പടച്ചോനെ തൊട്ടുകളിച്ചാല്‍ കൊല്ലും! നിരീശ്വരവാദിയായ ഫാറൂഖിനെ മതഭ്രാന്തന്മാര്‍ വെട്ടിക്കൊന്നു...

വ്യാഴാഴ്ച രാത്രിയോടെയാണ് ഫാറൂഖിനെ ഒരുസംഘമാളുകള്‍ വെട്ടിക്കൊന്നത്.

  • Published:
  • By: Afeef
Subscribe to Oneindia Malayalam

കോയമ്പത്തൂര്‍: ഫേസ്ബുക്കില്‍ യുക്തിവാദ പോസ്റ്റിട്ട നിരീശ്വരവാദിയായ യുവാവിനെ വെട്ടിക്കൊന്നു. കോയമ്പത്തൂര്‍ സ്വദേശി ഫാറൂഖിനെയാണ് മതഭ്രാന്തന്മാര്‍ ക്രൂരമായി വെട്ടിക്കൊന്നത്. മതങ്ങള്‍ക്കെതിരായി പരസ്യമായ നിലപാടെടുത്ത ഫാറൂഖ് കഴിഞ്ഞ ദിവസം യുക്തിവാദത്തെ പിന്തുണയ്ക്കുന്ന അഭിപ്രായം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പോസ്റ്റിന്റെ പേരില്‍ ഫാറൂഖിന് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വ്യാഴാഴ്ച രാത്രിയോടെയാണ് ഫാറൂഖിനെ ഒരുസംഘമാളുകള്‍ വെട്ടിക്കൊന്നത്. കോയമ്പത്തൂര്‍ ഉക്കടം ബൈപാസ് റോഡിന് സമീപമാണ് അക്രമമുണ്ടായത്.

നിരീശ്വരവാദി...

നിരീശ്വരവാദിയായ ഫാറൂഖ് മതങ്ങള്‍ക്കെതിരെ പരസ്യമായ നിലപാടെടുത്ത വ്യക്തിയായിരുന്നു. യുക്തിവാദവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സജീവമായി ഇടപെട്ടിരുന്നയാളായിരുന്നു കോയമ്പത്തൂര്‍ സ്വദേശിയായ ഫാറൂഖ്. മതങ്ങള്‍ക്കെതിരായി കഴിഞ്ഞ ദിവസവും ഫാറൂഖ് ഫേസ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.

ഭീഷണി...

മതത്തിനെതിരെ പരസ്യമായി നിലപാടെടുത്ത ഫാറൂഖിനെ മതമൗലികവാദികള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ദ്രാവിഡ വിടുത്തലൈ കഴകം പ്രവര്‍ത്തകനായ ഫാറൂഖിനെ കൊലപ്പെടുത്തിയതും മതഭ്രാന്തന്മാര്‍ തന്നെയാണെന്നാണ് പോലീസ് നിഗമനം.

വ്യാഴാഴ്ച രാത്രി...

വ്യാഴാഴ്ച രാത്രി ഫോണ്‍ വന്നതിനെ തുടര്‍ന്നാണ് ഫാറൂഖ് പുറത്തേക്ക് പോയത്. ഉക്കടം ബൈപാസിന് സമീപത്താണ് ഓട്ടോയിലും ബൈക്കിലുമെത്തിയ സംഘം ഫാറൂഖിനെ തടഞ്ഞുനിര്‍ത്തി അക്രമിച്ചത്. അക്രമികളില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ച ഫാറുഖിനെ പിന്തുടര്‍ന്നോടിയ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു.

അന്വേഷണം...

ഫാറൂഖിനെ കൊലപ്പെടുത്തിയവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിവൈകെ പ്രവര്‍ത്തകര്‍ മൃതദേഹം ഏറ്റെടുക്കാതെ മോര്‍ച്ചറിക്ക് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ഇത് ആശുപത്രി പരിസരത്ത് സംഘര്‍ഷത്തിനിടയാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നില്‍ മതമൗലികവാദികളാണെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് അന്‍സത്ത് എന്നൊരാള്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ കീഴടങ്ങിയിട്ടുണ്ട്.

English summary
Atheist hacked to death in coimbatore.
Please Wait while comments are loading...