ബാത്‌റൂമില്‍ പോകാന്‍ അനുവദിച്ചില്ല; വിമാനത്തില്‍ മൂത്രമൊഴിച്ച് യാത്രക്കാരി: വീഡിയോ വൈറല്‍
വാഷിംഗ്ടണ്‍: വിമാനത്തിലെ ക്രൂ രണ്ട് മണിക്കൂറോളം ബാത്‌റൂമില്‍ പോകാന്‍ അനുവദിക്കാത്തത് കൊണ്ട് വിമാനത്തില്‍ മൂത്രമൊഴിഞ്ഞ് യുവതി. ഈ യാത്രക്കാരിയെ കൈയ്യോടെ പൊക്കി എന്നാണ് വിമാനത്തിലെ ജീവനക്കാര്‍ പറയുന്നത്. സംഭവത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. യുഎസിലുള്ള സ്പിരിറ്റ് എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു ഇവര്‍ യാത്ര ചെയ്തിരുന്നത്.
യാത്രക്കാരി പലവട്ടം ശുചിമുറിയില്‍ പോകണമെന്ന് വിമാനത്തിലെ ജീവനക്കാരോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. എന്നാല്‍ അതൊന്നും കേള്‍ക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. തനിക്ക് പിടിച്ച് നില്‍ക്കാന്‍ ആവുന്നില്ലെന്നും, ഉടനടി ബാത്‌റൂമില്‍ പോകണമെന്നും ഇവര്‍ ജീവനക്കാരോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിമാനത്തില്‍ മൂത്രമൊഴിച്ചത്.ജീവനക്കാരോട് ഈ സ്ത്രീ തര്‍ക്കിക്കുന്നത് വീഡിയോയില്‍ കാണാം.

ഇനിയും പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്നും ഇവര്‍ പറയുന്നുണ്ട്. അതേസമയം ഈ വീഡിയോയിലുള്ള സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിലെ ജീവനക്കാരിയാണ് ഈ സ്ത്രീ തര്‍ക്കിക്കുന്നതിന്റെ വീഡിയോ എടുത്തത്. തുടര്‍ന്ന് വിമാനത്തിലെ ഒരു മൂലയില്‍ പോയിരുന്ന് ഇവര്‍ മൂത്രമൊഴിക്കുകയായിരുന്നു. എനിക്ക് മൂത്രമൊഴിച്ചേ മതിയാവൂ. ഇതിപ്പോള്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ എന്നോട് മൂത്രമൊഴിക്കാന്‍ പറ്റില്ലെന്നാണ് പറഞ്ഞ് കൊണ്ടിരിക്കുന്നത്. അത് മാത്രമല്ല, ശുചിമുറിയുടെ വാതിലും അടച്ചുവെന്നും യാത്രക്കാരി വീഡിയോ എടുത്ത ജീവനക്കാരിയോട് പറയുന്നുണ്ട്.
അതേസമയം തനിക്ക് ഇനിയും പിടിച്ചിരിക്കാനാവില്ല എന്ന് ഈ യാത്രക്കാരി പറയുമ്പോള്‍, ക്യാമറയിലേക്ക് നോക്കൂ എന്നായിരുന്നു ഈ വീഡിയോ എടുത്ത ജീവനക്കാരിയുടെ മറുപടി. അതിന് നിങ്ങളെ തന്നെ കുറ്റപ്പെടുത്തൂ എന്ന മറുപടിയും യാത്രക്കാരി നല്‍കുന്നുണ്ട്. നിങ്ങളുടെ വിമാനം നിന്നുപോയിരിക്കുകയാണ്. എനിക്ക് ഇനിയും മൂത്രമൊഴിക്കാതിരിക്കാനാവില്ല. നിങ്ങള്‍ക്ക് എന്താണ് ചെയ്യാന്‍ പറ്റുകയെന്ന് വെച്ചാല്‍ ചെയ്‌തോളൂ എന്നായിരുന്നു യാത്രക്കാരി മറുപടി നല്‍കിയത്.
വിമാനത്തിലെ സ്റ്റാഫുകള്‍ക്ക് പറ്റുമെങ്കില്‍ വാറന്റുമായി വന്ന് തന്നെ അറസ്റ്റ് ചെയ്യാനും ഇവര്‍ വെല്ലുവിളിച്ചു. ഇങ്ങനെ മൂത്രമൊഴിക്കാതെ പിടിച്ചിരിക്കുന്നതിലും നല്ലത് അറസ്റ്റാണെന്നും യാത്രക്കാരി പറഞ്ഞു.വീഡിയോയില്‍ വിമാനത്തിലെ ജീവനക്കാരിയുടെ പെരുമാറ്റവും പരുഷമായിരുന്നു. നിങ്ങളുടെ മൂത്രത്തിന് ദുര്‍ഗന്ധമാണ് ഉള്ളത്. കുറച്ച് വെള്ളം കുടിക്കൂ എന്നായിരുന്നു ഇവര്‍ പറയുന്നത്. അതേസമയം സ്പിരിറ്റ് എയര്‍ലൈന്‍സ് സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നേരത്തെ എയര്‍ ഇന്ത്യാ വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്തേക്ക് ശങ്കര്‍ മിശ്ര എന്നയാള്‍ മൂത്രമൊഴിച്ചത് വലിയ വിവാദമായിരുന്നു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. യുഎസ്സില്‍ നടന്നത് പോലൊരു സംഭവം 2018ലും സംഭവിച്ചിരുന്നു. ലണ്ടനില്‍ നിന്ന് സര്‍വീസ് നടത്തുന്ന വിസ് എയര്‍ ഫ്‌ളൈറ്റിലായിരുന്നു യാത്രക്കാരി വിമാനത്തില്‍ മൂത്രമൊഴിച്ചത്. അത് ബാത്‌റൂം ഉപയോഗിക്കാന്‍ അനുവദിക്കാത്തത് കൊണ്ടായിരുന്നു.












Click it and Unblock the Notifications