കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസെത്തി; പണം വിഴുങ്ങി റവന്യൂ ഉദ്യോഗസ്ഥന്‍, വീഡിയോ
ഭോപ്പാല്‍: കൈക്കൂലി വാങ്ങിയ പണം ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയപ്പോള്‍ വിഴുങ്ങി റവന്യൂ ഉദ്യോഗസ്ഥന്‍. മധ്യപ്രദേശിലെ ജബല്‍പൂരില്‍ തിങ്കളാഴ്ചയാണ് സംഭവം. കട്നി ജില്ലയില്‍ നിയമിക്കപ്പെട്ട പട്വാരി ഗജേന്ദ്ര സിംഗ് എന്ന ഉദ്യോഗസ്ഥനാണ് ലോകായുക്തയുടെ പരിശോധനക്കിടെ കൈക്കൂലി വാങ്ങിയ പണം ചവച്ചരച്ച് വിഴുങ്ങിയത്. ഇതിന്റെ വീഡിയോ വൈറലായിട്ടുണ്ട്.
ജബല്‍പൂര്‍ ലോകായുക്തയുടെ സ്‌പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് സംഘമാണ് ഗജേന്ദ്ര സിംഗ് കൈക്കൂലി ആവശ്യപ്പെട്ടു എന്ന പരാതി അന്വേഷിക്കാനെത്തിയത്. ഇവര്‍ക്ക് മുന്നിലായിരുന്നു കൈക്കൂലി പണം അപ്പാടെ ഗജേന്ദ്ര സിംഗ് വായിലിട്ടത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ശരിയാക്കാന്‍ ചന്ദന്‍ സിംഗ് ലോധി എന്നയാളോട് ഗജേന്ദ്ര സിംഗ് 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് ചന്ദന്‍ സിംഗ് ലോധി ലോകായുക്തയില്‍ പരാതി നല്‍കി. അന്വേഷണത്തിന് ശേഷം ഓഫീസില്‍ പരിശോധനക്കെത്തിയതായിരുന്നു ലോകായുക്ത സംഘം. 4500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഗജേന്ദ്ര സിംഗിനെ പിടികൂടുന്നത്. എന്നാല്‍ അറസ്റ്റിലായ ഉടന്‍ ഇയാള്‍ കറന്‍സി നോട്ടുകള്‍ വിഴുങ്ങുകയായിരുന്നു. തുടര്‍ന്ന് ഗജേന്ദ്ര സിംഗിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.
A patwari in Katni, allegedly swallowed money he had accepted as a bribe after noticing a team of the Lokayukta's Special Police Establishment pic.twitter.com/AgsOyDsnGM
— Anurag Dwary (@Anurag_Dwary) July 24, 2023
ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഇയാളുടെ വായില്‍ നിന്ന് പണം കണ്ടെത്തിയതെന്നും ഇയാള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും ലോകായുക്ത അറിയിച്ചു. ഗജേന്ദ്ര സിംഗ് കൈക്കൂലി ആവശ്യപ്പെടുന്നതായി കാണിച്ച് ബര്‍ഖേദ ഗ്രാമത്തില്‍ നിന്നുള്ള ഒരാള്‍ തങ്ങള്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനക്കെത്തിയത് എന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സംഭവത്തില്‍ ഗജേന്ദ്ര സിംഗിനെതിരെ കേസെടുത്തിട്ടുണ്ട്. ഗജേന്ദ്ര സിംഗിന് എതിരെ കൂടുതല്‍ അന്വേഷണം നടന്ന് വരികയാണെന്നും സ്‌പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് സൂപ്രണ്ട് സഞ്ജയ് സാഹു പറഞ്ഞു.












Click it and Unblock the Notifications