ഉപതിരഞ്ഞെടുപ്പിന്റെ തിരക്കുകൾക്കിടയിലാണ് കനിഷ്ക മോളുടെ കത്ത് കിട്ടുന്നത്; അനുഭവം പങ്കുവെച്ച് വയനാട് കളക്ടർ
കല്പറ്റ: ഉപതിരഞ്ഞെടുപ്പിന്റെ തിരക്കുകൾക്കിടയിൽ തനിക്ക് ലഭിച്ച ഒരു കത്തിനെക്കുറിച്ച് പറയുകയാണ് വയനാട് കളക്ടർ മേഘശ്രീ. കനിഷ്മ എന്ന കുട്ടിയാണ് കളക്ടർക്ക് കത്തയച്ചത്. കനിഷ്കയുടെ കത്ത് വായിച്ചപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നിയെന്നും ഈ നല്ല മനസ്സിന്റെ ഉടമയ്ക്ക് ഒരായിരം നന്ദിയെന്നും മേഘശ്രീ ഫേസ്ബുക്കിൽ കുറിച്ചു.
പ്രകൃതി ദുരന്തത്തിൽ പെട്ടവർക്കായി കളക്ടറും സംഘവും നടത്തിവരുന്ന രക്ഷാപ്രവർത്തനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു കത്ത്. കനിഷ്മ എഴുതിയ കത്ത് കളക്ടർ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

പ്രിയപ്പെട്ട കളക്ടർ പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന പ്രദേശങ്ങളിൽ താങ്കളും ടീമും നടത്തിവരുന്ന രക്ഷാപ്രവർത്തനങ്ങൾക്ക് ഞാൻ സ്നേഹപൂർവം നന്ദി പറയുന്നു എന്നായിരുന്നു കനിഷ്മയുടെ കത്തിൽ എഴുതിയത്. കനിഷ്മയ്ക്ക് മറുപടി കത്തും കളക്ടർ എഴുതിയിട്ടുണ്ട്.
കനിഷ്മയുടെ സുഖവിവരങ്ങൾ അന്വേഷിച്ച കളക്ടർ ദുരിതാശ്വാസ പ്രവർത്തെക്കുറിച്ചുള്ള വിവരങ്ങളും പങ്കുവെയ്ക്കുന്നുണ്ട്. നന്നായി പഠിക്കണമെന്നും ഉത്തരവാദിത്തമുള്ള പൗരയായി വളരണമെന്നും കളക്ടർ ആശംസിക്കുന്നുണ്ട്.
കളക്ടർ പങ്കുവെച്ച കുറിപ്പ്:
ഉപ തിരഞ്ഞെടുപ്പിന്റെ തിരക്കുകൾക്കിടയിലാണ് കനിഷ്ക രാജ് എന്ന മോളുടെ കത്ത് കളക്ടറേറ്റിൽ കിട്ടുന്നത്. അതിരാവിലെ തുടങ്ങുന്ന മീറ്റിംഗുകൾക്കും യാത്രകൾക്കും ശേഷം കിട്ടിയ ഈ കത്ത് വായിച്ചപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷമാണ് മനസ്സിൽ. ഈ നല്ല മനസ്സിന്റെ ഉടമയ്ക്ക് ഒരായിരം നന്ദി.
ചൂരൽമല - മുണ്ടക്കൈ ദുരന്ത മുഖത്തുനിന്നും ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾക്കായി ഒത്തുചേർന്ന സഹപ്രവർത്തകർക്ക് കൂടിയാണ് ഈ കത്ത്. ജനാധിപത്യത്തിന്റെ മഹോത്സവത്തിന് മിഴിവേകാൻ രാപ്പകൽ ഇല്ലാതെ ഉദ്യോഗസ്ഥ സംഘം പരിശ്രമിക്കുമ്പോഴും ദുരിത ബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് കോട്ടം തട്ടാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
അതിന്റെ ഭാഗമായി, വിവിധ സ്ഥലങ്ങളിൽ താത്കാലികമായി പുനരധിവാസിപ്പിച്ചിരുന്ന മുണ്ടക്കൈ-ചൂരൽമല നിവാസികൾക്കായി പ്രത്യേകം വോട്ട് വണ്ടി തന്നെ തയാറാക്കിയിരുന്നു. കൂടാതെ പോളിങ് ബൂത്തിലേക്ക് വന്ന ഓരോ വോട്ടറേയും വെള്ള പനിനീർ പുഷ്പങ്ങളാൽ സ്വീകരിച്ച് അവരെ ചേർത്ത് പിടിക്കുകയായിരുന്നു നാം ഓരോരുത്തരും.
പുനരധിവാസ പ്രവർത്തനങ്ങൾ നല്ലരീതിയിൽ മുന്നോട്ട് പോകുന്നു. നിങ്ങൾ ഏവരുടെയും സ്നേഹവും പ്രാർത്ഥനയും അവരോടൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒറ്റകെട്ടായി നമുക്ക് ഈ ദുരന്തത്തെ അതിജീവിക്കാം
സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം
മേഘശ്രീ
നിരവധി കമന്റുകളാണ് കളക്ടറുടെ കുറിപ്പിന് വരുന്നത്.












Click it and Unblock the Notifications