ഭിന്നശേഷിക്കാരുടെ അമ്മമാര്‍ക്ക് ഇ-ഓട്ടോ: എന്താണ് സ്‌നേഹയാനം പദ്ധതി?
ഭിന്നശേഷിക്കാരായ നിരവധി പേര്‍ നമുക്ക് ചുറ്റുമുണ്ട്. ഇവര്‍ക്കായി നിരവധി പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരെ പോലെ തന്നെ പരിഗണനയും കരുതലും അര്‍ഹിക്കുന്നവരാണ് അവരെ പരിപാലിക്കുന്നവരും. മിക്ക വീടുകളിലും അമ്മമാരായിരിക്കും ഭിന്നശേഷിക്കാരെ പരിപാലിക്കുന്നത്. ഇത്തരത്തില്‍ ഭിന്നശേഷിക്കാരായ മക്കളുള്ള അമ്മമാരുടെ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് സ്‌നേഹയാനം.
ഇത്തരക്കാരുടെ അമ്മമാര്‍ക്ക് ഇലക്ട്രിക് ഓട്ടോയാണ് സര്‍ക്കാര്‍ സ്‌നേഹയാനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കുന്നത്. ഭിന്നശേഷിക്കാരായ മക്കളെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനും മറ്റ് സമയങ്ങളില്‍ വാടകക്ക് ഓടുന്നതിനും ഈ ഓട്ടോ ഉപയോഗിക്കാവുന്നതാണ്. ആര്‍ക്കൊക്കെയാണ് സ്‌നേഹയാനം പദ്ധതിയില്‍ സഹായം ലഭിക്കുക എന്നും എന്തൊക്കെയാണ് മാനദണ്ഡം എന്നും നമുക്ക് പരിശോധിക്കാം.

Image Credit: Kerala Automobiles Limited
ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, ഒന്നിലധികം വൈകല്യം തുടങ്ങിയവ ബാധിച്ച അമ്മമാര്‍ക്കാണ് പദ്ധതി മുഖാന്തിരം സഹായം നല്‍കി വരുന്നത്. ഈ വിഭാഗത്തില്‍ ഉള്ളവരുടെ പരിചരണവും പുനരധിവാസവും മറ്റു ഭിന്നശേഷിക്കാരില്‍ നിന്ന് വ്യത്യസ്തവും പ്രയാസം നിറഞ്ഞതുമാണ്. ഇവരില്‍ ഭൂരിഭാഗവും മറ്റുള്ളവരെ ആശ്രയിച്ച് മാത്രം കഴിയുന്നവരായിരിക്കും. ഇത്തരക്കാരുടെ അമ്മമാര്‍ക്കും കുടുംബത്തിനും ഉപജീവനമാര്‍ഗം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം.
ആരൊക്കെയാണ് ഗുണഭോക്താക്കള്‍?
അപേക്ഷകര്‍ 55 വയസില്‍ താഴെ പ്രായമുള്ളവരായിരിക്കണം. ഭര്‍ത്താവ് ഉപേക്ഷിച്ചവരോ വിധവകളോ ആയ മുകളില്‍ പറഞ്ഞ ഭിന്നശേഷിക്കാരായ മക്കളുള്ളവര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. അപേക്ഷക ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരായിരിക്കണം. നാഷണല്‍ ട്രസ്റ്റ് നിയമത്തിനു കീഴില്‍ ഉള്‍പ്പെടുന്ന ഭിന്നശേഷിക്കാരുടെ അമ്മമാര്‍ക്കാണ് സ്‌നേഹയാനം പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ സാധിക്കുക.
മറ്റ് വരുമാന മാര്‍ഗങ്ങള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല. പദ്ധതി പ്രകാരം ഓട്ടോയ്ക്കായി അപേക്ഷിക്കുന്ന വ്യക്തിക്ക് മുച്ചക്ര വാഹന ലൈസന്‍സ് ഉണ്ടായിരിക്കണം. പദ്ധതിക്ക് കീഴില്‍ അനുവദിക്കുന്ന ഇലക്ട്രിക് ഓട്ടോ മറിച്ച് വില്‍ക്കാനോ കൈമാറാനോ പാടില്ല. ലോക്കല്‍ ലെവല്‍ കമ്മിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍, ജില്ലാ സാമൂഹികനീതി ഓഫിസര്‍, എന്‍ ജി ഒ അംഗം, ജില്ലാ മെഡിക്കല്‍ ഓഫിസറുടെ പ്രതിനിധി എന്നിവരുള്‍പ്പെടുന്ന സമിതിയാണ് സ്‌നേഹയാനം പദ്ധതിക്ക് അര്‍ഹരായ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്.
റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, തിരിച്ചറിയില്‍ രേഖയുടെ പകര്‍പ്പ്, വിധവയോ ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീയോ ആണെന്ന് വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ രേഖ, മക്കള്‍ മുകളില്‍ പറഞ്ഞ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരാണ് എന്ന് മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ രേഖ എന്നിവയാണ് അപേക്ഷക്കായി ആവശ്യമായുള്ളത്. ജില്ലാ സാമൂഹ്യനീതി ഓഫീസ്, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ആണ് സ്‌നേഹയാനം പദ്ധതിക്കായി അപേക്ഷിക്കാം.












Click it and Unblock the Notifications