കോഴിക്കോടിനെ നടുക്കിയ ഇരട്ട സ്ഫോടനം, 16 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ വിധി- അറിയാം
കോഴിക്കോട് ഇരട്ട സ്ഫോടന കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതേ വിട്ടുകൊണ്ട് കേരള ഹൈക്കോടതി വിധി പ്രസ്താവം കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുകയാണ്. 16 വര്‍ഷം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസിലെ പ്രതികള്‍ കുറ്റവിമുക്തരാകുന്നത്. 2006 മാര്‍ച്ച് മൂന്നിന് പകല് 12.45നും 1.05നുമാണ് കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തെ മാവൂര്‍ റോഡിലെ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിനടുത്തും മൊഫ്യൂസില്‍ ബസ് സ്റ്റാന്റിലും ബോംബ് സ്ഫോടനങ്ങളുണ്ടായത്. മൊഫ്യൂസില്‍ ബസ് സ്റ്റാന്റില്‍ നടന്ന സ്ഫോടനത്തില്‍ ഒരു പൊലിസുകാരനും ചുമട്ടുതൊഴിലാളിക്കും പരിക്കേറ്റിരുന്നു. ആദ്യം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍ ഐ എ ഏറ്റെടുക്കുകയായിരുന്നു. കേരളത്തില്‍ എന്‍ ഐ എ അന്വേഷണം നടത്തിയ കേസില്‍ ശിക്ഷവിധിക്കുന്ന ആദ്യത്തെ കേസാണ് കോഴിക്കോട്ടെ ഇരട്ട സ്‌ഫോടനം.
കണ്ണൂര്‍ വാഴക്കത്തെരു താഴത്തകത്ത് വീട് സക്കീനാസില്‍ അബ്ദുല്‍ ആലിം, കണ്ണൂര്‍ നീര്‍ച്ചാലിലെ ബൈത്തുല്‍ ഹിലാലില്‍ നസീര്‍ എന്ന തടിയന്റവിട നസീര്‍, പാനൂര്‍ സ്വദേശി അസ്ഹര്‍, കണ്ണൂര്‍ തയ്യില്‍ പൗണ്ട്വളപ്പ് സഫ്നാസ് ഷഫാസ്, കണ്ണൂര്‍ കടമ്പൂര്‍ പുതിയപുരയില്‍ പരിപ്പായി അബ്ദുല്‍ ജലീല്‍, പരപ്പനങ്ങാടി ചെട്ടിപ്പടി നാലകത്ത് യൂസുഫ്, പരപ്പനങ്ങാടി സ്വദേശിയായ ഷമ്മി ഫിറോസ് തുടങ്ങിയവരായിരുന്നു കേസിലെ പ്രതിപ്പട്ടികയിലുണ്ടായിരുന്നത്.
സ്ഫോടനവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിന് അന്ന് നേതൃത്വം നല്‍കിയിരുന്നത് ഡി വൈ എസ് പി പി രാജന്‍, മുന്‍ കാസര്‍കോട് ഡി വൈ എസ് പി ഹബീബ് റഹ്മാന്‍ എന്നിവരുള്‍പ്പെട്ട സംഘമായിരുന്നു. 2009 വരെ ക്രൈംബ്രാഞ്ചാണ് ഈ കേസിന്റെ അന്വേഷണം നടത്തിയിരുന്നത്. എന്നാല്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഉത്തരവനുസരിച്ച് 2010-ലാണ് എന്‍ ഐ എ അന്വേഷണ ചുമതല ഏറ്റെടുത്തത്.

സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടിയ ശേഷമാണ് അന്ന് ആഭ്യന്തര മന്ത്രാലയം കേസ് എന്‍ ഐ എയെ ഏല്‍പ്പിച്ചത്. ജമ്മുകശ്മീര്‍ കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥനായിരുന്ന എസ് പി മുകേഷ് സിങായിരുന്നു അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. നാല് മലയാളികളും അന്വേഷണസംഘത്തിലുണ്ടായിരുന്നു. ആദ്യം കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ഹബീബ് റഹ്മാന്‍ എന്‍ ഐ എ രൂപീകരണത്തോടെ ഡെപ്യൂട്ടേഷനില്‍ എന്‍ ഐ എയില്‍ എത്തിയിരുന്നു. മുന്‍ കേരള ഡിജിപിയായിരുന്ന ലോക്നാഥ് ബഹ്റയായിരുന്നു അന്നത്തെ എന്‍ ഐ എ ഐ ജി. സ്‌ഫോടനക്കേസ് സംഘപരിവാര്‍ വലിയ രീതിയില്‍ പ്രചരണായുധമാക്കിയിരുന്നു. കേരളത്തില്‍ തീവ്രവാദി സാന്നിധ്യമുണ്ട് എന്ന തരത്തിലുള്ള പ്രചരണങ്ങളും വ്യാപകമായിരുന്നു. കോഴിക്കോട് ഇരട്ട സ്‌ഫോടനത്തിന്റെ മറവില്‍ മുസ്ലീങ്ങളെ വേട്ടയാടുന്നുവെന്ന വാദങ്ങളും ശക്തമായിരുന്നു.

സംഭവ ദിവസം കോഴിക്കോടുണ്ടായിരുന്നു എന്നതിന്റെ പേരില്‍ ദുരൂഹത ആരോപിച്ച് നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ഇതിനിടെ മാധ്യമങ്ങളിലൂടെ അര്‍ധസത്യം പിടിപ്പിച്ച കഥകളും പ്രചരിപ്പിക്കപ്പെട്ടു. ഇതിനിടെയാണ് കേസിലെ ഭീകരസംഘടനങ്ങളുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍ വരുന്നത്. അല്‍ ബദര്‍ എന്ന സംഘടനയ്ക്കും ലശ്കറെ ത്വായ്ബ എന്ന സംഘടനയ്ക്കും ബന്ധമുണ്ടെന്ന പ്രചരണം ഇതോടെ ശക്തമായി. പാക് പൗരനായ ഫഹദ് എന്ന വ്യക്തിയും ഇതോടെ വാര്‍ത്തകളില്‍ നിറഞ്ഞു. കേസിലെ ഒന്നാം പ്രതി തടിയന്റവിട നസീര്‍ കുടകില്‍ ഫഹദിന് ആയുധപരിശീലനം നല്‍കിയെന്ന തരത്തിലും വാര്‍ത്തകള്‍ വന്നു. ലശ്കറെ ത്വയ്ബയുടെ മുഖ്യകണ്ണി എന്ന നിലയ്ക്കാണ് കേസില്‍ അറസ്റ്റിലായ മലപ്പുറം സ്വദേശി ഷമ്മി ഫിറോസിനെ എന്‍ ഐ എ അവതരിപ്പിച്ചത്. തടിയന്റവിട നസീറില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഷമ്മിയുടെ അറസ്റ്റെന്നായിരുന്നു അന്നത്തെ എന്‍ ഐ എ വിശദീകരണം.

മാറാട് കലാപത്തിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ജുഡീഷ്യറിയോടും മറ്റു സംവിധാനങ്ങളോടുമുള്ള പ്രതിഷേധമെന്ന നിലയിലാണ് പ്രതികള്‍ സ്‌ഫോടനത്തിന് ആസൂത്രണം നല്‍കിയത് എന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. അന്വേഷണത്തിനും വിചാരണയ്ക്കുമൊടുവില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ തടിയന്റവിട നസീറിനും ഷഫാസിനും ജീവപര്യന്തം ശിക്ഷ എന്‍ ഐ എ കോടതി വിധിച്ചിരുന്നു. തടിയന്റവിട നസീറിന് ട്രിപ്പിള്‍ ജീവപര്യന്തവും ഷഫാസിന് ഇരട്ടജീവപര്യന്തവുമായിരുന്നു വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നത്. ബോംബ് നിര്‍മ്മാണം മുതല്‍ സ്‌ഫോടനം നടത്തുന്നതുവരെയുള്ള കാര്യങ്ങളില്‍ നേരിട്ട് പങ്കാളിത്തം ഉണ്ടായിരുന്നു എന്നാണ് വിചാരണ കോടതി കണ്ടെത്തിയത്. ഒന്നാം പ്രതി തടിയന്റവിട നസീറിന് മൂന്നു ജീവപര്യന്തവും 1,60,000 രൂപ പിഴയും നാലാം പ്രതിയായ ഷഫാസിന് ഇരട്ട ജീവപര്യന്ത്യവും 1,10,000 രൂപ പിഴയുമാണ് വിധിച്ചത്. ജീവപര്യന്തം ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നായിരുന്നു വിധി.

പ്രതികള്‍ക്ക് ഇന്ത്യന്‍ ഭരണഘടനയും ദേശാഭിമാനികളുടെ ജീവചരിത്രവും വായിക്കുവാനായി നല്‍കുവാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ജസ്റ്റിസ് എസ്.വിജയകുമാറിന്റേതായിരുന്നു വിധി. കേസിലെ വിചാരണ പൂര്‍ത്തിയായ ശേഷം അബ്ദുല്‍ ഹാലിം, അബൂബക്കര്‍ യൂസുഫ് എന്നീ രണ്ടു പ്രതികളെ കോടതി നേരത്തെ തന്നെ വെറുതെ വിട്ടിരുന്നു. ഇതിനെതിരെ എന്‍ ഐ എ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിയിരുന്നു. കേസില്‍ ഒമ്പതു പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ രണ്ടു പ്രതികളെ എന്‍ ഐ എക്ക് പിടി കൂടാനായിട്ടില്ല. ഒരു പ്രതി കശ്മീരില്‍ വെച്ച് മരിച്ചിരുന്നു. വിചാരണ പൂര്‍ത്തിയാക്കിയ ശേഷമാണ് മറ്റു രണ്ടു പ്രതികളെ വിട്ടയച്ചത്. 2011 ലാണ് പ്രതികള്‍ ശിക്ഷ വിധി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. പ്രതികളുടെ അപ്പീല്‍ ഹര്‍ജിയും രണ്ട് പ്രതികളെ വെറുതേ വിട്ടതിനെതിരായ എന്‍ ഐ എ ഹര്‍ജികളിലും വാദം കേട്ട ശേഷമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് സിയാദ് റഹ്മാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വിധി പുറപ്പെടുവിച്ചത്. അതേസമയം പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിയ്‌ക്കെതിരെ എന്‍ ഐ എ സുപ്രീംകോടതിയെ സമീപിച്ചേക്കും.












Click it and Unblock the Notifications