മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കുറിച്ച് ഒരു സിനിമയെടുത്തുകൂടേ എന്നാണ് ക്യാപ്റ്റന്‍ എം എസ് ധോണി ചോദിക്കുന്നത്. സിനിമാ കഥകളെ പോലും വെല്ലുന്ന കഥകളാണ് ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിംഗ് റൂമിനെ ചുറ്റിപ്പറ്റി പുറത്തുവരുന്നത്. എന്നാല്‍ പിന്നെ എല്ലാം കൂടി ചേര്‍ത്ത് ഒരു സിനിമ എടുത്താല്‍ പോരേ. വാര്‍ണര്‍ ബ്രോസ് ഒരു പടം പിടിച്ചാല്‍ ഉഷാറാകും - ധോണി പറയുന്നു.
വിരാട് കോലി ഒരു കത്തിയെടുത്തു. ശിഖര്‍ ധവാനെ കുത്തി. ധവാന്റെ പരിക്ക് ഭേദമാവാത്തതിനാല്‍ കോലിയെ ബാറ്റിംഗിന് അയക്കേണ്ടി വന്നു - ധോണി തമാശ പൊട്ടിച്ചു. രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തോറ്റതിനെ തുടര്‍ന്ന് ടീമിലുണ്ടായിരുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണ് എന്നും ധോണി പറഞ്ഞു. എന്നാല്‍ രണ്ടാം ടെസ്റ്റിനിടെ ഡ്രസ്സിംഗ് റൂമില്‍ പ്രശ്നങ്ങളുണ്ടായിരുന്നു എന്ന് ധോണി സീരിയസായിത്തന്നെ നേരത്തെ പറഞ്ഞതാണ്.
ധവാന് പരിശീലനത്തിനിടെ പരിക്കേറ്റതോടെ വിരാട് കോലിക്ക് ധൃതിപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്നു. കോലി 11 പന്തുകള്‍ മാത്രം കളിച്ച് ഔട്ടാകുകയും ചെയ്തു. മിച്ചല്‍ ജോണ്‍സനായിരുന്നു വിക്കറ്റ്. ഇന്ത്യ കളി തോല്‍ക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ടീമില്‍ പ്രശ്നങ്ങളുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ഇന്ത്യന്‍ ടീമിനെക്കുറിച്ച് നുണക്കഥകളുണ്ടാകുന്നത് പുതിയ കാര്യമല്ല എന്നാണ് ധോണി ഇതിനോട് പ്രതികരിച്ചത്.
എവിടെ നിന്നാണ് നിങ്ങള്‍ക്കീ വാര്‍ത്തകള്‍ കിട്ടുന്നത്. ടീമിലെ ആരെങ്കിലും പറഞ്ഞതാണോ. എങ്കില്‍ അയാളുടെ പേര് പറയൂ. വല്ല സിനിമയ്ക്കും കഥയെഴുതി ജീവിക്കുന്ന ആളാകും. ഇന്ത്യന്‍ ടീമിന്റെ ഡ്രസിംഗ് റൂമില്‍ അയാള്‍ക്ക് ഇടം ഉണ്ടാകില്ല. തികച്ചും ഇല്ലാത്ത കാര്യമാണ് അയാള്‍ പറഞ്ഞിരിക്കുന്നത് - ധോണി പറഞ്ഞു. പത്രക്കാര് സ്വന്തം കഥകളുണ്ടാക്കുന്നു എന്നും ധോണി കുറ്റപ്പെടുത്തി.