കുഞ്ഞുങ്ങളില്‍ കേള്‍വിശക്തി ജനിച്ചയുടന്‍ പരിശോധിക്കാം; എന്താണ് കാതോരം പദ്ധതി?
ഭിന്നശേഷിക്കാര്‍ക്കായി നിരവധി ക്ഷേമ പദ്ധതികളാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ പദ്ധതിയാണ് കാതോരം പദ്ധതി. കുട്ടികളിലെ ശ്രവണ വൈകല്യം പരിഹരിക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കായുള്ള സാമൂഹ്യനീതി വകുപ്പിന്റെ അനുയാത്ര പദ്ധതിയുടെ ഭാഗമായാണ് കാതോരം പദ്ധതിയും നടപ്പിലാക്കുന്നത്.
നവജാത ശിശുക്കളില്‍ കേള്‍വി പരിശോധന നടത്തുകയും തുടര്‍നടപടി സ്വീകരിക്കലുമാണ് കാതോരം പദ്ധതി കൊണ്ട് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ഇത്തരത്തില്‍ പരിശോധന നടത്തി കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ ആവശ്യമുള്ള കുട്ടികളെ 18-ാം മാസത്തില്‍ സര്‍ജറിക്ക് വിധേയമാക്കുകയും ചെയ്യും. നവജാത ശിശുക്കളുടെ കേള്‍വി വൈകല്യം കണ്ടുപിടിച്ച് സൗജന്യ ചികിത്സ നല്‍കുന്നതാണ് പദ്ധതി.

ആരോഗ്യവകുപ്പ്, മെഡിക്കല്‍ കോളേജുകള്‍, ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രങ്ങള്‍, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, നിഷ് ഉള്‍പ്പെടെയുളള സ്ഥാപനങ്ങള്‍, വികലാംഗക്ഷേമ കോര്‍പറേഷന്‍, സാങ്കേതികസ്ഥാപനങ്ങള്‍ തുടങ്ങിയവയുമായി സംയോജിപ്പിച്ചാണ് കാതോരം പദ്ധതി മുന്നോട്ടുപോകുന്നത്. കുഞ്ഞ് ജനിച്ച് അമ്മയും കുഞ്ഞും ആശുപത്രി വിടുന്നതിന് മുന്‍പ് തന്നെ നവജാത ശിശുവിന്റെ കേള്‍വി പരിശോധന ഇതുുവഴി ഉറപ്പിക്കാനാകും.
ആശുപത്രികളില്‍ കേള്‍വി പരിശോധന നടത്താന്‍ 'ഓട്ടോ അക്യുസ്റ്റിക് എമിഷന്‍ സ്‌ക്രീനര്‍' എന്ന ആധുനിക ഉപകരണങ്ങള്‍ ഉണ്ടാകും. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിന്റെ സേവനവും ഇതിനായി ഉണ്ടാകും. പ്രാഥമിക സ്‌ക്രീനിംഗില്‍ കേള്‍വിക്ക് പ്രശ്നം കണ്ടെത്തുന്ന കുട്ടികളില്‍ തുടര്‍പരിശോധനകളിലൂടെ കേള്‍വി വൈകല്യം സ്ഥിരീകരിക്കാന്‍ ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രങ്ങള്‍, ജനറല്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പ്രത്യേക പരിശോധനാ സംവിധാനങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്.
കേള്‍വി വൈകല്യമുള്ള കുട്ടികളെ കോക്ലിയാര്‍ ഇംപ്ലാന്റ് സര്‍ജറി ഉള്‍പ്പെടെ ലഭ്യമാക്കി മൂന്ന് നാല് വയസ് ആകുമ്പോഴേക്കും ശ്രവണവൈകല്യം പരിഹരിച്ച് സാധാരണ സ്‌കൂളുകളില്‍ വിദ്യാഭ്യാസം നടത്താന്‍ പ്രാപ്തമാക്കുക എന്ന വലിയ ലക്ഷ്യമാണ് പദ്ധതിക്കുള്ളത്. വിവിധ വകുപ്പുകളും, സ്ഥാപനങ്ങളും സംഘടനകളും അംഗപരിമിത മേഖലയില്‍ നിരവധി വികസന, ക്ഷേമ, സേവന പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്.
എന്നാല്‍ ഇത്തരം പദ്ധതിയുടെ ഗുണഫലങ്ങള്‍ അര്‍ഹരായവരിലേക്ക് എത്തുന്നുണ്ടോ എന്ന് സംശയമുണ്ട്. അതിനാല്‍ തന്നെ ഭഭിന്നശേഷിക്കാര്‍ക്ക് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഒരു ഹെല്‍പ് ലൈനിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. 1800 120 1001 എന്ന അനുയാത്ര ഹെല്‍പ് ലൈന്‍ ടോള്‍ ഫ്രീ നമ്പറിലൂടെ അംഗപരിമിതമേഖലയിലെ പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാവുന്നതാണ്.












Click it and Unblock the Notifications