Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കി അണക്കെട്ട് തുറക്കുന്പോൾ, തുറക്കുന്നത് ചെറുതോണിയിലെ ഷട്ടർ... അപ്പോൾ കുളമാവോ? അറിയേണ്ടതെല്ലാം

തൊടുപുഴ: കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ടാണ് ഇടുക്കി അണക്കെട്ട്. നീരൊഴുക്ക് വര്‍ദ്ധിച്ചതോടെ അണക്കെട്ട്, 2021 ഒക്ടോബര്‍ 19, ചൊവ്വാഴ്ച തുറക്കും എന്ന് അറിയിപ്പ് നല്‍കിക്കഴിഞ്ഞു . എന്താണ് ഇടുക്കി അണക്കെട്ട് എന്നതും എങ്ങനെയാണ് അണക്കെട്ടിന്റെ ഷട്ട‍ർ തുറക്കുക എന്നതും മനസ്സിലാക്കേണ്ടതുണ്ട് . ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുമ്പോള്‍ അത് ഏതൊക്കെ മേഖലകളെ ആയിരിക്കും ബാധിക്കുക എന്നത് കൃത്യമായി കണക്കാക്കപ്പെട്ടിട്ടുള്ള കാര്യമാണ് . ഏത് വഴി വെള്ളം ഒഴുകി, എവിടെ എത്തും എന്നതിലും കൃത്യമായ ധാരണയുണ്ട്. എന്നാൽ, വെള്ളം ഒഴുകി പോകുന്ന മേഖലകളിലെല്ലാം തന്നെ അതീവ ജാ​ഗ്രത പുല‍ർത്തുകയും വേണം .

ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ ആണ് തുറക്കുക. 2018 ലെ പ്രളയത്തില്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നതിന് ശേഷമുള്ള കാഴ്ചകള്‍ മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. അന്ന് കാല്‍നൂറ്റാണ്ടിനിടെ ആദ്യമായിട്ടായിരുന്നു ചെറുതോണിയിലെ ഷട്ടര്‍ തുറന്നത് .

1

ഇടുക്കി ഡാം എന്ന് ഒറ്റയടിക്ക് പറയുമെങ്കിലും അത് ഒരൊറ്റ ഡാം ആണെന്ന് പറയാന്‍ ആവില്ല . ഇടുക്കി ജലസംഭരണിയില്‍ ആകെ മൂന്ന് ഡാമുകളാണ് ഉള്ളത്. ഇടുക്കി ആര്‍ച്ച് ഡാമും ചെറുതോണി ഡാമും പിന്നെ കുളമാവ് ഡാമും. ആര്‍ച്ച് ഡാമിലും കുളമാവ് ഡാമിലും വെള്ളം തുറന്നുവിടാനുള്ള ഷട്ടറുകളില്ല. ഇതുള്ളത് ചെറുതോണി ഡാമില്‍ ആണ് . അതുകൊണ്ട് തന്നെ ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്നു എന്ന് പറഞ്ഞാല്‍, അതുകൊണ്ട് ഉദ്ദേശിക്കുന്നത് ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറക്കുന്നു എന്നാണ് .

2

ഇടുക്കി അണക്കെട്ടിലെ ജലസംഭരണിയിലെ വെള്ളത്തിന്റെ അളവ് കേട്ടാല്‍ ആരും ഒന്ന് അമ്പരന്ന് പോകും . 554.2 അടിയാണ് അണക്കെട്ടിന്റെ മൊത്തം ഉയരം. 541 അടിയിലാണ് വെള്ളമുള്ളത്. ഒരു അമ്പത് നില കെട്ടിടത്തിന്റെ ഉയരത്തോളം വരും ഇത്. 2403 അടിയാണ് പരമാവധി ജലനിരപ്പ്. ചെറുതോണി ഡാമിന്റെ ഉയരം 138 മറ്റര്‍ ആണ്. താജ്മഹലിനേക്കാളും കുത്തബ്മിനാറിനേക്കാളും ഒരുപാട് ഉയരമുണ്ട് ചെറുതോണി അണക്കെട്ടിന് എന്നര്‍ത്ഥം. ഇജിപ്തിലെ ​ഗ്രേറ്റ് പിരമിഡോളം ആണ് അണക്കെട്ടിന്റെ ഉയരം .

3

ചരിത്രത്തില്‍ ഇന്നേവരെ മൂന്ന് തവണയാണ് ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നിട്ടുള്ളത്. 1981 ലും 1992 ലും പിന്നെ 2018 ലും. 1981 ല്‍ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ കാലത്ത് തുടര്‍ച്ചയായി ചെറുതോണിയുടെ ഷട്ടര്‍ തുറക്കേണ്ടി വന്നിട്ടുണ്ട്. 1981, ഒക്ടോബര്‍ 29 നും നവംബര്‍ 13 നും ഇടയില്‍ ആയിരുന്നു ഇത് . 1992 ല്‍ ഒക്ടോബര്‍ 12 മുതല്‍ 23 വരെ തുടര്‍ച്ചയായി ഷട്ടര്‍ തുറന്നിട്ടു. ഏറ്റവും ഒടുവില്‍ 2018 ലെ പ്രളയകാലത്ത് ഓഗസ്റ്റ് 9 മുതല്‍ സെപ്തംബര്‍ 7 വരെ ഷട്ടര്‍ തുറന്നു . ചരിത്രത്തില്‍ ആദ്യമായി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നതും അപ്പോഴായിരുന്നു. ഇതിന്റെ പ്രത്യാഘാതവും വലുതായിരുന്നു .

4

ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നാല്‍ വെള്ളം ആദ്യം എത്തുക ചെറുതോണി പുഴയിലേക്കാണ് . ഇതിന്റെ ദൃശ്യങ്ങള്‍ കാണാന്‍ 2018 ല്‍ നൂറുകണക്കിന് ആളുകളായിരുന്നു തടിച്ചുകൂടിയിരുന്നത് . അന്ന് അസുഖബാധിതനായ കുട്ടിയെ കൊണ്ട് കരകവിഞ്ഞൊഴുകുന്ന പുഴയ്ക്ക് കുറുകേ, മുങ്ങിത്തുടങ്ങിയ പാലത്തിലൂടെ ഓടിയ ദുരന്ത നിവാരണ സേനാം​ഗത്തെ ലോകം ഒരിക്കലും മറക്കില്ല. ചെറുതോണി പുഴയിലൂടെ ഒഴുകുന്ന വെള്ളം, വെള്ളക്കയത്ത് വച്ചാണ് പെരിയാറിലേക്ക് ചേരുക. ചെറുതോണി പാലം കഴിഞ്ഞ തവണ നിറഞ്ഞുകവിഞ്ഞിരുന്നു. ചെറുതോണി ചപ്പാത്തിലും വെള്ളം നിറയാനുള്ള സാധ്യതയുണ്ട്. ചേലച്ചുവട് , കീരിത്തോട് , നേര്യമംഗം, ഇടമലയാര്‍, മലയാറ്റൂര്‍, കാലടി, വഴിയാണ് വെള്ളം ഒഴുകി പോവുക .

5

ഇടുക്കി അണക്കെട്ടില്‍ നിന്ന് ചെറുതോണി വഴി ഒഴുകുന്ന വെള്ളം മറ്റ് അണക്കെട്ടുകളിലേക്ക് കൂടി എത്തും. ലോവര്‍ പെരിയാര്‍ അണക്കെട്ടിലാണ് ആദ്യം എത്തുക. അവിടെ നിന്ന് ഭൂതക്കാന്‍കെട്ട് അണക്കെട്ടിലും വെള്ളം എത്തും. ഇവിടെ നിന്നുള്ള വെള്ളം പെരുമ്പാവൂര്‍, കാലടി വഴിയാണ് ആലുവയില്‍ എത്തുക. അതിന് ശേഷം കടലിലേക്കും. എത്തുന്ന വെള്ളത്തിന്റെ അളവനുസരിച്ച്, പലയിടത്തും പുഴകള്‍ കരകവിഞ്ഞൊഴുകാനും വെള്ളപ്പൊക്കം ഉണ്ടാകാനും ഉള്ള സാധ്യതകളുണ്ട്. അതുകൊണ്ട് തന്നെ ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുമ്പോള്‍ കൃത്യമായ മുന്നറിയിപ്പുകളും നല്‍കിപ്പോരുന്നു. എറണാകുളം ജില്ലയില്‍ ആലുവയും വല്ലാര്‍പാടവും മുളവുകാടും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ജലനിരപ്പ് ഉയരും

6

ചെറുതോണി ഡാമിന് അഞ്ച് ഷട്ടറുകളാണ് ഉള്ളത് എന്ന് നേരത്തേ സൂചിപ്പിച്ചിരുന്നല്ലോ. 2018 ലാണ് അവ അഞ്ചും തുറന്നത് എന്നും സൂചിപ്പിച്ചു. സാധാരണ ഗതിയില്‍ നടുവിലുള്ള ഷട്ടര്‍ ആണ് ആദ്യം തുറക്കുക. ഇതിന് ശേഷം അതിനോട് ചേര്‍ന്ന് ഇരുവശത്തും ഉള്ള ഷട്ടറുകള്‍ തുറക്കും. ആവശ്യമെങ്കില്‍ മാത്രമാണ് അവശേഷിക്കുന്ന ഷട്ടറുകള്‍ കൂടി തുറക്കുക. വൈദ്യുതി ഉപയോഗിച്ച് തുറക്കാവുന്നവയാണ് എല്ലാ ഷട്ടറുകളും.

7

കുറവന്‍ മലയ്ക്കും കുറത്തി മലയ്ക്കും കുറുകെയാണ് ഇടുക്കി ആര്‍ച്ച് ഡാം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആര്‍ച്ച് ഡാമുകളില്‍ ഒന്നാണ് ഇടുക്കി ആര്‍ച്ച് ഡാം. ഇടുക്കി ആര്‍ച്ച് ഡാമും ചെറുതോണി ഡാമും കുളമാവ് ഡാമും ചേരുന്ന ഇടുക്കി ജലസംഭരണിയുടെ 60 ചതുരശ്ര കിലോമീറ്ററില്‍ ആണ് പരന്നുകിടക്കുന്നത്. മേല്‍പറഞ്ഞ മൂന്ന് ഡാമുകളെ കൂടാതെ രണ്ട് സാഡിള്‍ ഡാമുകളും ചേര്‍ന്നതാണ് ഇടുക്കി ജലസംഭരണി. സമുദ്ര നിരപ്പില്‍ നിന്ന് 2,300 അടി ഉയരത്തിലാണ് ഇത് എന്ന പ്രത്യേകതയും ഉണ്ട്. ചെറുതോണി ഡാമും കുളമാവ് ഡാമും ഗ്രാവിറ്റി ഡാമുകളാണ്. വൈദ്യുതോത്പാദനത്തിനാണ് ഇടുക്കി ഡാം പണിതത്. കെഎസ്ഇബിയുടെ ഉടമസ്ഥതയിലാണ് ഡാം. 74.5 ദശലക്ഷം ഘന അടി സംഭരണ ശേഷിയുണ്ട് ഇടുക്കി ജലസംഭരണിയ്ക്ക്. എന്നാല്‍ 70.5 ദശലക്ഷം ഘനഅടി വരെ മാത്രമേ സംഭരിക്കാറുള്ളു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+