കര്‍ഷകര്‍ക്ക് 6000 രൂപ സഹായം; എന്താണ് പിഎം കിസാന്‍ സമ്മാന്‍ നിധി?
രാജ്യത്ത് കൃഷി ഉപജീവനമാര്‍ഗമായി കൊണ്ടുനടക്കുന്ന നിരവധി പേരുണ്ട്. ഇത്തരം ചെറുകിട കര്‍ഷകരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കി വരുന്നത്. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ഏറ്റവും ജനപ്രിയമായ പദ്ധതികളിലൊന്നാണ് പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി. സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണപ്രദേശത്ത് അവിടുത്തെ ഭരണകര്‍ത്താക്കളുമാണ് പദ്ധതിക്ക് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്.
2019 ഫെബ്രുവരി ഒന്നിന് കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ നടത്തിയ ഇടക്കാല ബജറ്റിലാണ് പിഎം കിസാന്‍ സമ്മാന്‍ നിധി പ്രഖ്യാപിച്ചത്. നിലവില്‍ 15 കോടിയോളം ഗുണഭോക്താക്കളാണ് പദ്ധതിക്ക് കീഴില്‍ ആനുകൂല്യം കൈപ്പറ്റി വരുന്നത് എന്നാണ് വിവരം. വിളകളുടെ ആരോഗ്യവും പരിപാലനവും ഉറപ്പാക്കി അതുവഴി കര്‍ഷകരുടെ വരുമാനം സ്ഥിരപ്പെടുത്തുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

കിസാന്‍ സമ്മാന്‍ നിധി വഴി പ്രതിവര്‍ഷം 6000 രൂപ ഭൂവുടമകളായ ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. 2,000 രൂപാ വീതം നാല് മാസത്തില്‍ മൂന്ന് തവണകളായാണ് ഈ തുക അനുവദിക്കുന്നത്. അര്‍ഹരായ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ആണ് ആനുകൂല്യം വിതരണം ചെയ്യുന്നത്. രണ്ട് ഹെക്ടര്‍ വരെ മൊത്തം കൃഷിയോഗ്യമായ ഭൂമിയുള്ള എല്ലാ ചെറുകിട കര്‍ഷക കുടുംബങ്ങള്‍ക്കും സാമ്പത്തിക ആനുകൂല്യം നല്‍കും.
ഉയര്‍ന്ന സാമ്പത്തിക നിലയിലുള്ള കര്‍ഷക കുടുംബങ്ങള്‍ക്ക് പദ്ധതിയില്‍ ആനുകൂല്യം ലഭിക്കുന്നതല്ല. ഭരണഘടനാ പദവികള്‍ വഹിച്ചവരോ നിലവില്‍ വഹിക്കുന്നവരോ ആയ അംഗങ്ങളുള്ള കുടുംബങ്ങളെ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തില്ല. പ്രതിമാസ പെന്‍ഷന്‍ 10,000 രൂപയോ അതില്‍ കൂടുതലോ ഉള്ളവര്‍ക്ക് പദ്ധതിക്ക് കീഴില്‍ ആനുകൂല്യം ലഭിക്കില്ല. ആദായനികുതി അടക്കുന്നവരേയും പദ്ധതിയില്‍ നിന്ന് ഒഴിവാക്കും.
ആധാര്‍ കാര്‍ഡ്, കൈവശാവകാശ രേഖ, സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് എന്നിവയാണ് പദ്ധതിയില്‍ അംഗമാകാന്‍ ആവശ്യമായ രേഖകള്‍. പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി വഴി 2000 രൂപയുടെ ആദ്യ ഗഡു ലഭിക്കുന്നത് ഏപ്രില്‍ ഒന്ന് മുതല്‍ ജൂലൈ 31 വരെയുള്ള കാലയളവിലായിരിക്കും. രണ്ടാം ഗഡു ആഗസ്ത് ഒന്നിനും നവംബര്‍ 30നും ഇടയില്‍ ആണ് വിതരണം ചെയ്യുക. മൂന്നാം ഗഡു വിതരണം ചെയ്യുന്നത് ഡിസംബര്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്കായിരിക്കും












Click it and Unblock the Notifications