണ് ദൈവത്തിനു മുന്നില്‍ ഈ പ്രകടനം എന്നാണ് ഒരാള്‍ എക്‌സില്‍ ചോദിക്കുന്നത്. ആദായ നികുതി വകുപ്പ് നിങ്ങളെ നിരീക്ഷിക്കുന്നുണ്ട് എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം നിബിഡ വനത്തിന് നടുവിലാണ് സ്ഥിതി ചെയ്യുന്നത്. ഹിന്ദുമത വിശ്വാസികള്‍ ഇത് ഏറ്റവും പുണ്യസ്ഥലമായി കണക്കാക്കുന്നു.
മഹാവിഷ്ണുവിന്റെ അവതാരമാണെന്ന് വിശ്വസിക്കപ്പെടുന്ന വെങ്കിടേശ്വരനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. വാസ്തുവിദ്യാപരമായും ഈ ക്ഷേത്രത്തിന് പ്രാധാന്യമുണ്ട്. ക്ഷേത്രത്തില്‍ പ്രതിദിനം 75,000 മുതല്‍ 90,000 വരെ തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്നു. ജൂലൈ മാസത്തില്‍ മാത്രം 125 കോടി രൂപയുടെ വഴിപാടാണ് ക്ഷേത്രത്തിന് ലഭിച്ചത്. ജൂലൈയില്‍ 22 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു.
കലിയുഗത്തിലെ പരീക്ഷണങ്ങളില്‍ നിന്നും കഷ്ടതകളില്‍ നിന്നും മനുഷ്യരാശിയെ രക്ഷിക്കാന്‍ ഭൂമിയില്‍ അവതരിച്ച വിഷ്ണുവിന്റെ പ്രതിരൂപമാണ് വെങ്കിടേശ്വരന്‍ എന്നാണ് വിശ്വാസം. ശ്രീനിവാസന്‍, ബാലാജി, വേകടാചലപതി എന്നീ പേരുകളില്‍ അറിയപ്പെടുന്ന വെങ്കിടേശ്വര ഭഗവാന്‍ അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുമലയെ തന്റെ വാസസ്ഥലമാക്കിയെന്നാണ് ഐതിഹ്യം. 16.2 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്ര സമുച്ചയം സ്ഥിതി ചെയ്യുന്നത്.












Click it and Unblock the Notifications