സിബിഎസ്ഇ സ്‌കൂളുകളിൽ മൂന്നാം ക്ലാസ് മുതൽ എഐ വിദ്യാഭ്യാസം ആരംഭിക്കും; മാറ്റം 2026-27 അധ്യയന വർഷത്തിൽ
ന്യൂഡൽഹി: ഇന്ത്യയിലെ സ്‌കൂൾ പാഠ്യപദ്ധതിയുടെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉടൻ ഉൾപ്പെടുത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്. 2026-27 അക്കാദമിക് സെഷൻ തൊട്ട് മൂന്നാം ക്ലാസ് മുതൽ എല്ലാ വിദ്യാർത്ഥികൾക്കും വേണ്ടിയുള്ള സിലബസിലാണ് മാറ്റം വരിക. മാറിയ കാലത്തെ മാറ്റത്തിന്റെ ചുവടുപിടിച്ച് വിദ്യാഭ്യാസ മേഖലയെ കൂടി പരിഷ്‌കരിക്കാനാണ് ഇതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്.
സാങ്കേതികവിദ്യ നയിക്കുന്ന ഭാവിയിലേക്ക് വിദ്യാർത്ഥികളെയും അധ്യാപകരെയും സജ്ജമാക്കുന്നതിനായി സ്‌കൂൾ വിദ്യാഭ്യാസത്തിൽ എഐ സംയോജിപ്പിക്കുന്നതിനുള്ള സമഗ്രമായ ഒരു ചട്ടക്കൂട് നിലവിൽ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം തന്നെ അറിയിച്ചു. ഇത് ഭാവിയെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തൽ.

'അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ വിദ്യാർത്ഥികളെയും അധ്യാപകരെയും ഈ സാങ്കേതികവിദ്യയുമായി ശരിയായി യോജിപ്പിക്കുന്നതിന് നാം വേഗത്തിൽ നീങ്ങേണ്ടതുണ്ട്. രാജ്യത്തുടനീളമുള്ള ഒരു കോടിയിലധികം അധ്യാപകരിലേക്ക് എത്തിച്ചേരുകയും അവരെ എഐ അനുബന്ധ വിദ്യാഭ്യാസത്തിലേക്ക് നയിക്കുകയും ചെയ്യുക എന്നതാണ് വെല്ലുവിളി' സ്‌കൂൾ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാറിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്‌തു.
'സിബിഎസ്ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ) എല്ലാ ഗ്രേഡുകളിലും എഐ സംയോജനത്തിനുള്ള ചട്ടക്കൂട് വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവിയെ കൊണ്ട് മുന്നിൽ കണ്ടുകൊണ്ടായിരിക്കും ഈ നയങ്ങൾ രൂപീകരിക്കുക എന്നുറപ്പാണ്. അടുത്ത അധ്യയന വർഷത്തിന് ഇനി മാസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്.
'പാഠ്യപദ്ധതികൾ തയ്യാറാക്കാൻ എഐ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനുള്ള ഒരു പൈലറ്റ് പ്രോജക്റ്റ് ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയ്ക്കായി പഠിതാവിനെയും അധ്യാപകനെയും സജ്ജമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം' സഞ്ജയ് കുമാർ പറഞ്ഞു. നിലവിൽ, സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്‌തിട്ടുള്ള 18,000-ത്തിലധികം സ്‌കൂളുകൾ ആറാം ക്ലാസ് മുതൽ 15 മണിക്കൂർ മൊഡ്യൂൾ വരെ വിദ്യാർത്ഥികൾക്ക് നൈപുണ്യ വിഷയമായി എഐ വാഗ്‌ദാനം ചെയ്യുന്നുണ്ട്.
എന്നാൽ 9 മുതൽ 12 വരെയുള്ള ക്ലാസുകൾക്ക് ഇത് ഒരു ഓപ്ഷണൽ വിഷയമായി നേരത്തെ തന്നെ നിലവിലുണ്ട്. ഇനി മുതൽ മൂന്നാം ക്ലാസ് തൊട്ടുള്ള വിദ്യാർത്ഥികൾക്ക് ഇത് പഠനവിഷയമായി മാറുമെന്നതാണ് വരാനിരിക്കുന്ന പ്രധാന മാറ്റം. ചെറുപ്പം മുതലേ വിദ്യാർത്ഥികളെ ഡിജിറ്റൽ സാക്ഷരതയും ഭാവിക്ക് അനുയോജ്യമായ കഴിവുകളും കൊണ്ട് സജ്ജരാക്കുന്നതിനുള്ള നയത്തിന്റെ ഭാഗം കൂടിയാണ് ഈ നീക്കം.
നടപടിയുടെ അടിയന്തിരാവസ്ഥ ഊന്നിപ്പറഞ്ഞുകൊണ്ട്, എഐ സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ ഭാവി ഗവൺമെന്റ്, വ്യവസായം, അക്കാദമിക് മേഖല എന്നിവ തമ്മിലുള്ള ഏകോപിത നേതൃത്വത്തെയും സുസ്ഥിര സഹകരണത്തെയും ആശ്രയിച്ചിരിക്കുമെന്ന് നീതി ആയോഗ് റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം കൂടി ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications