സഹായധനമായി 35000 രൂപ; എന്താണ് കേരള സ്വാശ്രയ പദ്ധതി? ആര്‍ക്കൊക്കെ ലഭിക്കും
ഒരു കുട്ടിയെ പരിപാലിക്കുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നത്. എന്നാല്‍ ആ കുട്ടി ശാരീരിക / മാനസിക വൈകല്യമുള്ള ആളാണെങ്കിലോ. ഇത്തരത്തില്‍ ശാരീരിക / മാനസിക വൈകല്യമുള്ള കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്ക് ഒരു കൈത്താങ്ങ് എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് കേരള സ്വാശ്രയ പദ്ധതി. അവിവാഹിതരായ അമ്മമാര്‍, ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ച സ്ത്രീകള്‍, വിവാഹമോചിതരായ സ്ത്രീകള്‍ എന്നിവരാണ് പദ്ധതിക്ക് അര്‍ഹര്‍.
ഇത്തരക്കാരെ സമൂഹത്തില്‍ മുന്നോട്ട് നയിക്കുകയും അവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് കേരള സ്വാശ്രയ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. വൈകല്യമുള്ള കുട്ടികള്‍ക്കായി മറ്റ് നിരവധി പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. അതിനാല്‍ ഈ പദ്ധതി പൂര്‍ണമായും വൈകല്യമുള്ള കുഞ്ഞുങ്ങളെ പരിപാലിക്കുന്ന അമ്മമാര്‍ക്കുള്ളതാണ്. പദ്ധതിയെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ അറിയാം.

എന്താണ് കേരള സ്വാശ്രയ പദ്ധതി?
2021 ല്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സാമൂഹ്യ നീതി വകുപ്പ് ആണ് പദ്ധതി ആരംഭിച്ചത്. ഈ പദ്ധതി പ്രകാരം ശാരീരിക വൈകല്യമുള്ളവരുടെയും മാനസിക വൈകല്യമുള്ളവരുടെയും അമ്മമാര്‍ക്ക് 35000 രൂപ ഒറ്റത്തവണ ധനസഹായം നല്‍കുന്നു. ഗുണഭോക്താക്കള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനാണ് സ്വാശ്രയ പദ്ധതിയിലൂടെ സഹായ ധനം നല്‍കുന്നത്. അപേക്ഷാ ഫോറം സാമൂഹ്യ നീതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.
അപേക്ഷാ ഫോം പ്രിന്റ് ചെയ്ത് ആവശ്യമായ രേഖകള്‍ സഹിതം ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ക്ക് സമര്‍പ്പിക്കുകയാണ് വേണ്ടത്. അപേക്ഷകര്‍ ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. 70 ശതമാനമെങ്കിലും വൈകല്യമുള്ള കുഞ്ഞുങ്ങളുടെ അമ്മയായിരിക്കണം. കിടപ്പിലായ കുട്ടികളുടെ അമ്മമാര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്. വിവാഹ മോചനം, വേര്‍പിരിയല്‍ എന്നിവയെന്തായാലും ഒറ്റയ്ക്ക് താമസിക്കുന്ന വൈകല്യമുള്ള കുഞ്ഞുങ്ങളുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം.
വികലാംഗനായ രോഗിയെ പരിചരിക്കുന്ന ഏറ്റവും അടുത്ത ആളുകള്‍ക്കും അപേക്ഷിക്കാം. സ്വയം തൊഴില്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണം. ആശ്വാസ കിരണം പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കും പദ്ധതി മുഖാന്തരമുള്ള ആനുകൂല്യം ലഭിക്കും. കേരളത്തിലെ സ്ഥിര താമസക്കാരനായിരിക്കണം അപേക്ഷകന്‍. ആധാര്‍ കാര്‍ഡ്, വൈകല്യ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ്, വിലാസം, മൊബൈല്‍ നമ്പര്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.












Click it and Unblock the Notifications