'എന്തിനാണ് ഇത്തരം കോമാളിത്തരങ്ങള്‍'; കഴുത്തറ്റം വെള്ളത്തില്‍ റിപ്പോര്‍ട്ടിംഗ്, മാധ്യമപ്രവർത്തകയ്ക്ക് പൊങ്കാല
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വെള്ളപ്പൊക്കത്തില്‍ കഴുത്തറ്റം വെള്ളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. എന്‍ ഡി ആര്‍ എഫ് സംഘം രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളുമായാണ് മാധ്യമപ്രവര്‍ത്തക കഴുത്തറ്റം വെള്ളത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇറങ്ങിയത്. ഈ വീഡിയോ നിമിഷനേരം കൊണ്ട് തന്നെ വൈറലായിരുന്നു.
രത്തന്‍ ധില്ലണ്‍ എന്ന ആളാണ് ട്വിറ്ററില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയില്‍ മാധ്യമപ്രവര്‍ത്തക വെള്ളപ്പൊക്കത്തില്‍ മുങ്ങിമരിക്കുന്നത് തടയാന്‍ ശരീരത്തില്‍ ഉപയോഗിക്കുന്ന സുരക്ഷാ ട്യൂബ് ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതാണ് കാണുന്നത്. ഇവരുടെ സമീപത്ത് എന്‍ ഡി ആര്‍ എഫ് സംഘം ബോട്ടുകളായി നിലയുറപ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിംഗ് സമയത്ത് ക്യാമറയ്ക്ക് പോസ് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകയുടെ ചിത്രങ്ങള്‍ എന്‍ ഡി ആര്‍ എഫ് ഉദ്യോഗസ്ഥര്‍ എടുക്കുന്നതും വീഡിയോയില്‍ കാണാം.

അതേസമയം, വീഡിയോ വൈറലായതിന് പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ ഉയരുന്നത്. എന്തുതരം മാധ്യമപ്രവര്‍ത്തനമാണെന്നാണ് പലരും ചോദിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനും സഹായിക്കുന്നതിനുപകരം , റിപ്പോര്‍ട്ടിംഗ് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ അവര്‍ എന്‍ ഡി ആര്‍ എഫ് വോളന്റിയറെ നിയോഗിച്ചെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
' സര്‍ക്കാരിന്റെ കൈവശമുള്ള പരിമിതമായ ബോട്ടുകള്‍ പോലും വാര്‍ത്താ റിപ്പോര്‍ട്ടിംഗിന് വേണ്ടി ഉപയോഗിക്കുകയാണ്. ക്ഷമിക്കണം ഇത്തരം വാര്‍ത്തകള്‍ ഞങ്ങള്‍ക്ക് വേണ്ട'-മറ്റൊരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചു. എന്‍ ഡി ആര്‍ എഫ് സംഘത്തിന്റെ ഉപകരണങ്ങള്‍ വ്യക്തിഗത ഉപയോഗത്തിന് ഉപയോഗിച്ചതിന് റിപ്പോര്‍ട്ടറെ ഒട്ടേറെ പേരാണ് വിമര്‍ശിച്ചത
'ഇത്തരം കോമാളികളെ വിലക്കണം, എന്തിന് വേണ്ടിയാണ് ഇത്തരം കോപ്രായങ്ങള്‍, റേറ്റിംഗിന് വേണ്ടിയാണോ'- എന്നിങ്ങനെയുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഒഴുകുന്നത്. 'ഇങ്ങനെ വെള്ളത്തില്‍ പോയി ഇരിക്കുന്നതിന് പകരം കൃത്യമായി വിവരങ്ങള്‍ നല്ല രീതിയില്‍ റിപ്പോര്‍ട്ട് ചെയ്ത് ജനങ്ങളിലേക്ക് എത്തിക്കൂ' എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു .
അതേസമയം, ഡല്‍ഹിയില്‍ വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് അയല്‍ സംസ്ഥാനമായ ഹരിയാനയിലെ ഹത്‌നികുണ്ഡ് ബാരേജില്‍ നിന്ന് വെള്ളം തുറന്നുവിട്ടതിനെ തുടര്‍ന്ന് യമുന നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ നഗരത്തിന്റെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.












Click it and Unblock the Notifications