'ആ ആശങ്ക കാരണം യാത്ര ചെയ്യുമ്പോള്‍ കുക്കറും കയ്യില്‍ കരുതും'; സുധ മൂര്‍ത്തിയുടെ വാക്കുകളില്‍ പരിഹാസം
ഭക്ഷണ ശീലങ്ങളെ കുറിച്ച് ഒരു യൂട്യൂബ് അഭിമുഖത്തിനിടെ തുറന്നുപറഞ്ഞ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സുധാ മൂര്‍ത്തിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസം. താന്‍ സമ്പൂര്‍ണ സസ്യാഹാരിയായതിനാല്‍ എവിടെയെങ്കിലും പോകുമ്പോള്‍ ചെറിയ പേടി തോന്നാറുണ്ടെന്നും മാംസാഹാരം വിളമ്പിയ സ്പൂണ്‍ തന്റെ ഭക്ഷണം വിളമ്പാന്‍ ഉപയോഗിക്കുമോ എന്ന ആശങ്ക ഉണ്ടാകാറുണ്ടെന്നുമാണ് സുധ മൂര്‍ത്തി പറഞ്ഞത്.
പത്മശ്രീ ജേതാവുമായ സുധ മൂര്‍ത്തി ഇന്‍ഫോസിസ് സഹസ്ഥാപകനായ നാരായണമൂര്‍ത്തിയുടെ ഭാര്യയാണ്. 'മാംസാഹാരം വിളമ്പിയ സ്പൂണ്‍ തന്റെ ഭക്ഷണം വിളമ്പാന്‍ ഉപയോഗിക്കുമോ എന്ന ആശങ്ക കാരണം വെജിറ്റേറിയന്‍ റെസ്റ്റോറന്റുകള്‍ കണ്ടെത്തി കഴിക്കാന്‍ ശ്രമിക്കാറുണ്ട്. അല്ലാത്ത സാഹചര്യത്തില്‍ സ്വന്തമായി ഭക്ഷണം ചാചകം ചെയ്ത് കഴിക്കാന്‍ ശ്രദ്ധിക്കാറുണ്ട്'- സുധാ മൂര്‍ത്തി പറഞ്ഞു.

'തന്റെ അമ്മൂമ്മ പണ്ട് പുറത്ത് നിന്ന് ഭക്ഷണം കഴിക്കാറില്ല. വീട്ടില്‍ നിന്നുള്ള ഭക്ഷണം എപ്പോഴും കയ്യില്‍ കരുതും. അന്നൊക്കെ ഞാന്‍ അമ്മൂമ്മയെ അതും പറഞ്ഞ് കളിയാക്കിയിട്ടുണ്ട്. ഇപ്പോള്‍ താനും അതേ അവസ്ഥയിലായിരിക്കുന്നു. യാത്ര പോകുമ്പോള്‍ ആവശ്യമായി പാചകം ചെയ്യാന്‍ ഒരു കുക്കറും ഭക്ഷണ സാധനങ്ങളും കൂടെ കരുതുമെന്നും' സുധ മൂര്‍ത്തി അഭിമുഖത്തില്‍ പറഞ്ഞു.
ഇത്രയും പറഞ്ഞതോടെയാണ് സുധ മൂര്‍ത്തിക്ക് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവും പരിഹാസവും ഉയര്‍ന്നത്. വീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ടുപോകുന്നതൊക്കെ നല്ലതാണെന്ന് പലരും പറഞ്ഞെങ്കിലും മറ്റ് ചിലര്‍ പരിഹാസങ്ങളാണ് ഉയര്‍ത്തിയത്. നോണ്‍ വെജ് കഴിക്കുന്നവര്‍ ഉപയോഗിച്ച സ്പൂണോ പാത്രങ്ങളോ ഉപയോഗിക്കുന്നതിനോട് എതിര്‍പ്പ് കാണിക്കുന്നത് ശരിയല്ലെന്നാണ് നെറ്റിസണ്‍സ് പറയുന്നത്.
ഇങ്ങനെ എതിര്‍പ്പ് കാണിക്കുകയാണെങ്കില്‍ സുധ മൂര്‍ത്തിക്ക് എവിടെയും പോകാന്‍ സാധിക്കില്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു. നാം ആളുകളെ അവരുടെ ഭക്ഷണ രീതികളെ കുറിച്ചോ മറ്റ് വ്യക്തിപരമായ ശീലങ്ങളെയോ അടിസ്ഥാനമാക്കി വിലയിരുത്തരുത് ശരിയല്ല. പകരം, ജാതി നോക്കാതെ എല്ലാവരോടും ബഹുമാനത്തോടെ പെരുമാറുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മറ്റൊരു സോഷ്യല്‍ മീഡിയ ഉപയോക്താവ് കുറിച്ചു.
വിദേശത്തേക്ക് വീട്ടു സാധനങ്ങളുമായാണോ സുധ മൂര്‍ത്തി യാത്ര ചെയ്യുന്നതെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. നോണ്‍വെജ് ഭക്ഷണം വിളമ്പാന്‍ ഉപയോഗിച്ച സ്പൂണ്‍ ഉപയോഗിച്ചാല്‍ എന്താണ് സംഭവിക്കുന്നതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ഇതോടൊപ്പം സുധ മൂര്‍ത്തിയുടെ മരുമകനും യു കെ പ്രധാനമന്ത്രിയുമായ ഋഷി സുനക് മാംസാഹാരം കഴിക്കുന്ന ചിത്രങ്ങളും പങ്കുവയ്ക്കുന്നുണ്ട്. സുധ മൂര്‍ത്തിയുട മകളായ അക്ഷതയെയാണ് ഋഷി സുനക് വിവാഹം കഴിച്ചിരിക്കുന്നത്.












Click it and Unblock the Notifications