'അടുത്ത വർഷത്തോടെ 99 ശതമാനം ജോലികളും ഇല്ലാതാവും, എഐക്ക് ചെയ്യാൻ കഴിയാത്ത ഒന്നുമില്ല'; മുന്നറിയിപ്പ്
ആഗോള തലത്തിൽ എല്ലായിടത്തും വിപണി വ്യത്യാസമില്ലാതെ എഐ പിടിമുറുക്കുന്ന കാലമാണിത്. എല്ലാ മേഖലകളിലും മനുഷ്യരുടെ അധ്വാനം കുറയ്ക്കാനും മറ്റും എഐ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നുണ്ട്. അത് പക്ഷേ ദീർഘകാല അടിസ്ഥാനത്തിലുള്ള ചില ചോദ്യങ്ങൾക്കും കാരണമാവുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തൊഴിൽ നഷ്‌ടം ഉണ്ടാവുമോ എന്നത്. എഐ മൂലമുള്ള തൊഴിൽ നഷ്‌ടം അവഗണിക്കാനാവാത്ത ചോദ്യമായി അവശേഷിക്കുകയാണ്.
ഇപ്പോഴിതാ പ്രമുഖ ഗവേഷകനായ ഡോ. റോമൻ യംപോൾസ്‌കി തൊഴിൽ മേഖലയുടെ ഭാവിയെക്കുറിച്ച് ശക്തമായ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മനുഷ്യരുടേതായ മിക്ക ജോലികളും ഇല്ലാതായേക്കാം എന്നും, 2045 ഓടെ സമൂഹം സാങ്കേതികമായി തിരിച്ചുവരവ് സാധ്യമല്ലാത്ത ഒരു ഘട്ടത്തിലേക്ക് കടന്നേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ്, ഓട്ടോമേഷൻ എന്നിവയെക്കുറിച്ചും മനുഷ്യന്റെ പ്രസക്തിയുടെ അതിരുകളെക്കുറിച്ചും സംസാരിച്ചപ്പോൾ, ഈ മാറ്റങ്ങൾ മുൻ വ്യാവസായിക വിപ്ലവങ്ങളിൽ നാം കണ്ടിട്ടില്ലാത്ത തരത്തിലുള്ളതായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനർത്ഥം ഈ മാറ്റത്തെ നാം ഭയപ്പെടേണ്ടിയിരിക്കുന്നു എന്നതാണ്.
ലൂയിസ്‌വിൽ സർവകലാശാലയിലെ പ്രൊഫസറും ലാത്വിയൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനുമായ ഡോ. യംപോൾസ്‌കി, എഐ സുരക്ഷയിലും അപകടസാധ്യതയിലും നൂറിലധികം അക്കാദമിക് പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്‌റ്റീഫൻ ബാർട്ട്‌ലെറ്റ് ആതിഥേയത്വം വഹിക്കുന്ന 'ദി ഡയറി ഓഫ് എ സിഇഒ' എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് നിർണായക അഭിപ്രായങ്ങൾ പങ്കുവച്ചത്.
മിക്ക വൈജ്ഞാനിക ജോലികളിലും മനുഷ്യരെ കടത്തിവെട്ടാൻ ഈ സാങ്കേതികവിദ്യക്ക് കഴിയുമെന്നും അദ്ദേഹം വാദിച്ചു. ഇത് ഈ ദശാബ്‌ദത്തിൻ്റെ അവസാനത്തോടെ തൊഴിൽ രംഗത്ത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കും. 'അഞ്ച് വർഷത്തിനുള്ളിൽ എല്ലാ ശാരീരിക ജോലികളും യന്ത്രവൽകൃതമാക്കാൻ കഴിയും' എന്നാണ് അദ്ദേഹം പറയുന്നത്. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തലത്തിലുള്ള തൊഴിലില്ലായ്‌മയുള്ള ഒരു ലോകത്തിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം പറയുന്നു.
മുൻ സാങ്കേതികവിദ്യ വിപ്ലവങ്ങളിൽ നിന്ന് വ്യത്യസ്‌തമായി, പുതിയതരം മനുഷ്യ ജോലികൾ ഈ മാറ്റങ്ങൾക്ക് ശേഷം ഉണ്ടാകില്ലെന്ന് ഡോ. യംപോൾസ്‌കി വ്യക്തമാക്കി. അതിന് കാരണമായി അദ്ദേഹം പറയുന്നത് യന്ത്രവൽകരിക്കാൻ കഴിയാത്ത ഒരു ജോലിയും ഇല്ലെന്നാണ്. ഇത് മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത കാര്യമാണ്. മുമ്പ് നാം കണ്ടുപിടിച്ച എല്ലാ ഉപകരണങ്ങളും എന്തെങ്കിലും ചെയ്യാൻ സഹായിക്കുന്ന ഒന്നായിരുന്നു; അദ്ദേഹം പറയുന്നു. ഇതോടെ എഐ മൂലമുള്ള ജോലി നഷ്‌ടത്തെ കുറിച്ച് വീണ്ടും ചർച്ചകൾ ഉയരുകയാണ്.












Click it and Unblock the Notifications