
17 സംസ്ഥാനങ്ങള്‍, 5 കേന്ദ്രഭരണ പ്രദേശങ്ങള്‍; 60 ദിവസം, 13,000 കിലോമീറ്റര്‍, ഒറ്റയ്ക്കൊരു വീട്ടമ്മ
തിരുവനന്തപുരം: മാഹിയിൽ നിന്ന് ലഡാക്ക് വരെ കാറോടിച്ച് ഒറ്റയ്ക്ക് യാത്ര ചെയ്ത് ഒരു വീട്ടമ്മ. മാത്രമല്ല യാത്രാനുഭവങ്ങൾ അവരൊരു പുസ്തകവുമാക്കി. 'ഓള് കണ്ട ഇന്ത്യ ഓളെ ഇന്ത്യ' എന്നാണ് പുസ്തകത്തിന്റെ പേര്. നാജി നൗഷി എന്ന ഈ വീട്ടമ്മയെ കേരള പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ആണ് സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. ലോകം കാണമെന്ന ആഗ്രഹവുമായി ഇറങ്ങിത്തിരിച്ച സാധാരണക്കാരിയുടെ അസാധാരണമായ യാത്രാനുഭവം എന്നാണ് പുസ്തകത്തെ മന്ത്രി വിശേഷിപ്പിച്ചിരിക്കുന്നത്.
മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ കുറിപ്പ്: '' 17 സംസ്ഥാനങ്ങള്‍, 5 കേന്ദ്രഭരണ പ്രദേശങ്ങള്‍, 3 അന്താരാഷ്ട്ര അതിര്‍ത്തികള്‍, 60 ദിവസം, 13,000 കിലോമീറ്റര്‍. ഒറ്റയ്ക്കൊരു വീട്ടമ്മ. പരിമിതികളെ തരണം ചെയ്ത് ആഗ്രങ്ങള്‍ക്ക് പിറകേപോകുന്നവരാണ് ചരിത്രം രചിച്ചിട്ടുള്ളത്. നാജി നൗഷിയുടെ 'ഓള് കണ്ട ഇന്ത്യ ഓളെ ഇന്ത്യ' എന്ന പുസ്തകം ഒരു ചരിത്രമാണ്. വെറുതെ വായിക്കാനല്ല, ഇനിയുള്ള ഓരോ തലമുറയ്ക്കും മാതൃകയാവുന്നതാണ് ഈ പുസ്തകം.
അഞ്ച് മക്കളുടെ അമ്മയാണ് നാജി നൗഷി. തികച്ചും ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്നും വന്ന് ലോകം കാണമെന്ന ആഗ്രഹവുമായി ഇറങ്ങിത്തിരിച്ച സാധാരണക്കാരിയുടെ അസാധാരണമായ യാത്രാനുഭവമാണ് നാജി നൗഷിയുടെ പുസ്തകം പങ്കുവെക്കുന്നത്. സ്വന്തം നാടായ മാഹിയിലെ പള്ളൂരില്‍ നിന്നും ഒറ്റയ്ക്ക് കാറോടിച്ചാണ് ഇവര്‍ ലഡാക്കിലേക്ക് യാത്രചെയ്തത്.
യാത്രചെയ്ത വഴികളെല്ലാം നാജി തന്റെ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. സഞ്ചരിച്ച വഴികളില്‍ കണ്ടുമുട്ടിയ മനുഷ്യരെയും മണ്ണിനെയും ജീവിത രീതികളെയും കൃത്യമായി മനസിലാക്കിയും അത് പങ്കുവെച്ചുമാണ് നാജി യാത്ര ചെയ്തത്. എവറസ്റ്റ് കയറാന്‍ സ്പോണ്‍സറെ കിട്ടാതെ കിട്ടിയ വണ്ടികളില്‍ മാറി മാറി കയറിയാണ് നാജി നേപ്പാളിലെത്തിയത്. തുടര്‍ന്ന് അഞ്ച് ദിവസം കൊണ്ട് 5364 കിലോമീറ്റര്‍ ഉയരം നടന്നുകയറി. 15 ദിവസം വരെ ട്രെക്ക് ആവശ്യമായി വരുന്ന ദൂരമാണിത്.
'പ്രതിയുമായി ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമം'; ദിലീപിന്റെ അഭിഭാഷകർക്കെതിരെ അതിജീവിത,വീണ്ടും പരാതി
മലകയറാന്‍ പരിശീലനമോ മുന്പരിചയമോ ഇല്ലാത്ത നാജി അഞ്ച് ദിവസം കൊണ്ട് ഒറ്റയ്ക്ക് ഈ ദൂരം കീഴടക്കിയെന്നത് അവരുടെ നിശ്ചയദാര്‍ഢ്യത്തിന്റെ തെളിവാണ്. ആ നിശ്ചയദാര്‍ഢ്യത്തെ പ്രത്യേകം അഭിനന്ദിക്കുന്നു. സ്ത്രീകള്‍ ഒറ്റയ്ക്കും കൂട്ടമായും യാത്ര ചെയ്യുന്ന ഒരു ട്രെന്‍ഡ് വിനോദസഞ്ചാര മേഖലയില്‍ ഉയര്‍ന്നുവരുന്നതായി കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ട്രെന്‍ഡിനെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്. ബേപ്പൂര്‍ മണ്ഡലത്തിലെ സഞ്ചാരകേന്ദ്രങ്ങള്‍ കോര്‍ത്തിണക്കി സ്ത്രീകള്‍ നടത്തിയ ബൈക്ക് യാത്ര ഇതിന്റെ ഭാഗമാണ്. നാജി നൗഷിയുടെ യാത്രാനുഭവങ്ങള്‍ കൂടുതല്‍പേര്‍ക്ക് പ്രചോദനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു'.