ഭരണഘടനയിലുണ്ട്... പക്ഷെ ഉപയോഗിക്കാന്‍ പാടാണ്..; എന്താണ് ഗവര്‍ണറുടെ 'പ്രീതി'?
വിസി നിയമനത്തെ ചൊല്ലിയുള്ള ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കേരള രാഷ്ട്രീയത്തില്‍ അഭൂതപൂര്‍വമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. സമീപകാലത്ത് മുമ്പെങ്ങുമില്ലാത്ത വിധം കേരളം അസാധാരണമായ ഭരണ പ്രതിസന്ധിക്കാണ് സാക്ഷ്യം വഹിക്കുന്നത്. പല സംസ്ഥാനങ്ങളിലും ഗവര്‍ണരും സര്‍ക്കാരും നേരിട്ട് ഏറ്റുമുട്ടുന്നത് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ പുതുമയുള്ളതല്ല.
എന്നാല്‍ കേരളത്തെ സംബന്ധിച്ച് കേവല രാഷ്ട്രീയ വാഗ്വേദം എന്നതിലുപരിയായി സുപ്രീംകോടതി വരെ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട് എന്നതാണ് വ്യത്യസ്തമാക്കുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് തന്റെ 'പ്രീതി' നഷ്ടപ്പെട്ടാല്‍ മന്ത്രിമാര്‍ക്ക് സ്ഥാനം കാണില്ല എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വെല്ലുവിളിച്ചിരുന്നു. അന്ന് അതിനെ കേവലമായ രാഷ്ട്രീയ വെല്ലുവിളി എന്ന നിലക്കായിരുന്നു സര്‍ക്കാരും മാധ്യമങ്ങളും കണ്ടിരുന്നത്.

ജനാധിപത്യപ്രക്രിയയില്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് ഒറ്റക്ക് സാധിക്കില്ല എന്ന ഭരണഘടനയിലെ ചട്ടം തന്നെയായിരുന്നു ഇതിന് കാരണം. എന്നാല്‍ ഇതേ ഭരണഘടനയില്‍ പ്രതിപാദിക്കുന്ന പ്ലഷര്‍ അല്ലെങ്കില്‍ പ്രീതി എന്ന വാക്കിനെ മുന്‍നിര്‍ത്തിയാണ് ഗവര്‍ണര്‍ മുന്നോട്ട് പോകുന്നത് എന്നാണ് അദ്ദേഹം തന്നെ പറയുന്നത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ പുറത്താക്കണം എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെടാനും കാരണം. നേരത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനോടുള്ള പരോക്ഷ മുന്നറിയിപ്പായി പുറത്താക്കും എന്ന് രാജ്ഭവന്റെ ഔദ്യോഗിക ട്വീറ്റ് വന്നതും ഈ 'പ്രീതി' എന്ന കാര്യം മുന്‍നിര്‍ത്തിയായിരുന്നു.

ഗവര്‍ണര്‍ പദവിയുടെ അന്തസ് കെടുത്തുന്ന പ്രസ്താവനകള്‍ മന്ത്രിമാര്‍ നടത്തിയാല്‍ 'പ്രീതി അല്ലെങ്കില്‍ പ്ലഷര്‍ പിന്‍വലിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കും എന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞ് കൊണ്ടിരിക്കുന്നത്. ഗവര്‍ണര്‍ പറയുന്ന പ്രീതി എന്ന വാക്ക് എന്താണ് എന്നും അത് ഭരണഘടനയില്‍ എവിടെയാണ് പ്രതിപാദിക്കുന്നത് എന്നും നോക്കാം.

സ്വാതന്ത്ര്യത്തിനും ഭരണഘടനയ്ക്കും മുന്‍പ് എഴുതപ്പെട്ട 1935 ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ടിലെ ഒരു പ്രയോഗം മാത്രമാണ് പ്രീതി അഥവാ പ്ലഷര്‍ എന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 164 (1) ല്‍ ആണ് ഇക്കാര്യം പറയുന്നത്. മിനിസ്റ്റേഴ്സ് ഷാള്‍ ഹോള്‍ഡ് ഓഫീസ് ഡ്യൂറിംഗ് പ്ലഷര്‍ ഓഫ് ദി ഗവര്‍ണര്‍ എന്നാണ് ഇതില്‍ പറയുന്നത്.

അതായത് മന്ത്രിമാര്‍ക്ക് പദവിയില്‍ തുടരാനാകുക ഗവര്‍ണര്‍ക്ക് സംതൃപ്തിയുള്ളിടത്തോളം മാത്രമാണ് എന്ന് പദാനുപദ വിവര്‍ത്തനം പറയുന്നത് എന്നത് സത്യം തന്നെ. എന്നാല്‍ മുഖ്യമന്ത്രിയുടെ ഉപദേശ പ്രകാരം ഗവര്‍ണര്‍ നിയമിക്കുന്നവരാണ് മന്ത്രിമാര്‍ എന്ന് ഇവിടെ വ്യക്തമായി പറയുന്നുണ്ട് എന്നതാണ് ഗവര്‍ണര്‍ കാണാതെ പോകുന്നത്.

അതായത് ഗവര്‍ണര്‍ക്ക് ഒറ്റക്ക് മന്ത്രിമാരെ മാറ്റുന്നതില്‍ തീരുമാനമെടുക്കാനാകില്ല. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ മാത്രമെ ഗവര്‍ണര്‍ക്ക് മന്ത്രിമാരെ മാറ്റാന്‍ സാധിക്കൂ എന്ന് സാരം. സംസ്ഥാനങ്ങളില്‍ ഗവര്‍ണറുടെയോ കേന്ദ്രത്തില്‍ രാഷ്ട്രപതിയുടെയോ പ്രീതി എന്ന് പറയുന്നത് ആ സ്ഥാനത്തിരിക്കുന്ന വ്യക്തിയുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ചുള്ളതല്ല എന്ന് വ്യക്തമാണ്.

മറ്റൊരു സുപ്രധാന കാര്യം ഭരണഘടനയിലെ പ്രയോഗങ്ങള്‍ വ്യാഖ്യാനിക്കുന്നതും വ്യക്തത വരുത്തുന്നതും കോടതികളാണ് എന്നുള്ളതാണ്. ബ്രിട്ടീഷ് ഇന്ത്യയില്‍ അന്നത്തെ സാഹചര്യത്തില്‍ രാജാവോ രാജ്ഞിയോ ഉപയോഗിച്ച ഡൊക്ട്രിന്‍ ഓഫ് പ്ലഷര്‍ ആണ് ഗവര്‍ണര്‍ ഇപ്പോള്‍ പറയുന്ന പ്രീതി.

സംസ്ഥാന ഗവണ്‍മെന്റിന്റെ എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ ഭരണഘടന പ്രകാരം ഗവര്‍ണര്‍ക്ക് നിക്ഷിപ്തമാണ് എന്നത് ശരിയാണ്. അതായത് ഗവര്‍ണറുടെ പ്രീതിയുള്ളിടത്തോളം കാലം മന്ത്രിസഭ അധികാരത്തില്‍ തുടരും. എന്നാല്‍ അത് യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ നിയമസഭയിലെ ഭൂരിപക്ഷം കൂടി ഗവര്‍ണര്‍ കണക്കിലെടുക്കണം എന്നാണ് ഭരണഘടനയില്‍ പറയുന്നത്.

പ്രീതി തത്വം എന്നത് ഭരണഘടനാപരമായ അര്‍ത്ഥത്തില്‍ മാത്രമേ നിലനില്‍ക്കുന്നുള്ളൂ. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം മാത്രമേ ഗവര്‍ണര്‍ക്ക് അത് പ്രയോഗിക്കാനാകൂ. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരു മന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കാനുള്ള മുഖ്യമന്ത്രിയുടെ അധികാരത്തെ സൂചിപ്പിക്കാന്‍ ഗവര്‍ണറുടെ പ്രീതി എന്ന പദം പരോക്ഷമായി ഉപയോഗിക്കുന്നു എന്നേ ഉള്ളൂ.












Click it and Unblock the Notifications