ട്രെയിന്‍ ടിക്കറ്റ് എടുക്കുമ്പോള്‍ 35 പൈസ കൂടി ചെലവാക്കാമോ? എങ്കില്‍ ലഭിക്കും 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്
മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ നടുക്കത്തിലാണ് രാജ്യം. രാജ്യത്ത് പ്രതിദിനം ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന ഗതാഗത മാര്‍ഗങ്ങളിലൊന്നാണ് റെയില്‍വേ. എന്നാല്‍ പലര്‍ക്കും റെയില്‍വേ ഇന്‍ഷുറന്‍സിനെ കുറിച്ച് കാര്യമായ ധാരണയില്ല എന്നതാണ് സത്യം. ഒഡിഷ അപകടം വീണ്ടും യാത്രാ ഇന്‍ഷുറന്‍സിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയാണ്.
വളരെ കുറഞ്ഞ ചിലവില്‍ ട്രെയിന്‍ യാത്രക്കാരനും കുടുംബത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതാണ് ഈ പദ്ധതി. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (ഐആര്‍സിടിസി) വെബ്സൈറ്റിലോ മൊബൈല്‍ ആപ്പിലോ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാര്‍ക്ക് വെറും 35 പൈസയ്ക്ക് യാത്രാ ഇന്‍ഷുറന്‍സ് നേടാനുള്ള സൗകര്യം ആണ് ഉള്ളത്. പദ്ധതിയെ കുറിച്ച് കൂടുതല്‍ അറിയാം.

ഐആര്‍സിടിയുടെ നെക്സ്റ്റ് ജനറേഷന്‍ ഇ- ടിക്കറ്റ് സംവിധാനം വഴി ടിക്കറ്റെടുക്കുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മാത്രമെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കൂ. വിദേശ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷക്ക് അര്‍ഹതയില്ല. ഈ സ്‌കീം ഓപ്ഷണല്‍ ആണ്. ഒരു യാത്രക്കാരന്‍ ട്രെയിന്‍ അപകടത്തില്‍ മരിക്കുകയോ സ്ഥിരമായ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താല്‍ 10 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് തുക അനുവദിക്കും.
യാത്രക്കാരന് ഭാഗിക വൈകല്യമുണ്ടെങ്കില്‍ നഷ്ടപരിഹാരമായി 7.5 ലക്ഷം രൂപ നല്‍കും. അപകടത്തില്‍ പരിക്കേറ്റാല്‍, 2,00,000 രൂപ ആശുപത്രി ചെലവും മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിന് 10,000 രൂപയും ആണ് പദ്ധതിക്ക് കീഴില്‍ നല്‍കുക. ഇതിന് പുറമെ ട്രെയിന്‍ വൈകുന്നത്, ട്രെയിന്‍ റദ്ദാക്കുന്നത്, യാത്രയ്ക്കിടയിലെ മോഷണം, തുടങ്ങി പല കാര്യങ്ങളും റെയില്‍വേ ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ വരും.
പോളിസി വിവരങ്ങള്‍ ഉപഭോക്താവിന് എസ്എംഎസ് വഴിയും അവരുടെ രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡികളിലൂടെയും ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് നേരിട്ട് നോമിനേഷന്‍ വിശദാംശങ്ങള്‍ പൂരിപ്പിക്കുന്നതിനുള്ള ലിങ്ക് സഹിതം ലഭിക്കും. യാത്രക്കാരന്‍ ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം, അതത് ഇന്‍ഷുറന്‍സ് കമ്പനി സൈറ്റില്‍ നോമിനേഷന്‍ വിശദാംശങ്ങള്‍ പൂരിപ്പിക്കണം. 35 പൈസ മാത്രമാണ് ഇന്‍ഷുറന്‍സിനായി റെയില്‍വേ ടിക്കറ്റ് ചാര്‍ജിനൊപ്പം അധികമായി ഒരു യാത്രക്കാരന്‍ നല്‍കേണ്ടത്.
അപകടം നടന്ന ദിവസം മുതല്‍ പരമാവധി നാല് മാസത്തിനുള്ളില്‍ റെയില്‍വേയുടെ ഇന്‍ഷുറന്‍സിനായി ക്ലെയിം ചെയ്യാവുന്നതാണ്. അപകടം സ്ഥിരീകരിക്കുന്ന റെയില്‍വേ അതോറിറ്റിയുടെ റിപ്പോര്‍ട്ട്, വൈകല്യത്തിന്റെ വ്യാപ്തി സ്ഥിരീകരിക്കുന്ന ഡോക്ടറുടെ റിപ്പോര്‍ട്ട്, മെഡിക്കല്‍ ബില്ലുകള്‍, ഇന്‍ഷ്വര്‍ ചെയ്ത വ്യക്തിയുടെ ഒപ്പോട് കൂടിയ ഇന്‍ഷുറന്‍സ് ക്ലെയിം ഫോം പൂരിപ്പിച്ചത്, സിവില്‍ സര്‍ജനില്‍ നിന്നുള്ള വൈകല്യ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സമര്‍പ്പിക്കണം.
ഇതിനോടൊപ്പം എഫ്ഐആറിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, എക്‌സ്-റേ / ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടുകള്‍, ഗുണഭോക്താവിന്റെ ക്യാന്‍സല്‍ ചെയ്ത ചെക്ക്, വൈകല്യത്തിന് മുമ്പും ശേഷവും ഉള്ള ഫോട്ടോ എന്നീ രേഖകള്‍ ഹാജരാക്കണം. ഇന്‍ഷുറന്‍സ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഐആര്‍സിടിസി വെബ്‌സൈറ്റില്‍ ലഭ്യമാണ്.












Click it and Unblock the Notifications