പത്ത് വർഷത്തിനുള്ളിൽ എഐ മൂലം 3 ദശലക്ഷം പേർക്ക് ജോലി നഷ്‌ടമാവും; ആശങ്കയായി പഠന റിപ്പോർട്ട്
ഇനി വരാനിരിക്കുന്നത് എഐയുടെ, പുത്തൻ സാങ്കേതിക വിദ്യയുടെ കാലമാണെന്ന് വെറുതെ പറയുന്നതല്ല. നിങ്ങൾ ചുറ്റും ഒന്ന് കണ്ണോടിച്ചാൽ തന്നെ ഇത് എത്രത്തോളം ശരിയാണെന്ന് ബോധ്യമാവും. എല്ലാ മേഖലയിലും എഐ ശക്തമായ സാന്നിധ്യമായി മാറുകയാണ്. അത് മനുഷ്യർക്ക് വലിയ സഹായം ആവുകയും ചെയ്യുന്നുണ്ട്. എന്നാൽ വരാനിരിക്കുന്ന കാലത്ത് എഐ പലരുടെയും ജോലി കളയുമോ എന്നുള്ള ആശങ്കയും ഉയരുന്നുണ്ട്.
ഇപ്പോഴിതാ നിർമ്മിത ബുദ്ധി അതിവേഗം പുരോഗമിക്കുന്ന ഈ കാലഘട്ടത്തിൽ, അടുത്ത പത്ത് വർഷത്തിനുള്ളിൽ ഏകദേശം മൂന്ന് ദശലക്ഷം തൊഴിലുകൾക്ക് ഭീഷണി ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് ഒരു പഠന റിപ്പോർട്ട് പങ്കുവയ്ക്കുന്നത്. യുകെ ആസ്ഥാനമായുള്ള നാഷണൽ ഫൗണ്ടേഷൻ ഫോർ എഡ്യൂക്കേഷണൽ റിസർച്ചിന്റെ റിപ്പോർട്ട് ആണ് ഈ മുന്നറിയിപ്പ് നൽകുകുന്നത്.

നവംബർ 28-ന് പുറത്തിറക്കിയ ഈ റിപ്പോർട്ട്, എഐ സാങ്കേതികവിദ്യകളുടെ അതിവേഗഗത്തിലുള്ള വ്യാപനവും ദ്രുതഗതിയിലുള്ള വളർച്ചയും ഉയർന്ന അപകടസാധ്യതയുള്ളതും കുറഞ്ഞുവരുന്നതുമായ തൊഴിലുകളിൽ നിന്ന് നിരവധി തൊഴിലാളികളെ യാതൊരു ദാക്ഷിണ്യവുമില്ലാതെ മാറ്റിനിർത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു.
അഡ്‌മിനിസ്ട്രേറ്റീവ്, സെക്രട്ടേറിയൽ, കസ്‌റ്റമർ സർവീസ്, ട്രേഡിംഗ്, മെഷീൻ ഓപ്പറേഷൻ തുടങ്ങിയ മേഖലകളാണ് ഈ മാറ്റത്തിന് ഏറ്റവും കൂടുതൽ ഇരയാകാൻ സാധ്യതയുള്ളത്. പഠന റിപ്പോർട്ട് അനുസരിച്ച്, എഐ യുടെ വ്യാപനം അടുത്തിടെയായി വളരെ വേഗത്തിലായിട്ടുണ്ട്. തൊഴിൽ വിപണിയിലെ മാറ്റങ്ങൾ മുൻപ് പ്രവചിച്ചതിനേക്കാൾ മൂന്നിരട്ടി വേഗത്തിലാണ് ഇപ്പോൾ സംഭവിക്കുന്നത്.
മറുവശത്ത്, സാങ്കേതികവിദ്യ ഉത്പാദനക്ഷമത വർധിപ്പിക്കുകയും തൊഴിൽഭാരം കൂട്ടുകയും ചെയ്യുന്നതിനാൽ, എഞ്ചിനീയർമാർ, ശാസ്ത്രജ്ഞർ, അദ്ധ്യാപകർ തുടങ്ങിയ ഉയർന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്ക് അടുത്ത പത്ത് വർഷം കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നും പഠന റിപ്പോർട്ട് അവകാശപ്പെടുന്നു.
അടുത്ത പത്ത് വർഷത്തിനുള്ളിൽ ഏകദേശം 2.3 ദശലക്ഷം പുതിയ തൊഴിലവസരങ്ങൾ എഐ സൃഷ്‌ടിക്കുമെന്ന് പഠനം പ്രവചിക്കുന്നുണ്ടെങ്കിലും, ഈ അവസരങ്ങളിൽ ഭൂരിഭാഗവും ശാസ്ത്രം, എഞ്ചിനീയറിംഗ്, നിയമം തുടങ്ങിയ ഉയർന്ന വൈദഗ്ധ്യമുള്ള മേഖലകളിൽ മാത്രമായിരിക്കും. അതിനർത്ഥം സാധാരണ തൊഴിലാളികൾ കൂടുതലായി ഇതിൽ ബാധിക്കപ്പെട്ടേക്കും.
ഉയർന്നതും കുറഞ്ഞതുമായ വൈദഗ്ധ്യമുള്ള തൊഴിലാളികൾ തമ്മിലുള്ള ഈ അസമത്വം, ഈ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാത്ത ദശലക്ഷക്കണക്കിന് ആളുകളെ തൊഴിൽ രഹിതരാക്കാൻ സാധ്യതയുണ്ട്. ഇത് വരാനിരിക്കുന്ന എഐ വിപ്ലവം എങ്ങനെ തൊഴിലാളികളെ ബാധിക്കുമെന്ന ചോദ്യം ഉയർത്തുന്നതാണ്. 2035 ആവുമ്പഴേക്കും എഐ മൂലം 3 ദശലക്ഷം പേർക്ക് ജോലി നഷ്‌ടമായേക്കും എന്നാണ് വിലയിരുത്തൽ.
ഭാവിയിലെ തൊഴിൽ ശക്തിക്ക് നിർണായകമാകുന്ന ആറ് അത്യാവശ്യ തൊഴിൽ കഴിവുകളെ കുറിച്ച് റിപ്പോർട്ട് എടുത്തുപറയുന്നു. സഹകരണം, ആശയവിനിമയം, സൃഷ്‌ടിപരമായ ചിന്ത, വിവര സാക്ഷരത, സംഘാടനവും ആസൂത്രണവും, പ്രശ്‌നപരിഹാരം എന്നിവയാണവ. തൊഴിലാളികളെ കൂടുതൽ പരിശീലിപ്പിക്കുന്നതിന് ഉടനടി ഇടപെടൽ നടത്തിയില്ലെങ്കിൽ, കാലക്രമേണ ഈ മാറ്റം കൂടുതൽ ബുദ്ധിമുട്ടായിത്തീരുമെന്ന് പഠനം വ്യക്തമാക്കുന്നു.












Click it and Unblock the Notifications