ഷോപ്പിംഗ് ബാസ്‌കറ്റ് എടുത്ത ഉപയോക്താക്കള്‍ ഞെട്ടി, ആറടി നീളത്തില്‍ പെരുമ്പാമ്പ്, സംഭവിച്ചത് ഇങ്ങനെ
വാഷിംഗ്ടണ്‍: അമേരിക്കയിലെ അയോവയില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയവര്‍ക്കുണ്ടായത് ഞെട്ടിക്കുന്ന അനുഭവം. സാധനങ്ങള്‍ വെക്കുന്ന ബാസ്‌കറ്റ് പരിശോധിച്ചപ്പോഴാണ് ഉപഭോക്താക്കള്‍ ഞെട്ടിയത്. ആറടി നീളത്തിലുള്ള പെരുമ്പാമ്പിനെയാണ് കണ്ടെത്തിയത്. ചുവന്ന തൊലിയോടെ കാണപ്പെടുന്ന പെരുമ്പാമ്പാണിത്. ബോവ കോണ്‍സ്ട്രിക്റ്റര്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. എന്നാല്‍ ഇവ ആരെയും ഉപദ്രവിച്ചില്ല എന്നത് വലിയ ഭാഗ്യമായി മാറുകയായിരുന്നു.
അതേസസമയം ഈ പെരുമ്പാമ്പിനെ അധികൃതര്‍ സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ അധികൃതര്‍ ഈ പാമ്പ് എങ്ങനെ ഇവിടെ എത്തിയെന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ്. കടയിലെ സാധനങ്ങള്‍ വെക്കുന്ന ബാസ്‌കറ്റില്‍ ഇവ എത്താനുള്ള സാധ്യത തീരെയില്ലായിരുന്നു. എന്നിട്ടും എങ്ങനെ വന്നുവെന്നാണ് അധികൃതര്‍ അന്വേഷിക്കുന്നത്. അയോവയിലെ സിയൂക്‌സ് സിറ്റിയില്‍ ശനിയാഴ്ച്ച രാവിലെയാണ് സംഭവം നടന്നത്.

രാവിലെ പതിനൊന്നരയോടെയാണ് ആനിമല്‍ കണ്‍ട്രോള്‍ വിഭാഗത്തെ വിളിക്കുന്നത്. ഈ പെരുമ്പാമ്പിനെ ഇവിടെ നിന്ന് മാറ്റി ആളുകളെ സുരക്ഷിതമാക്കുകയായിരുന്നു ആദ്യ മാര്‍ഗം. പിന്നീട് ഇവയ്ക്ക് യാതൊന്നും സംഭവിക്കാതെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും ചെയ്യണമായിരുന്നു. അതേസമയം ഉപയോക്താക്കളാണോ, ഇവിടെയുള്ള ജീവനക്കാരാണോ പെരുമ്പാമ്പിനെ ആദ്യം കണ്ടതെന്ന കാര്യത്തില്‍ വ്യക്തതയില്ല.
അതേസമയം ഈ പാമ്പ് കടയുടെ പുറത്ത് വെച്ചിരുന്ന ഒരു ബാസ്‌കറ്റിലാണ് പാമ്പുണ്ടായിരുന്നതെന്നും, സാധനം വാങ്ങാന്‍ വന്നയാള്‍ അതുമെടുത്ത് കടയുടേത്ത് അകത്തേക്ക് വന്നതോടെയാണ് ഈ പാമ്പ് ഉള്ളിലെത്തിയതെന്നാണ് കരുതുന്നത്. നിലവില്‍ സിയൂക്‌സ് സിറ്റി ആനിമല്‍ അഡോപ്ഷന്‍ ആന്‍ഡ് റെസ്‌ക്യൂ സെന്ററിലാണ് ഈ പാമ്പ് ഇപ്പോഴുള്ളത്. ഇവിടെയുള്ള സിസിടിവി ദൃശ്യങ്ങളെല്ലാം പരിശോധിച്ചിട്ടും പാമ്പ് എവിടെ നിന്നാണ് വന്നതെന്ന് മനസ്സിലാക്കാനായിട്ടില്ല.
എങ്ങനെ ബാസ്‌കറ്റില്‍ എത്തിയെന്നും അറിയാനായിട്ടില്ലെന്ന് ഈ കടയിലെ ജീവനക്കാരന്‍ പറഞ്ഞു. ആണ്‍ പെരുമ്പാമ്പിന് ആറ് മുതല്‍ എട്ടടി നീളം വരുമെന്നാണ് വിസ്‌കോന്‍സിനിലെ റേസിന്‍ സൂ അധികൃതര്‍ പറയുന്നത്. പെണ്‍ പെരുമ്പാമ്പുകളാണെങ്കില്‍ 7 മുതല്‍ 9 അടി വരെ നീളമുണ്ടായത്. മുപ്പത് പൗണ്ട് ഭാരമാണ് ഇവയ്ക്കുണ്ടാവുക. അതേസമയം ഈ പാമ്പ് ആരെയും ഉപദ്രവിച്ചില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് പറയുന്നു.
ലാറ്റിനമേരിക്കയിലാണ് ഈ പാമ്പുകളെ ധാരാളമായി കണ്ടുവരുന്നത്. പക്ഷികള്‍, എലികള്‍, കുരങ്ങന്മാര്‍ എന്നിവയാണ് ഈ പെരുമ്പാമ്പുകളുടെ പ്രധാന ഭക്ഷണം. അതേസമയം ചിലര്‍ ഈ പെരുമ്പാമ്പിനെ പാര്‍ക്കിംഗ് ഏരിയയില്‍ കണ്ടിരുന്നുവെന്നാണ് പറഞ്ഞത്. എന്നാല്‍ ഇതിനെ ആരെങ്കിലും ഉപേക്ഷിച്ച് പോയതാണോ എന്നും അറിയില്ല. സിയൂക്‌സ് സിറ്റിയില്‍ ഈ പാമ്പിനെ വളര്‍ത്തുന്നത് നിയമവിരുദ്ധമാണ്.












Click it and Unblock the Notifications