പ്രിയപ്പെട്ടവർക്ക് വിഷുക്കൈനീട്ടം തപാൽ വഴി അയക്കാം; ചെയ്യേണ്ടത് ഇത്രമാത്രം
വിഷു ഇങ്ങെത്താനായി. വിഷുവിന് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളാണ് വിഷുക്കണിയും വിഷുക്കൈനീട്ടവും. ജോലിയുടെ ഭാഗമായൊക്കെ എല്ലാവരും നാട്ടിൽ തന്നെ ഉണ്ടാവണം എന്നില്ല. അത്തരം അവസരത്തിൽ പ്രിയപ്പെട്ടവർക്ക് എങ്ങനെയാണ് വിഷുകൈനീട്ടം അയക്കുക എന്നോർത്ത് ഇനി വിഷമിക്കേണ്ട.
ഈ വർഷം പ്രിയപ്പെട്ടവർക്ക് വിഷുക്കൈനീട്ടം തപാൽ വഴി അയക്കാം. ഇതിനുള്ള അവസരം തപാൽ വകുപ്പ് ഒരുക്കിയിട്ടുണ്ട്. ഈ മാസം 9 വരെ കൈനീട്ടം ബുക്ക് ചെയ്യാം. വിഷുപ്പുലരിയിൽ കൈനീട്ടം ലഭിക്കും. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസിൽ നിന്നും വിഷുക്കൈനീട്ടം ബുക്ക് ചെയ്ത് അയക്കാം. എന്നാൽ കേരളത്തിലേക്ക് മാത്രമേ അയക്കാൻ ആകൂ.

കുറഞ്ഞത് 101 രൂപയാണ് കൈനീട്ടം. ഇതിന് 19 രൂപ തപാൽ ഫീസായി ഈടാക്കും. 120 രൂപയ്ക്ക് കൈനീട്ടം എത്തിക്കാൻ സാധിക്കുമെന്ന് സാരം.
201 രൂപ, 501 രൂപ, 1001 രൂപ എന്നിങ്ങനെയും കൈനീട്ടം അയക്കാം. ഇതിന് യഥാക്രമം 29, 39, 49 രൂപ എന്നീങ്ങനെയാണ് തപാൽ ഫീസ് വരുന്നത്. ഇന്റർനെറ്റ് സൗകര്യം ഉള്ള എല്ലാ പോസ്റ്റ് ഓഫീസുകളിൽ നിന്നും വിഷുക്കൈനീട്ടം അയക്കാം. പോസ്റ്റ് ഓഫീസുകളിൽ ഇതിനായി പ്രത്യേക അപേക്ഷ ഫോം ലഭിക്കും.
പ്രതീക്ഷിക്കുന്നത് കാൽലക്ഷത്തിലധികം ബുക്കിംഗ്:
2022 ൽ ആണ് കൈനീട്ടം ആരംഭിച്ചത്. രണ്ട് വർഷവും വിഷുക്കാലത്ത് ഇതിന് നല്ല പ്രതികരമാണ് ലഭിച്ചത്. 2022 ൽ കേരള സർക്കിളിൽ മാത്രം 13,000 ബുക്കിംഗാണ് ലഭിച്ചത്. 2023 വിഷുക്കാലത്ത് ഇത് 20000 ലേക്ക് കുതിച്ചുയർന്നു. ബുക്കിംഗ് സമയം തീരാൻ അഞ്ച് ദിവസം മാത്രം ശേഷിക്കേ കേരള സർക്കിളിൽ ഇത്തവണ 25000 ലധികം ബുക്കിംഗ് പ്രതീക്ഷിക്കുന്നുണ്ട് എന്ന് കണ്ണൂർ പോസ്റ്റൽ സൂപ്രണ്ട് സി കെ മോഹനൻ പറഞ്ഞു.












Click it and Unblock the Notifications