എന്താണ് പിഎം പ്രണാം പദ്ധതി? ആര്‍ക്കൊക്കെയാണ് നേട്ടം ലഭിക്കുക, അറിയേണ്ടതെല്ലാം
കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി പ്രണാം പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കാനിരിക്കുകയാണ്. മന്ത്രിസഭയും സിസിഇഎയും ചേര്‍ന്നുള്ള യോഗത്തിന് ശേഷമായിരിക്കും പദ്ധതിക്ക് അംഗീകാരം ലഭിക്കുക എന്നാണ് റിപ്പോര്‍ട്ട്. കാര്‍ഷിക മേഖലയുടെ വികാസത്തിനും കര്‍ഷകരുടെ ക്ഷേമത്തിനുമായി നിരവധി പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്.
ഇതിലൊന്നാണ് പ്രധാനമന്ത്രി പ്രണാം പദ്ധതി. പദ്ധതിയുടെ പ്രധാന ലക്ഷ്യം ജൈവവളങ്ങളുടെ സമീകൃത ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ്. ഈ പദ്ധതി പ്രകാരം സര്‍ക്കാര്‍ രാസവളങ്ങളുടെ സബ്സിഡി കുറയ്ക്കുന്നതിന് ഊന്നല്‍ നല്‍കും. രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന് സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന വലിയ ലക്ഷ്യമാണ് പദ്ധതിക്ക് മുന്നിലുള്ളത്.

പ്രത്യേക ബജറ്റ് നിര്‍ദേശിച്ചിട്ടില്ലാത്ത ഈ പദ്ധതി രാസവള വകുപ്പ് നടത്തുന്ന സ്‌കീമുകള്‍ക്ക് കീഴില്‍ നിലവിലുള്ള വളം സബ്‌സിഡിയുടെ ലാഭത്തില്‍ നിന്ന് ധനസഹായം ലഭിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. സബ്സിഡി സമ്പാദ്യത്തിന്റെ ഏകദേശം 50% തുക ലാഭിക്കുന്ന സംസ്ഥാനത്തിന് ഗ്രാന്റായി കൈമാറുകയാണ് ചെയ്യുക. ഈ ഗ്രാന്റിന്റെ 70% തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇതര വളങ്ങള്‍, ഇതര വളം ഉല്‍പ്പാദന യൂണിറ്റുകള്‍ എന്നിവക്കായി ഉപയോഗിക്കാം.
ബാക്കിയുള്ള 30% കര്‍ഷകര്‍, പഞ്ചായത്തുകള്‍, കര്‍ഷക ഉല്‍പാദക സംഘടനകള്‍, വളം ഉപയോഗം കുറയ്ക്കുന്നതിന് ബോധവല്‍ക്കരണം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്വയം സഹായ സംഘങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഉപയോഗിക്കാവുന്നതാണ്. 2022-23ല്‍ 2.25 ലക്ഷം കോടി രൂപയിലെത്തുമെന്ന് കണക്കാക്കപ്പെടുന്ന രാസവളങ്ങളുടെ സബ്സിഡി ഭാരം പദ്ധതി വഴി കുറയ്ക്കാം എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിഗമനം.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഉപയോഗിച്ച രാസവളങ്ങളുടെ ശരാശരി അളവുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ അളവില്‍ രാസവളങ്ങള്‍ ഉപയോഗിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടും. യൂറിയ, ഡയമോണിയം ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് തുടങ്ങിയ രാസവളങ്ങള്‍ ഒരു വര്‍ഷത്തില്‍ കുറഞ്ഞ അളവില്‍ ഉപയോഗിച്ച സംസ്ഥാനങ്ങള്‍ക്ക് 50% സബ്സിഡി സേവിംഗ്സ് ഗ്രാന്റ് നല്‍കും.
പദ്ധതിയുടെ നേട്ടങ്ങള്‍
രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്നും ഇത് കൃഷിയുടെ വിളവും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കും എന്നുമാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. രാസവളങ്ങളുടെ അമിതമായ സമ്പര്‍ക്കം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കും. സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി കൊണ്ട് സാധിക്കും.
രാസവളങ്ങള്‍ മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം ജലാശയങ്ങളെ മലിനമാക്കുകയും ജലജീവികളെ ബാധിക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ പദ്ധതി പരിസ്ഥിതി നാശം തടയും. പിഎം പ്രണാം പദ്ധതി രാജ്യത്തെ കാര്‍ഷിക വ്യവസായത്തെ തന്നെ മാറ്റിമറിച്ചേക്കാം.












Click it and Unblock the Notifications