ബാഡ്മിൻറൺ കളിച്ച് സ്വരൂപിച്ച പണം കൊണ്ട് വീട്ടുജോലിക്കാരിക്ക് സർപ്രൈസ്; മിടുക്കന് കയ്യടി
സോഷ്യൽ മീഡിയയിൽ പല വീഡിയോകളും വൈറൽ ആവാറുണ്ട്. എന്നാൽ അവയിൽ ചിലതാെക്കെ കണ്ടുകഴിയുമ്പോൾ നമ്മുടെ മനസ്സും കണ്ണുമൊക്കെ അറിയാതെ നിറയും. അത്തരത്തിൽ ഒരു വീഡിയോയെ കുറിച്ചാണ് പറയാൻ പോകുന്നത്. ഈ വീഡിയോ കണ്ടവരുടെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കുന്ന അവസ്ഥയിലാണ്.
പരസ്പരം സ്നേഹത്തോടെ കഴിയുക, നമ്മുടെ ഒപ്പമുള്ള മനുഷ്യരോട് കരുണയോട് പെരുമാറുക എന്ന് പറയുന്നതൊന്നും ചെറിയ കാര്യമല്ല. ചെറിയ പ്രായത്തിൽ തന്നെ ഈ ഗുണങ്ങൾ ഉണ്ടാവുന്നത് തന്നെ വലിയ കാര്യമാണ്. അത്തരത്തിൽ ചെറിയ പ്രായത്തിൽ തന്നെ വലിയ മനസ്സിന്റെ ഉടമയായ ഒരു കുട്ടിയെ കുറച്ചാണ് പറയാൻ പോകുന്നത്. അങ്കിത് എന്നാണ് ഈ മിടുക്കന്റെ പേര്. ഈ മിടുക്കൻ ചെയ്ത പ്രവൃത്തി സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. എന്താണെന്ന് വിശദമായി അറിഞ്ഞാലോ.

അച്ഛനോടും അമ്മയോടും മക്കൾക്ക് സ്നേഹമുണ്ടാകും, എന്നാൽ ആയയോടോ, അതെ അങ്കിതിന് തന്റെ ആയയോട് എത്രത്തോളം ആഴത്തിലാണ് സ്നേഹം ഉള്ളതെന്ന് വ്യക്തമാക്കുന്നതാണ് സംഭവം. തന്റെ വീട്ടിലെ ജോലിക്കാരിയും വളരെ ചെറുപ്പത്തിൽ തന്നെ തന്നെ നോക്കിവളർത്തുകയും ചെയ്ത സരോജത്തിന് താൻ ബാഡ്മിൻറൺ ടൂർണമെന്റുകളിൽ കളിച്ച് കിട്ടിയ തുക സ്വരൂപിച്ച് ഒരു കൊച്ചു സമ്മാനം വാങ്ങിനൽകിയിരിക്കുകയാണ് അങ്കിത്. തമിഴ്നാട് സ്വദേശിയാണ് അങ്കിത്.
ഒരു മൊബൈൽ ഫോണാണ് അങ്കിത് സരോജത്തിന് സമ്മാനിച്ചത്. അങ്കിതിന്റെ പിതാവ് ബാലാജിയാണ് ഇക്കാര്യം എക്സിൽ പങ്കുവെച്ചിരിക്കുന്നത്. അങ്കിത് സരോജത്തിന് മൊബൈൽ ഫോൺ സമ്മാനിക്കുന്ന ചിത്രവും ബലാജി പങ്കുവെച്ചു. വാരാന്ത്യ ടൂർണമെന്റുകളിൽ കളിച്ച് അങ്കിത് ഇതുവരെ 7000 രൂപ നേടിയിട്ടുണ്ട്.
ഇന്ന് അവന്റെ വിജയത്തിൽ നിന്നും ഞങ്ങളുടെ പാചകക്കാരി സരോജക്ക് 2000 രൂപയുടെ ഒരു മൊബൈൽ ഫോൺ സമ്മാനിച്ചു. അവന് ആറ് മാസം പ്രായമുള്ളപ്പോൾ മുതൽ സരോജം മകനെ പരിപാലിക്കുന്നുണ്ട്. മാതാപിതാക്കൾ എന്ന നിലയ്ക്ക് എനിക്കും മീരാ ബാലാജിക്കും ഇതിൽ കൂടുതൽ എന്ത് സന്തോഷമാണ് വേണ്ടത്, ബാലാജി കുറിച്ചു.
നിരവധിപേരാണ് അങ്കിതിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് കൊണ്ട് കമന്റുകൾ ഇടുന്നത്. ചെറു പ്രായത്തിൽ തന്നെ ഇത്ര നല്ല പെരുമാറ്റം ഉള്ള അങ്കിത് വലുതാവുമ്പോൾ ഒരുപാട് ഉയരത്തിലെന്നുമെന്ന് ചിലർ പറഞ്ഞു. മകനെ ഇത്തരത്തിൽ വളർത്തിയ രക്ഷിതാക്കളെയും അഭിനന്ദിച്ച് കമന്റുകളുണ്ട്.












Click it and Unblock the Notifications