അതിഥികളോട് 5 വയസ്സുകാരന്റെ പ്രാങ്ക്, പോക്കറ്റ് തപ്പിയവര്‍ അന്തംവിട്ടു, ദമ്പതിമാര്‍ക്കും പണികിട്ടി
വീട്ടില്‍ ഒരു വിവാഹം നടക്കുമ്പോള്‍ കാര്യങ്ങളൊക്കെ നമുക്ക് നേരാം വണ്ണം ശ്രദ്ധിക്കാന്‍ പറ്റില്ല. അത്രയ്ക്ക് തിരക്കായിരിക്കും. കുട്ടികളുടെ കാര്യമാണ് ഏറ്റവും പ്രശ്മാവുക. അവരെന്താണ് ചെയ്യുകയെന്ന് നമുക്ക് പറയാന്‍ കഴിയില്ല. കാരണം വികൃതി ഏറെയുള്ള കുട്ടികളുണ്ടെങ്കില്‍ വിവാഹം തന്നെ അലങ്കോലമാകും. അതുപോലൊരു സംഭവമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.
ഒരു അഞ്ച് വയസ്സുകാരന്റെ കുസൃതി നിറഞ്ഞ പ്രാങ്ക് വൈറലായിരിക്കുകയാണ്. സംഭവം കേട്ട സോഷ്യല്‍ മീഡിയയിലെ ഓരോ ആളുകളും പൊട്ടിച്ചിരിച്ച് പോയ സംഭവമാണിത്. കുട്ടിയെ നോക്കാന്‍ സമയമില്ലാത്തത് കൊണ്ട് അവനൊരു കളിപ്പാട്ടത്തിന്റെ കിറ്റാണ്, അമ്മായി നല്‍കിയത്. ചെറിയ താറാവിന്റെ കളിപ്പാട്ടങ്ങളുടെ ഒരു കിറ്റായിരുന്നു ഇത്.നൂറ് ചെറിയ താറാവ് കളിപ്പാട്ടമായിരുന്നു ഈ കിറ്റില്‍ ഉണ്ടായിരുന്നത്. എന്നാല്‍ കുട്ടികളുടെ കുറുമ്പിന് ഒരു കുറവുമുണ്ടാവില്ലഎന്ന കാര്യം ഇവര്‍ ഓര്‍ത്തില്ല. ഈ കളിപ്പാട്ടം ഉപയോഗിച്ച് അവന്‍ കളിച്ചോളും ബുദ്ധിമുട്ടിക്കില്ലെന്നായിരുന്നു എല്ലാവരും കരുതിയത്.

എന്നാല്‍ ഈ കുട്ടിയുടെ പ്രാങ്ക് അമ്പരപ്പിക്കുന്ന തരത്തിലായിരുന്നു. ആ വിവാഹ ദിവസം മുഴുവന്‍ ഈ കളിപ്പാട്ടത്തിനൊപ്പമായിരുന്നു അഞ്ച് വയസ്സുകാരന്‍. വിവാഹത്തിന് വന്ന അതിഥികളുടെ ബാഗുകളിലും പോക്കറ്റുകളിലുമെല്ലാം ഇതില്‍ ഓരോ കളിപ്പാട്ടം ഒളിപ്പിച്ച് വെക്കുകയായിരുന്നു കുട്ടി. എന്നാല്‍ കുടുംബത്തിലെ ഒരാള്‍ പോലും ഇതറിഞ്ഞില്ല. അത്ര രഹസ്യമായിട്ടായിരുന്നു കുട്ടിയുടെ ഓരോ നീക്കവും.
വിവാഹവും കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മാത്രമാണ് പലരും ഇങ്ങനൊരു കാര്യം തിരിച്ചറിഞ്ഞത്. ഇവരുടെ കുടുംബ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഇപ്പോള്‍ മെസേജുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പലര്‍ക്കും അവരുടെ ലഗേജുകളില്‍ നിന്ന് അജ്ഞാതമായ ഒരു താറാവിന്റെ കളിപ്പാട്ടം കിട്ടിയതിലൂടെ അമ്പരക്കുകയാണ് ചെയ്തത്. ഇതൊന്നുമല്ല അമ്പരപ്പിക്കുന്നത്. വരനും വധുവിനും വരെ പണികിട്ടിയതാണ്.
ഇവര്‍ക്കും കളിപ്പാട്ടത്തിന്റെ ഒരു ഭാഗം കിട്ടിയിരിക്കുകയാണ്. കുട്ടി സമര്‍ത്ഥമായി ഇവരെയും പറ്റിച്ചു എന്നാണ് ഇതിലൂടെ മനസ്സിലാകുന്നത്. ട്വിറ്ററില്‍ കുട്ടിക്ക് കളിപ്പാട്ടം വാങ്ങി കൊടുത്ത ആന്റി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പോസ്റ്റ് ചിരിപ്പിക്കുന്നതായിരുന്നു. നിരവധി പേരാണ് ചിരിച്ച് പോയി എന്ന് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം ഈ കളിപ്പാട്ടം കിട്ടിയവരൊക്കെ ആകെ കണ്‍ഫ്യൂഷനിലാണ്. വരനും വധുവും മൊറോക്കോയിലേക്കാണ് ഹണിമൂണിനായി പോയത്. ഈ പാവ അവിടെ വരെയെത്തി എന്നാണ് ഈ കുട്ടിയുടെ ആന്റി കേറ്റ് ലിസ്റ്റര്‍ ട്വീറ്റ് ചെയ്തത്. നിരവധി ബന്ധുക്കളാണ് അവര്‍ക്ക് ലഭിച്ച കളിപ്പാട്ടത്തിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ബന്ധുക്കളില്‍ പലരും പല രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ചില കളിപ്പാട്ടങ്ങള്‍ ഒരു ദ്വീപില്‍ വരെ എത്തിയെന്നും കേറ്റിന്റെ ട്വീറ്റിലുണ്ട്.
പലര്‍ക്കും ഇത് വിവാഹത്തിന്റെ സമയത്ത് ലഭിച്ചിരുന്നു. എന്നാല്‍ ആരും ഇത് കാര്യമാക്കിയിരുന്നില്ല. എന്നാല്‍ ഒന്നിലധികം പാവകള്‍ ലഭിച്ചവരുമുണ്ട്. വെയ്ല്‍സില്‍ വരെ ഈ പാവകള്‍ എത്തി. ഒരാളുടെ ജാക്കറ്റില്‍ നിന്നാണ് ഈ പാവകള്‍ കണ്ടെത്തിയത്. അതേസമയം അഞ്ച് വയസ്സുകാരനെ നിരവധി പേരാണ് അഭിനന്ദിച്ചിരിക്കുന്നത്.












Click it and Unblock the Notifications