തോളില്‍ കൈയിട്ട് സെല്‍ഫിയെടുക്കാന്‍ യുവാവ്; യൂസഫലിയുടെ പ്രതികരണം കണ്ടോ.!! വീഡിയോ
പുതുപ്പള്ളി: ലുലു ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ എം എ യൂസഫലിയുടെ തോളില്‍ കൈയിട്ട് യുവാവിന്റെ സെല്‍ഫി. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ കാണാനായി ഇന്നലെ യൂസഫലി പുതുപ്പള്ളിയില്‍ എത്തിയിരുന്നു. ഇതിന് ശേഷം മടങ്ങുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ഒരു യുവാവ് സെല്‍ഫി എടുക്കാനായി യൂസഫലിക്ക് സമീപം എത്തിയത്.
ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ യുവാവ് യൂസഫലിയുടെ തോളില്‍ കൈയിടുകയും ചെയ്തു. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവാവിന്റെ കൈ തട്ടിമാറ്റുകയും ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തു. എന്നാല്‍ യൂസഫലി അത് എതിര്‍ക്കുകയും കൈ തോളില്‍ വെക്കാന്‍ യുവാവിനോട് ആവശ്യപ്പെടുകയുമായിരുന്നു. എന്നിട്ട് യുവാവിനൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാനും യൂസഫലി മറന്നില്ല.

തിരികെ പോകാന്‍ ജോര്‍ജിയന്‍ സ്‌കൂള്‍ മൈതാനത്ത് കാത്തു കിടന്ന തന്റെ ഹെലിക്കോപ്റ്ററിന് സമീപം യൂസഫലി എത്തിയപ്പോഴായിരുന്നു സംഭവം. സെല്‍ഫി എടുത്തോട്ടെ എന്ന് ചോദിച്ചാണ് രണ്ട് യുവാക്കള്‍ യൂസഫലിക്ക് സമീപം എത്തിയത്. യൂസഫലി സമ്മതം നല്‍കിയതോടെ യുവാവ് അദ്ദേഹത്തിന്റെ തോളില്‍ കൈയിടുകയായിരുന്നു. ഈ സമയത്താണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവാവിന്റ കൈ തട്ടി മാറ്റിയത്.
ഇതോടെ എല്ലാവരെയും അതിശയിപ്പിച്ച് യൂസഫലി യുവാവിന്റെ കൈ പിടിച്ച് വീണ്ടും തന്റെ തോളിലിടുകയായിരുന്നു. കൈമാറ്റിച്ചത് ശരിയായില്ല എന്നായിരുന്നു ഇതിനുള്ള പ്രതികരണമെന്നോണം യൂസഫലി പറഞ്ഞത്. ആ കൈ അവിടെ ഇരുന്നാല്‍ ഒന്നും സംഭവിക്കാനില്ലെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു. നേരത്തെ ബസ് വാങ്ങിത്തരണമെന്ന നിവേദനവുമായി എത്തിയ സ്‌കൂള്‍ കുട്ടികള്‍ക്ക് ബസ് വാങ്ങിനല്‍കാമെന്ന ഉറപ്പും യൂസഫലി നല്‍കിയിരുന്നു.
സ്‌കൂള്‍ അധികൃതരും വിദ്യാര്‍ത്ഥികളുമായിരുന്നു യൂസഫലിയെ കാണാനെത്തിയിരുന്നത്. ബസ് എന്ന ആവശ്യം ഉമ്മന്‍ ചാണ്ടി ജീവിച്ചിരിക്കുമ്പോള്‍ പറഞ്ഞിരുന്നതായും അദ്ദേഹം യൂസഫലിയോട് സംസാരിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഇതോടെ ഉമ്മന്‍ചാണ്ടി സാര്‍ പറയാന്‍ പറഞ്ഞ കാര്യമല്ലേ കുട്ടികള്‍ 45 പേര്‍ക്ക് ഇരിക്കാനാവുന്ന ബസ് വാങ്ങി നല്‍കാം എന്നായിരുന്നു യൂസഫലി പറഞ്ഞത്.
എങ്ങനെയുള്ള ബസ് ആണ് വേണ്ടതെന്നും സൗകര്യങ്ങള്‍ എന്തൊക്കെ വേണമെന്നും അറിയിക്കാനും യൂസഫലി നിര്‍ദേശിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുമായി വളരെ അടുത്ത ബന്ധമാണ് തനിക്കുള്ളത് എന്ന് യൂസഫലി പറഞ്ഞു. 30 കൊല്ലത്തിലേറയായി താനുമായി സ്‌നേഹബന്ധം പുലര്‍ത്തിയിരുന്നയാളാണ് ഉമ്മന്‍ ചാണ്ടി എന്ന് യൂസഫലി അനുസ്മരിച്ചു.












Click it and Unblock the Notifications