കീറിയ ഷർട്ടും പാന്റും, കയ്യിൽ പാത്രവും, 24 മണിക്കൂർ യാചകനായി യുവാവ്; ഒടുവിൽ സംഭവിച്ചത് ഇങ്ങനെ
ഭിക്ഷയെടുത്ത് ജീവിക്കണമെന്ന് ആരും ആഗ്രഹിക്കുകയില്ലല്ലോ. ജീവിതത്തിൽ എല്ലാ വഴികളും മുട്ടുമ്പോൾ, മറ്റൊരു വഴിയും മുന്നിലില്ലാതെ വരുമ്പോഴാണ് ചിലർ മറ്റുള്ളവരുടെ ദയയ്ക്ക് വേണ്ടി കൈനീട്ടുന്നത്. എന്നാൽ ഇവിടെ ഒരു യുവാവ് 24 മണിക്കൂർ നേരത്തേക്ക് യാചകനായി മാറിയിരിക്കുകയാണ്. പന്താ ദേബ് എന്ന യുവാവാണ് ഒരുദിവസം മുഴുവൻ ഭിക്ഷാടനം നടത്താൻ തീരുമാനിച്ചത്.
കൊൽക്കത്തയിൽ ഉള്ള സോഷ്യൽമീഡിയ ഇൻഫ്ലുവൻസറാണ് പന്താ ദേബ്. ഭിക്ഷാടനത്തിന്റെ വീഡിയോ പന്താ ദേബ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. " 24 ഹവേഴ്സ് ബെഗിംഗ് ചലഞ്ച് " എന്ന ക്യാപ്ഷനോട് കൂടിയാണ് പന്താ ദേബ് വീഡിയോ പങ്കുവെച്ചത്. കീറിപ്പറിഞ്ഞ ടീ ഷർട്ടും പാന്റും ധരിച്ച് കയ്യിലൊരു പാത്രവുമായി പാലത്തിനടയിലിരുന്നും നടന്നുമൊക്കെ യുവാവ് ഭിക്ഷ യാചിക്കുന്നുണ്ട്.

PC: pantha_the_last_roll_number/ insta
ഭിക്ഷാടനത്തോടുള്ള പൊതുപ്രതികരണം അറിയാനായിരുന്നു യുവാവിന്റെ ഈ ശ്രമം. ചിലർ പണം നൽകുന്നുണ്ട്. ചിലർ യുവാവിനെ നോക്കാതെ കടന്നുപോകുകയും ചെയ്യുന്നു. ദിവസവും മുഴുവൻ യാചിച്ച് കിട്ടിയ പണം പന്താ ദേവ് വീടില്ലാത്ത ഒരു സ്ത്രീക്കാണ് നൽകിയത്. യുവാവിന്റെ ഈ പ്രവൃത്തിയെ അനുകൂലിച്ചും വിമർശിച്ചും ആളുകൾ രംഗത്തെത്തുന്നുണ്ട്.
പന്താ ദേബിന്റെ ഈ പരീക്ഷണം ദാരിദ്ര്യത്തിൽ ജീവിക്കുന്നവരുടെ പോരാട്ടങ്ങളെ നിസ്സാരമാക്കുന്നുവെന്നാണ് ചിലർ പറയുന്നത്. എന്നാൽ ഗൗരവമേറിയ സാമൂഹിക പ്രശ്‌നങ്ങൾ സമൂഹത്തിന് മുന്നിൽ എത്തിക്കാൻ സാധിച്ചുവെന്നാണ് ചിലർ പറയുന്നത്. ദിവസവും മുഴുവൻ ഭിക്ഷയെടുത്ത് കിട്ടിയ പണം സഹായമായി നൽകാൻ കാണിച്ച മനസ്സിനെയും അഭിനന്ദിക്കുന്നുണ്ട്.












Click it and Unblock the Notifications