മറ്റ് ജീവനക്കാരേക്കാളും നിറം കൂടുതല്‍, ജോലിക്കെടുക്കാനാവില്ല, യുവതിയെ തഴഞ്ഞ് കമ്പനി, വൈറല്‍
ഒരു ജോലിക്ക് വേണ്ടിയുള്ള അഭിമുഖത്തില്‍ പരാജയപ്പെടുന്നത് സ്വാഭാവികമാണ്. എന്നാല്‍ കുറച്ച് നിറം കൂടി പോയെന്ന് പറഞ്ഞ് നമുക്ക് കിട്ടേണ്ട ജോലി ഇല്ലാതാവുമോ? എങ്കില്‍ അതൊക്കെ സംഭവിക്കാം നമ്മുടെ നാട്ടില്‍ എന്ന് ഉറപ്പിക്കാം. ഒരു സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇതില്‍ യുവതിക്ക് തന്റെ ജോലി നഷ്ടപ്പെട്ട കാര്യമാണ് പറയുന്നത്.
ലിങ്ക്ഡിനില്‍ ഒരു യുവതി തന്റെ അനുഭവം പറഞ്ഞ് കൊണ്ട് പങ്കുവെച്ച പോസ്റ്റാണ് വൈറലായി മാറിയിരിക്കുന്നത്. നിരവധി പേരാണ് അനാരോഗ്യകരമായ കമ്പനി നിയമങ്ങള്‍ എങ്ങനെ ജീവിതം നശിപ്പിക്കുന്നുവെന്ന് കുറിച്ചിരിക്കുന്നത്. തീര്‍ത്തും വിചാരിക്കാത്ത രീതിയിലാണ് തനിക്ക് ജോലി നഷ്ടമായതെന്ന് യുവതി പറയുന്നു.ബെംഗളൂരുവില്‍ നിന്നുള്ള പ്രതീക്ഷ ജിച്ച്കര്‍ എന്ന യുവതിക്കാണ് ആര്‍ക്കും പ്രതീക്ഷിക്കാത്തൊരു കാര്യം ജീവിതത്തില്‍ സംഭവിച്ചത്.

തനിക്ക് ജോലി കിട്ടാത്തതില്‍ അല്ല, മറിച്ച് അത് നിഷേധക്കാനുള്ള കാരണമാണ് നിരാശപ്പെടുത്തുന്നതെന്ന് യുവതി പറയുന്നു. കമ്പനിയിലെ മറ്റ് ജീവനക്കാരേക്കാള്‍ നിറം കൂടുതലാണ് തനിക്കെന്നും, അത് കൊണ്ട് ജോലിക്ക് എടുക്കാന്‍ സാധിക്കില്ലെന്നും അഭിമുഖം നടത്തിയവര്‍ പറഞ്ഞതായി പ്രതീക്ഷ പറഞ്ഞു. അഭിമുഖത്തിന്റെ അവസാന റൗണ്ടിലാണ് തന്നെ അവര്‍ ഒഴിവാക്കിയതെന്ന് പ്രതീക്ഷ പറഞ്ഞു. ഒഴിവാക്കുമ്പോള്‍ അവര്‍ ഇത്തരമൊരു കാരണം പറഞ്ഞത്. താനൊരിക്കലും വിചാരിക്കാത്ത കാരണമായിരുന്നു. കേട്ട് ഞെട്ടിയെന്നും യുവതി വ്യക്തമാക്കി.
മൂന്ന് റൗണ്ട് അഭിമുഖമാണ് ഉണ്ടായിരുന്നത്. ഒരു റൗണ്ട് അസൈന്‍മെന്റും ഉണ്ടായിരുന്നു. തനിക്ക് മതിയായ സ്‌കില്ലുകള്‍ ഉണ്ടായിരുന്നു. യോഗ്യതകളും, പരിചയസമ്പത്തും ഉണ്ടായിരുന്നു. എന്നിട്ടും ആ ജോലിക്ക് ഞാന്‍ യോഗ്യയല്ലെന്നാണ് പറഞ്ഞത്. അതിനായി പറഞ്ഞതോ ഒരേയൊരു കാരണം മാത്രം. എന്റെ ചര്‍മത്തിന് നിറം കൂടി പോയെന്ന ആ കാരണം കേട്ട് ഞെട്ടിപ്പോയി. ടീമിലേക്ക് ആളെ എടുക്കുന്ന മാനേജര്‍ പറഞ്ഞത് ടീമില്‍ വിവേചനമുണ്ടാകാന്‍ താല്‍പര്യപ്പെടുന്നില്ല. എല്ലാവരും ഒരുപോലെ ഇരിക്കുകയാണ് വേണ്ടത്. അതുകൊണ്ട് നിങ്ങള്‍ക്ക് ഈ ജോലി നല്‍കുന്നില്ലെന്നാണ് മാനേജര്‍ പറഞ്ഞതെന്നും യുവതി കുറിച്ചു.
തനിക്ക് ലഭിച്ച ഇമെയിലിന്റെ സ്‌ക്രീന്‍ഷോട്ടും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. നമ്മള്‍ വൈവധ്യത്തെ കുറിച്ചും, എല്ലാവരെയും ഉള്‍ക്കൊള്ളണമെന്നുമുള്ള കാഴ്ച്ചപ്പാടുകളെ കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ പകരം നമ്മള്‍ തന്നെ ചെയ്യുന്നത് ആളുകളെ നിറത്തിന്റെയും, മതത്തിന്റെയും, വംശത്തിന്റെയും മറ്റും അടിസ്ഥാനത്തില്‍ തരംതിരിക്കുകയാണെന്നും പ്രതീക്ഷ കുറിച്ചു. അതേസമയം ഇവര്‍ തന്റെ അനുഭവം പങ്കുവെച്ച ഉടനെ തന്നെ ഈ കുറിപ്പ് വൈറലായി. ചിലര്‍ ഇത് കമ്പനിയുടെ പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത് എങ്ങനെയാണ് ന്യായമാവുകയെന്ന് കമന്റ് ചെയ്തവരുമുണ്ട്.












Click it and Unblock the Notifications