പിണക്കം മാറ്റി വിജയ് അമേരിക്കയില്‍ നിന്നെത്തി; മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രം വൈറല്‍
ചെന്നൈ: നടന്‍ വിജയ് മാതാപിതാക്കള്‍ക്കൊപ്പം പോസ് ചെയ്ത ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. അമേരിക്കയില്‍ നിന്ന് സിനിമാ തിരക്കുകള്‍ ഒഴിഞ്ഞപ്പോള്‍ നേരെ വന്നത് പിതാവിനെ കാണാന്‍. പിതാവ് എസ്എ ചന്ദ്രശേഖറുമായി വിജയ് പിണക്കത്തിലാണ് എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. അമ്മയോട് മാത്രമാണ് അദ്ദേഹം സംസാരിക്കാറുള്ളത് എന്ന വാര്‍ത്തകളുമുണ്ടായിരുന്നു.
എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടാണ് പുതിയ ചിത്രം പുറത്തുവന്നിരിക്കുന്നത്. എസ്എ ചന്ദ്രശേഖര്‍ തന്നെയാണ് മകനൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. മനുഷ്യമനസിനുള്ള ഏറ്റവും വലിയ ഔഷധം കുടുംബ ബന്ധമാണ് എന്ന് അദ്ദേഹം ചിത്രത്തിനൊപ്പം കുറിച്ചു. പിതാവിനെ കാണുന്നതിന് ഒരു കാരണമുണ്ടെന്ന് വിജയുമായി അടുപ്പമുള്ളവര്‍ പറയുന്നു.

എസ്എ ചന്ദ്രശേഖര്‍ ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ്. ശസ്ത്രക്രിയ നടക്കുന്ന വേളയില്‍ വിജയ് അമേരിക്കയിലായിരുന്നുവത്രെ. വെങ്കിട്ട് പ്രഭുവിന്റെ പുതിയ ചിത്രത്തിന്റെ പ്രാരംഭ ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് വിജയ് അമേരിക്കയില്‍ നിന്ന് കഴിഞ്ഞ ദിവസം ചെന്നൈയിലെത്തിയത്. ശേഷം നേരത്തെ അദ്ദേഹം പിതാവിനെ കാണാന്‍ പോകുകയായിരുന്നു.
എസ്എ ചന്ദ്രശേഖറും വിജയും കസേരയില്‍ തൊട്ടടുത്തായി ഇരിക്കുന്നതും അമ്മ ശോഭ ചന്ദ്രശേഖര്‍ ഇരുവര്‍ക്കും പിന്നില്‍ തോളില്‍ കൈയ്യിട്ട് നില്‍ക്കുന്നതുമാണ് ഫോട്ടോ. ഇത് പുറത്തുവന്ന ഉടനെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പിതാവും വിജയും തമ്മില്‍ തര്‍ക്കമാണ് എന്ന പ്രചാരണത്തിന് മറുപടിയായിട്ടാണ് വിജയുടെ ആരാധകര്‍ ചിത്രം പങ്കുവയ്ക്കുന്നത്.
വിജയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെയാണ് പിതാവുമായി വിജയ് ഉടക്കിയത് എന്ന് വാര്‍ത്തകളുണ്ടായിരുന്നു. വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് നേരത്തെ ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. ഒരു വേള വിജയുടെ പേരില്‍ പുതിയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനും ശ്രമിച്ചു. വിജയുടെ താല്‍പ്പര്യത്തിന് വിരുദ്ധമായിട്ടായിരുന്നു ചന്ദ്രശേഖറിന്റെ ഈ നീക്കം.
വിജയ് കോടതിയെ സമീപിക്കുകയും തന്റെ പേര് രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന് വേണ്ടി ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നീടാണ് ചന്ദ്രശേഖറുമായി വിജയ് നല്ല ബന്ധത്തിലല്ല എന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ എല്ലാ പ്രചാരണങ്ങളും അസ്ഥാനത്താക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ചിത്രം.
അതേസമയം, വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്ന സൂചനകള്‍ തമിഴ്‌നാട്ടില്‍ ഇപ്പോഴുമുണ്ട്. വിദ്യാര്‍ഥികളുമായുള്ള അദ്ദേഹത്തിന്റെ സംവാദം, പഠന ആവശ്യങ്ങള്‍ക്ക് വഴിയൊരുക്കല്‍, പുതിയ സര്‍വ്വെ സംഘടിപ്പിക്കല്‍ എന്നിവയെല്ലാം രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവയ്ക്കുന്നതിന്റെ മുന്നോടിയായിട്ടാണ് വിജയ് ആരാധക കൂട്ടായ്മ സംഘടിപ്പിക്കുന്നത് എന്നാണ് പറയുന്നത്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴകത്ത് വിജയ് രാഷ്ട്രീയ പോരിനിറങ്ങുമെന്നാണ് പ്രചാരണം.












Click it and Unblock the Notifications